image

10 Nov 2023 2:25 AM GMT

Stock Market Updates

നിരക്ക് കൂട്ടാന്‍ മടിക്കില്ലെന്ന് പവ്വല്‍, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

latest stock market expectation
X

Summary

  • മൂന്ന് യുഎസ് വിപണികളും ഇടിവില്‍
  • യുഎസ് ട്രഷറി ആദായം ഉയര്‍ന്നു
  • ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ഇടിവില്‍


ഇന്നലെയും റേഞ്ച് ബൗണ്ടിനകത്തെ കയറ്റിറക്കങ്ങളുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ മുന്നേറിയത്. ഇന്നും ഈ പ്രവണത തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. ഇന്നലത്തെ വ്യാപാരത്തില്‍ നിഫ്റ്റി 48 പോയിന്റ് ഇടിഞ്ഞ് 19,395 ൽ എത്തി, ബിഎസ്‌ഇ സെൻസെക്‌സ് 143 പോയിന്റ് ഇടിഞ്ഞ് 64,832 ലെത്തി. എന്നിരുന്നാലും, നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക തുടർച്ചയായ ആറാം സെഷനിലും 0.2 ശതമാനം ഉയർന്ന് മുന്നേറ്റം തുടർന്നു, എന്നാൽ നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക അഞ്ച് ദിവസത്തെ നേട്ടം അവസാനിപ്പിച്ച്, 0.24 ശതമാനം ഇടിഞ്ഞു.

ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ആഗോള തലത്തില്‍ നിക്ഷേപകരെ സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകം. യുഎസ് ഫെഡ് റിസര്‌വ് ചെയര്‍ ജെറോം പവ്വല്‍ അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ്. അനിവാര്യമെങ്കില്‍ ഇനിയും പലിശ നിരക്ക് ഉയര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ ശ്രദ്ധാപൂർവം നീങ്ങുന്നത് തുടരും, കുറച്ച് മാസത്തെ നല്ല ഡാറ്റ വഴിതെറ്റിക്കാതിരിക്കുന്നതിനും നയം അമിതമായി മുറുക്കുന്നതിലെ അപകട സാധ്യതകള്‍ പരിശോധിക്കുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു,” പവ്വല്‍ പറഞ്ഞു. വിലക്കയറ്റം താഴേക്ക് വന്നിട്ടുണ്ടെങ്കിലും ഫെഡ് റിസര്‍വ് ലക്ഷ്യമിടുന്ന 2 ശതമാനമെന്ന ലക്ഷ്യത്തിന് ഏറെ മുകളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പവ്വലിന്‍റെ പ്രസംഗത്തിന് പിന്നാലെ ആഗോള വിപണികളില്‍ നെഗറ്റിവ് പ്രവണത പ്രകടമാകുന്നുണ്ട്. പവ്വലിന്‍റെ പ്രസംഗത്തിനു പിന്നാലെ യുഎസ് ട്രഷറി ആദായവും ഡോളര്‍ സൂചികയും ഉയര്‍ന്നു.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയിലെ ഷാങ്ഹായ്, ജപ്പാനിലെ നിക്കി, ഹോംഗ്കോംഗിലെ ഹാങ്സെങ്, ദക്ഷിണ കൊറിയയിലെ കോസ്പിയും കോസ്‍ഡാക്കും തുടങ്ങിയ വിപണികളെല്ലാം ഇടിവിലാണ്. യൂറോപ്യന്‍വിപണികള്‍ ഇന്നലെ പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവ്വലിന്‍റെ പ്രസംഗത്തിന് പിന്നാലെ യുഎസ് സ്‍റ്റോക്കുകള്‍ ഇടിവിലേക്ക് നീങ്ങുകയും ട്രഷറി ആദായം ഉയരുകയും ചെയ്തു. വ്യാഴാഴ്ച വ്യാപാരത്തില്‍ ഡൗ ജോൺസ് ഇന്‍റസ്ട്രിയല്‍ ആവറേജ് 0.65 ശതമാനവും എസ് & പി 500 0.81 ശതമാനവും നാസ്‍ഡാക്ക് കോമ്പോസിറ്റ് 0.94 ശതമാനവും താഴ്ന്നു. 10 വർഷത്തെ ട്രഷറി വരുമാനം 12.8 ബേസിസ് പോയിൻറ് ഉയർന്ന് 4.636% ആയി. ഡോളർ സൂചിക 0.10 ശതമാനം ഉയർന്ന് 105.70 ൽ വ്യാപാരം നടത്തി.

ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ് വ്യാപാരം തുടരുന്നത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും നെഗറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.

നിഫ്‍റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,380ലും തുടർന്ന് 19,360 ലും 19,327 ലും സപ്പോര്‍ട്ട് നേടിയേക്കാമെന്നാണ് വിലയിരുത്തല്‍. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,445 പെട്ടെന്നുള്ള റെസിസ്റ്റന്‍സാകാം, തുടര്‍ന്ന് 19,465ഉം 19,498ഉം.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: ഈ സ്‍മാള്‍ ഫിനാൻസ് ബാങ്കിന്‍റെ ഓഹരികൾ ഇന്ന് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യും. അവസാന ഇഷ്യൂ വില ഒരു ഷെയറിന് 60 രൂപയായി നിശ്ചയിച്ചു. നവംബർ 9 ആയിരുന്നു ഓഹരികൾ അനുവദിച്ച തീയതി.

ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ സെക്യൂരിറ്റീസിനെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഐസിഐസിഐ ബാങ്കിന് അനുമതി ലഭിച്ചു. ആവശ്യമായ ക്രമീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഇക്വിറ്റി ഷെയറുകൾ ഡീലിസ്റ്റ് ചെയ്യുന്നതിനാണ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്.

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് (സീ): സെപ്റ്റംബര്‍ പാദത്തിലെ ഏകീകൃത ലാഭം 9 ശതമാനം വാര്‍ഷിക വളര്‍ച്ചയാടെ 123 കോടി രൂപയായി. വരുമാനം മികച്ച വളര്‍ച്ച പ്രകടമാക്കിയെങ്കിലും ദുർബലമായ പ്രവർത്തന മാർജിൻ പ്രകടനത്തെ സ്വാധീനിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 20.5 ശതമാനം വർധിച്ച് 2,437.8 കോടി രൂപയായി.

മുത്തൂറ്റ് ഫിനാൻസ്: ജൂലൈ-സെപ്റ്റംബർ കാലയളവിലെ ലാഭം 14.3 ശതമാനം വാര്‍ഷിക വളർച്ചയോടെ 991 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ അറ്റ ​​പലിശ വരുമാനം 1,858.4 കോടി രൂപയാണ്, മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 18.2 ശതമാനം വർധനയാണിത്.

അരബിന്ദോ ഫാർമ: ജൂലൈ-സെപ്റ്റംബർ കാലയളവിലെ ഏകീകൃത ലാഭം 85 ശതമാനം വാര്‍ഷിക വളർച്ച നേടി 757.2 കോടി രൂപയായി. പ്രവർത്തന വരുമാനം 25.8 ശതമാനം വർധിച്ച് 7,219.4 കോടി രൂപയായി. യുഎസ് ഫോർമുലേഷനുകൾ (പ്യൂർട്ടോ റിക്കോ ഒഴികെ) 35.7 ശതമാനവും യൂറോപ്പ് ഫോർമുലേഷൻ 16.7 ശതമാനവും ഉയര്‍ന്നു. വളരുന്ന വിപണികളില്‍ 24.7 ശതമാനം വളര്‍ച്ചയാണ് പ്രകടമായത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

ചൈനയിലെയും യുഎസിലെയും എണ്ണ ആവശ്യകത സംബന്ധിച്ച് നിക്ഷേപകര്‍ കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തുന്നതിനിടെ വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 42 സെന്‍റ് അഥവാ 0.5 ശതമാനം ഉയർന്ന് ബാരലിന് 79.96 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 36 സെന്റ് അഥവാ 0.5 ശതമാനം ഉയർന്ന് ബാരലിന് 75.69 ഡോളറിലെത്തി.

സ്വര്‍ണവില വ്യാഴാഴ്ച പിന്നെയും താഴ്ന്നു. സ്‌പോട്ട് ഗോൾഡ് 0.1% ഔൺസിന് 1,948.39 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞ് 1,953.50 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,712.33 കോടി രൂപയുടെ അറ്റ വില്‍പ്പന ഇന്നലെ ഓഹരികളില്‍ നടത്തി, അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1,512.14 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം