14 Dec 2023 7:11 AM GMT
Summary
- എച്ച്സിഎൽ ടെക് 52 ആഴ്ചയിലെ ഉയര്‍ച്ചയില്‍ എത്തി
- ഏറ്റവും നേട്ടം കൊയ്യുക ഐടി വമ്പന്‍മാരെന്ന് വിദഗ്ധര്‍
- ഫെഡ് നിരക്ക് കുറയുന്നത് ഇന്ത്യന്‍ ഐടി കമ്പനികളുടെ ബിസിനസ് ഉയര്‍ത്തുമെന്ന് പ്രതീക്ഷ
ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നടത്തുന്ന വന്‍ കുതിപ്പിന് ഏറ്റവുമധികം ഇന്ധനം പകര്‍ന്നത് ഐടി ഓഹരികള്‍. ഉച്ചയ്ക്ക് 12.11നുള്ള വിവരം അനുസരിച്ച് 3.06 ശതമാനം നേട്ടമാണ് നിഫ്റ്റി ഐടിക്കുള്ളത്. ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത്. ടെക് മഹീന്ദ്ര ഓഹരികള്‍ 3.5 ശതമാനം വരെ കയറി. എച്ച്സിഎൽ ടെക് ഏകദേശം 3 ശതമാനം ഉയര്‍ന്ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,419.25 രൂപയിൽ എത്തി.
ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ ടിസിഎസിന്‍റെ ഓഹരി വില 2 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,698.40 രൂപയ്ക്ക് അടുത്തെത്തി, ഇൻഫോസിസ് ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്നു. സിയന്റ് ഓഹരികൾ 4.50 ശതമാനത്തോളം ഉയർന്നപ്പോൾ കെപിഐടി ടെക്നോളജീസ് ഓഹരി വില 1.50 ശതമാനത്തോളം ഉയർന്നു.
ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഐടി വമ്പന്‍മാരില്‍
യുഎസിലെ സാമ്പത്തിക പ്രഖ്യാപനങ്ങളില്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെടുന്ന ആഭ്യന്തര ഓഹരികള്‍ ഐടി മേഖലയില്‍ നിന്നുള്ളതാകും എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 2024-ൽ മൂന്ന് ക്വാര്‍ട്ടര്‍ പോയിന്‍റ് നിരക്ക് കുറയ്ക്കുമെന്ന സൂചന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നൽകിയിട്ടുണ്ട്.
ഫെഡ് റിസര്‍വിന്‍റെ ഈ നിലപാട്, വരാനിരിക്കുന്ന എംപിസി മീറ്റിംഗിൽ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർബിഐ) പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതിനാൽ, വളർച്ചാ ഓഹരികൾ ഓഹരി വിപണി നിക്ഷേപകരുടെ പരിഗണനയിലേക്ക് വരുകയാണ്. ഇതാണ് ഐടി ഓഹരികളില്‍ ഇന്ന് കാണുന്ന വാങ്ങൽ താൽപ്പര്യത്തിന് പ്രധാന കാരണം.
"യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുന്നത് യുഎസ് ഡോളറിന്മേൽ സമ്മർദ്ദം ചെലുത്തും. ഇത് മികച്ച സാമ്പത്തിക ഡാറ്റയായി ഇന്ത്യൻ ഐടി കമ്പനികളുടെ ബിസിനസ്സ് വോളിയം വർദ്ധിപ്പിക്കും, " പ്രോഫിറ്റ്മാർട്ട് സെക്യൂരിറ്റീസ് റിസർച്ച് മേധാവി അവിനാഷ് ഗോരക്ഷകർ പറഞ്ഞു. പലിശ നിരക്ക് ചക്രം മാറുന്നതിന്റെ പ്രധാന ഗുണഭോക്താവ് തുടക്കത്തിൽ ഐടി മേഖലയിലെ വമ്പന്‍മാരായിരിക്കും എന്ന് ഓഹരി വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ, സ്മോൾ ക്യാപ് ഐടി സ്റ്റോക്കുകൾക്ക് പകരം ഐടി ലാര്‍ജ് ക്യാപുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.