9 April 2024 11:00 AM GMT
Summary
- നിഫ്റ്റി മെറ്റൽ, റിയൽറ്റി, ബാങ്ക്, ഐടി സൂചികകൾ നേട്ടത്തിലെത്തി
- 240 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
- നിക്ഷേപകർ ലാഭമെടുത്തത് വിപണിയുടെ ഇടിവിന് കാരണമായി
റെക്കോർഡ് ഉയരങ്ങളിൽ വ്യാപാരം ആരംഭിച്ച ആഭ്യന്തര സൂചികകൾക്ക് ചുവപ്പിൽ അവസാനം. ഇന്ത്യയുടേയും യുഎസിൻ്റെയും പ്രധാന പണപ്പെരുപ്പ കണക്കുകൾ പുറത്തുവരുന്നതിന് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്തത് വിപണിയുടെ ഇടിവിന് കാരണമായി.
സെൻസെക്‌സ് 58.80 പോയിൻ്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 74,683.70 ലാണ് വ്യപാരം അവസാനിപ്പിച്ചത്. തുടക്ക വ്യാപാരത്തിൽ സൂചിക 381.78 പോയിൻ്റ് ഉയർന്ന് 75,124.28 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലെത്തിയിരുന്നു. നിഫ്റ്റി 23.55 പോയിൻ്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 22,642.75 ൽ ക്ലോസ് ചെയ്തു.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, നെസ്‌ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിൻ്റ്‌സ്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻ്റ്, വിപ്രോ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ, റിയൽറ്റി, ബാങ്ക്, ഐടി സൂചികകൾ നേട്ടത്തിലെത്തി. നിഫ്റ്റി എനർജി, ഓട്ടോ, ഫാർമാ സൂചികകൾ ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 41,172.56 എന്ന പുതിയ റെക്കോഡിൽ എത്തിയ ശേഷം 0.47 ശതമാനം താഴ്ന്ന് 40,746.60 ൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.15 ശതമാനം ഇടിഞ്ഞു.
ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, എൻടിപിസി, ടാറ്റ സ്റ്റീൽ, ബിഇഎൽ, ഡിമാർട്ട്, ഗെയിൽ, ഇൻഡിഗോ, നൗക്രി, ടാറ്റ പവർ, വേദാന്ത, സൊമാറ്റോ എന്നിവയുൾപ്പെടെ 240 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിയോൾ ഇടിവിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമാണ് നടന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 684.68 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 90.54 ഡോളറിലെത്തി.
സെൻസെക്സ് 494.28 പോയിൻ്റ് അഥവാ 0.67 ശതമാനം ഉയർന്ന് 74,742.50 ലും നിഫ്റ്റി 152.60 പോയിൻ്റ് അഥവാ 0.68 ശതമാനം ഉയർന്ന് 22,666.30 ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.