11 Sept 2023 10:13 AM
Summary
- കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെയില്‍വേ ഓഹരികള്‍ ശക്തമായ മുന്നേറ്റമാണു നടത്തുന്നത്
- റെയില്‍ ഓഹരികളിലെ കുതിച്ചുചാട്ടം ഒരു തുടക്കം മാത്രമാണെന്നും അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ അവ തുടരാന്‍ സാധ്യതയുണ്ടെന്നുമാണു റിപ്പോര്‍ട്ട്
ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ സെപ്റ്റംബര്‍ 9-ന് മിഡില്‍ ഈസ്റ്റിനെയും ദക്ഷിണേഷ്യയെയും ബന്ധിപ്പിക്കുന്ന ബഹുരാഷ്ട്ര റെയില്‍, തുറമുഖ പദ്ധതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റെയില്‍, ഷിപ്പിംഗ് ഓഹരികള്‍ സെപ്റ്റംബര്‍ 11-ന് വ്യാപാരത്തിനിടെ മുന്നേറി.
റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍), ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ്, ജൂപ്പിറ്റര്‍ വാഗണ്‍സ്, ടെക്സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനീയറിങ്, ഐആര്‍സിടിസി, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ആര്‍ഐടിഇഎസ് എന്നിവയുടെ ഓഹരികള്‍ 2 മുതല്‍ 14 ശതമാനം വരെ ഉയര്‍ന്നു.
ഇര്‍കോണ്‍ ഇന്റര്‍നാഷണലിന്റെ ഓഹരി 19.3 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 159.25 രൂപയിലെത്തി. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്റെ ഓഹരി വില 10 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 84.76 രൂപയിലെത്തി.
ആര്‍വിഎന്‍എല്ലിന്റെ ഓഹരികള്‍ 191.40 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. റെയില്‍ടെല്‍ ബിഎസ്ഇയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 251.50 രൂപയിലുമെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെയില്‍വേ ഓഹരികള്‍ ശക്തമായ മുന്നേറ്റമാണു നടത്തുന്നത്. സെപ്റ്റംബറില്‍ ഇതുവരെയായി റെയില്‍വേ ഓഹരികള്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
ഇര്‍കോണ്‍ 38 ശതമാനവും, റെയില്‍വികാസ് നിഗം 41 ശതമാനവും, ഐആര്‍എഫ്‌സി 68 ശതമാനവും മുന്നേറ്റം നടത്തി.
പ്രതിരോധ, റെയില്‍ ഓഹരികളിലെ സമീപകാല കുതിച്ചുചാട്ടം ഒരു തുടക്കം മാത്രമാണെന്നും അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ അവ തുടരാന്‍ സാധ്യതയുണ്ടെന്നുമാണു മാര്‍ക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.
മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ്, റെയില്‍ പാതയാണ്ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്. ഷിപ്പിംഗ് ഓഹരികളില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബിഎസ്ഇയില്‍ 1.71 ശതമാനം ഉയര്‍ന്ന് 1,229.95 രൂപയിലും ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എന്‍ജിനീയേഴ്‌സ് ഒരു ശതമാനം ഉയര്‍ന്ന് 893.70 രൂപയിലുമാണ് വ്യാപാരം നടത്തിയത്.
മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരിയും ബിഎസ്ഇയില്‍ 4.33 ശതമാനം ഉയര്‍ന്ന് 2,305.05 രൂപയിലെത്തിയിരുന്നു.