14 Jan 2024 6:01 AM GMT
പാദ ഫലങ്ങള്‍, ആഗോള സൂചനകള്‍; വരുന്ന വാരത്തില്‍ ദലാല്‍ തെരുവിനെ സ്വാധീനിക്കുന്നത്
MyFin Desk
Summary
- ചെങ്കടലിലെ പ്രതിസന്ധി ട്രേഡര്‍മാര്‍ നിരീക്ഷിക്കും
- 200ഓളം കമ്പനികളുടെ റിസള്‍ട്ട് പ്രഖ്യാപനം ഈയാഴ്ച
- എഫ്ഐഐകള്‍ അറ്റവില്‍പ്പനക്കാര്‍
ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും രണ്ടാഴ്ച നീണ്ട ഏകീകരണ ഘട്ടം അവസാനിപ്പിച്ച് വെള്ളിയാഴ്ച പുതിയ സര്‍വകാല ഉയരങ്ങളിലേക്ക് നീങ്ങി. പ്രതിവാര അടിസ്ഥാനത്തിൽ, ബിഎസ്ഇ ബെഞ്ച്മാർക്ക് 542.3 പോയിന്റ് അല്ലെങ്കിൽ 0.75 ശതമാനം ഉയർന്നു, നിഫ്റ്റി-50 183.75 പോയിന്റ് അല്ലെങ്കിൽ 0.84 ശതമാനം ഉയർന്നു. 22,000 എന്ന നാഴികക്കല്ലില്ലേക്ക് 100 പോയിന്‍റ് മാത്രം അകലെയാണ് നിഫ്റ്റി.
വെള്ളിയാഴ്ച ഐടി സൂചിക 5.14 ശതമാനം ഉയർന്ന്, 2020 ഒക്ടോബർ 8 ന് ശേഷമുള്ള ഏറ്റവും മികച്ച സെഷൻ രേഖപ്പെടുത്തി, 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മാർക്കറ്റ് ലീഡർമാരായ ഇൻഫോസിസും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഈ മുന്നേറ്റത്തെ നയിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദ ഫലങ്ങള്‍, ആഭ്യന്തര-ആഗോള സാമ്പത്തിക ഡാറ്റകള്‍, പ്രാഥമിക വിപണി പ്രവർത്തനം, വിദേശ മൂലധന വരവ്, ക്രൂഡ് ഓയിൽ വില തുടങ്ങിയവയിലാണ് വരുന്ന വാരത്തില്‍ ആഭ്യന്തര വിപണിയിലെ ചലനങ്ങള്‍ക്കായി നിക്ഷേപകര്‍ ശ്രദ്ധവെക്കുക.
മൂന്നാംപാദ ഫലങ്ങള്‍
നടന്നുകൊണ്ടിരിക്കുന്ന മൂന്നാം പാദ റിസള്‍ട്ട് പ്രഖ്യാപനങ്ങളാകും ഈയാഴ്ചക്കെ വിപണി ചലനങ്ങളെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഘടകം. ഫെഡറൽ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രാടെക് സിമന്റ് തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ വരും ആഴ്ചയിൽ തങ്ങളുടെ ത്രൈമാസ നമ്പറുകൾ പ്രഖ്യാപിക്കും. ഏകദേശം 200 കമ്പനികളാണ് ഈ വാരത്തില്‍ വരുമാന പ്രഖ്യാപനങ്ങളുമായി വരുന്നത്.
സാമ്പത്തിക ഡാറ്റകള്‍
വെള്ളിയാഴ്ച വ്യാപാര മണിക്കൂറുകള്‍ക്കു ശേഷം ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നു. 6 ശതമാനത്തിനടുക്ക് വിലക്കയറ്റം ഡിസംബറില്‍ ഉണ്ടാകുമെന്നായിരുന്നു മിക്ക സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചിരുന്നത് എങ്കിലും ഔദ്യോഗിക ഡാറ്റ പ്രകാരം സിപിഐ 5.64ല്‍ ഒതുങ്ങി. എങ്കിലും നവംബറിലെ 5 .4 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം ഉയര്‍ന്നു.
ഡിസംബറിലെ മൊത്തവില സൂചിക അനുസരിച്ചുള്ള വിലക്കയറ്റ കണക്ക് ജനുവരി 15-ന് പുറത്തുവിടും. വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത് ഡബ്ല്യുപിഐ പണപ്പെരുപ്പം ഡിസംബറിലും വർദ്ധിക്കുമെന്നാണ്, നവംബറില്‍ എട്ടുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 0.26 ശതമാനത്തിലേക്ക് മൊത്തവില പണപ്പെരുപ്പം എത്തിയിരുന്നു.
ഡിസംബറിലെ പാസഞ്ചർ വാഹന വിൽപ്പനയുടെ കൃത്യമായ കണക്കുകളും ഇറക്കുമതിയുടെയും കയറ്റുമതിയുടെയും കണക്കുകളും ജനുവരി 15ന് പുറത്തുവരും. അതേസമയം വിദേശ നാണയ ശേഖരം സംബന്ധിച്ച ഡാറ്റ ജനുവരി 19 ന് പുറത്തുവിടും.
കൂടാതെ ചൈനയുടെ ജിഡിപി കണക്ക്, ചൈനയുടെയും യുഎസിന്‍റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഡിസംബറിലെ റീട്ടെയില്‍ വില്‍പ്പന കണക്കുകള്‍ എന്നിവയിലും നിക്ഷേപകര്‍ ശ്രദ്ധവെക്കും.
ചെങ്കടലിലെ പ്രതിസന്ധി
ആഗോള നിക്ഷേപകർ ചെങ്കടലുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരേ ഹൂതി വിമതർ നടത്തിയ ആക്രമണത്തിന് മറുപടിയായി, ജനുവരി 11ന് ഹൂതികൾക്കെതിരെ അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും നിരവധി വ്യോമാക്രമണങ്ങൾ നടത്തി. ഇത് ഇസ്രായേൽ പലസ്തീനില്‍ തുടരുന്ന യുദ്ധം മിഡില്‍ ഈസ്റ്റിലെ കൂടുതല്‍ മേഖലകളിലേക്ക് പരക്കുന്നുവെന്ന് ആശങ്ക ഉയര്‍ത്തി.
യുഎസിന്റെയും യുകെയുടെയും വ്യോമാക്രമണത്തിന് ശേഷം, ലോകത്തിലെ നിരവധി പ്രമുഖ ടാങ്കർ കമ്പനികൾ ജനുവരി 12 ന്, സംയുക്ത മാരിടൈം ഫോഴ്‌സിന്റെ ഉപദേശത്തിന് അനുസൃതമായി ചെങ്കടലിലൂടെയുള്ള ഗതാഗതം നിർത്തി.
എണ്ണ വിലയുടെ പോക്ക്
ചെങ്കടൽ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതോടെ എല്ലാ ശ്രദ്ധയും എണ്ണ വിലയിലായിരിക്കും. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ വെള്ളിയാഴ്ച 78.29 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ എണ്ണവിലയെ പിന്തുണയ്‌ക്കുമെന്ന് വിദഗ്ധർ കരുതുന്നു. ഇന്‍ട്രാഡേയില്‍ വെള്ളിയാഴ്ച വില 80 ഡോളറിന് മുകളിലേക്ക് പോയി.
ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വിതരണത്തിന് വില കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയില്‍ ക്രൂഡ് വിലയ്ക്ക് തിരിച്ചടിയായിരുന്നു. ചൈനയിലെ ആവശ്യകത സംബന്ധിച്ച ആശങ്കകളും എണ്ണവിലയ്ക്ക് പ്രതികൂലമാണ്.
വിദേശ നിക്ഷേപങ്ങളുടെ ഗതി
ഡിസംബറിലെ കാര്യമായ വാങ്ങലിനുശേഷം, ഇന്ത്യൻ ഇക്വിറ്റികളിലേക്കുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ ഒഴുക്ക് ചുവപ്പിലേക്ക് നീങ്ങി. 10 വർഷ യുഎസ് ബോണ്ടുകളിലെ ആദായം ഉയര്‍ന്നതാകാം ഇതിന് കാരണം.
ജനുവരി 12ന് അവസാനിച്ച ആഴ്‌ചയിൽ എഫ്‌ഐഐകൾ 3,900 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, നടപ്പ് മാസത്തിൽ, അവരുടെ അറ്റ വിൽപ്പന ക്യാഷ് സെഗ്‌മെന്റിൽ 600 കോടി രൂപയിൽ അൽപ്പം കൂടുതലാണ്. യുഎസ് 10 വർഷത്തെ ട്രഷറി ആദായം ആഴ്ചയിൽ 4 ശതമാനത്തിന് മുകളിൽ ഉയർന്നെങ്കിലും വെള്ളിയാഴ്ച 3.94 ശതമാനത്തിൽ അവസാനിച്ചു.
ആഭ്യന്തര സ്ഥാപന നിക്ഷേപകരും ഈ മാസം ഇതുവരെയുള്ള കണക്കില്‍ 438 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായിരുന്നു, എന്നാൽ കഴിഞ്ഞ ആഴ്‌ചയിൽ അവർ ക്യാഷ് സെഗ്‌മെന്റിൽ 6,858 കോടി രൂപയുടെ ശക്തമായ വാങ്ങൽ നടത്തി വിപണിയെ പുതിയ ഉയരത്തിലെത്താൻ സഹായിച്ചു.