1 Feb 2024 2:23 PM IST
Summary
- 2023-24 ബജറ്റില്‍ റെയില്‍വേയ്ക്കായി 2.4 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്
- ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് 1.2 % ഇടിഞ്ഞു
- റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 2.6 % ഇടിഞ്ഞു
ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ റെയില്‍ ഓഹരികള്‍ ഇടിഞ്ഞു.
റെയില്‍ മേഖലയ്ക്കുള്ള വിഹിതം വര്‍ധിപ്പിച്ചതായി ബജറ്റില്‍ മന്ത്രിയുടെ പ്രഖ്യാപനമുണ്ടായിരുന്നു.
റെയില്‍വേ, അടിസ്ഥാനസൗകര്യം മേഖലകള്‍ക്കുള്ള വിഹിതം ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ജനുവരി മാസത്തില്‍ റെയില്‍ ഓഹരികള്‍ ഉയര്‍ന്ന നിലയിലാണു വ്യാപാരം നടത്തിയത്. എന്നാല്‍ ബജറ്റിനു ശേഷം റെയില്‍ ഓഹരിയില്‍ ഇടിവുണ്ടായി.
റെയില്‍ വികാസ് നിഗം (ആര്‍വിഎന്‍എല്‍) 1.24 ശതമാനവും
ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി), ഇര്‍ക്കോണ്‍ ഇന്റര്‍നാഷണല്‍ എന്നിവ 1.5 ശതമാനവും
റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 2.6 ശതമാനവും
ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് 1.2 ശതമാനവും ഇടിഞ്ഞു.
ഐആര്‍എഫ്‌സി ഓഹരികളും തകര്‍ച്ചയിലാണ്.
40,000 സാധാരണ ബോഗികള്‍ വന്ദേഭാരതിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്താനും, മെട്രോ റെയില്‍, നമോ ഭാരത് എന്നിവ കൂടുതല്‍ നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനുമുള്ള പദ്ധതികള്‍ ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ, മൂന്ന് പ്രധാന റെയില്‍വേ ഇടനാഴികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഊര്‍ജ്ജ, ധാതു, സിമന്റ് ഇടനാഴിയാണ് ഒന്ന്. തുറമുഖ കണക്റ്റിവിറ്റിക്കായുള്ള ഇടനാഴിയാണ് രണ്ട്. ഉയര്‍ന്ന തോതിലുള്ള ചരക്കുനീക്കവും യാത്രയും നടക്കുന്ന ഹൈ ട്രാഫിക് ഡെന്‍സിറ്റി ഇടനാഴിയാണു മൂന്നാമത്തേത്.
2023-24 ബജറ്റില്‍ റെയില്‍വേയ്ക്കായി 2.4 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്.