11 Oct 2023 2:25 AM GMT
പോസിറ്റിവ് ട്രെന്‍ഡ് തുടരുന്നു; പാദഫലങ്ങള്‍ നിര്‍ണായകം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഫെഡ് റിസര്‍വ് പണനയ സമിതിയുടെ മിനുറ്റ്സ് ഇന്ന് പുറത്തിറങ്ങും
- ടിസിഎസിന്‍റെ രണ്ടാംപാദ ഫലങ്ങളും ഇന്നറിയാം
ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നടുക്കത്തിന് ശേഷം ഇന്നലെ വിപണികള്‍ ശക്തമായി തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്‌സ് 567 പോയിന്റ് ഉയർന്ന് 66,079ലും നിഫ്റ്റി 178 പോയിന്റ് ഉയർന്ന് 19,690ലും എത്തി, കഴിഞ്ഞ ദിവസത്തെ മുഴുവൻ നഷ്ടവും തിരിച്ചുപിടിച്ചു. ആഗോള വിപണികളും ഇന്നലെ നേട്ടത്തിലേക്ക് എത്തി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ 4 ഡോളറോളം ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില പിന്നീട് 87 ഡോളറിനു സമീപം സ്ഥിരത പുലര്‍ത്തുന്നതാണ് കണ്ടത്.
ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളായിരിക്കും ഇനി വരുന്ന ദിവസങ്ങളില്‍ വിപണിയിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം. ഐടി പ്രമുഖരായ ടിസിഎസിന്‍റെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. ഐടി മേഖലയിലെ ഫലങ്ങളില്‍ കാര്യമായ മുന്നേറ്റം പ്രകടമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നില്ല. ഈ വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം ഐഎംഎഫ് 6.3 ശതമാനത്തിലേക്ക് ഉയര്‍ത്തിയതും ഇന്ന് നിക്ഷേപക വികാരത്തെ പിന്തുണയ്ക്കുന്നു.
ഇന്ന് വൈകിട്ടോടെ യുഎസ് ഫെഡ് റിസര്‍വ് പണനയ സമിതി യോഗത്തിന്‍റെ മിനുറ്റ്സും പുറത്തുവരും. ഉയര്‍ന്ന പലിശ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍കാലം തുടരേണ്ടി വരുമെന്ന വീക്ഷണമാണ് സെപ്റ്റംബറിലെ യോഗത്തിന് ശേഷം ഫെഡ് റിസര്‍വ് മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,600-ലും തുടർന്ന് 19,563-ലും 19,505-ലും പിന്തുണ സ്വീകരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,716 പെട്ടെന്നുള്ള റെസിസ്റ്റന്‍സായി മാറാം, തുടർന്ന് 19,752ഉം 19,810ഉം.
ആഗോള വിപണികളില്‍ ഇന്ന്
യുഎസ് വിപണികള്‍ നേട്ടത്തിലാണ് ചൊവ്വാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.4 ശതമാനം ഉയർന്നു. എസ് & പി 500 0.52 ശതമാനം ഉയർന്നപ്പോള്‍ നാസ്ഡാക്ക് കോമ്പോസിറ്റ് 0.58 ശതമാനം ഉയർച്ച പ്രകടമാക്കി. രാത്രി വ്യാപാരത്തില്‍ കാര്യമായ മാറ്റം സ്റ്റോക്ക് ഫ്യൂച്ചറുകളില്‍ ഉണ്ടായിട്ടില്ല. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നേട്ടതതിലായിരുന്നു.
ഏഷ്യ-പസഫിക് വിപണികളും ഇന്ന് പൊതുവില്‍ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി നേട്ടത്തിലാണെങ്കിലും ടോപിക്സ് ഇടിവ് പ്രകടമാക്കുന്നു. ഓസ്‌ട്രേലിയയുടെ, എസ്&പി/എഎസ്എക്സ്,. ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാക്കും, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ചൈനയുടെ ഷാങ്ഹായ് തുടങ്ങിയ സൂചികകള്‍ തുടക്ക വ്യാപാരത്തില്‍ മുന്നേറി.
ഗിഫ്റ്റ് നിഫ്റ്റി 15 പോയിന്‍റിന്‍റെ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ഓഹരി വിപണി സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ന് പുറത്തുവരുന്ന റിസള്‍ട്ടുകള്‍
ടാറ്റ കൺസൾട്ടൻസി സർവീസസ്, ഡെൽറ്റ കോർപ്പറേഷൻ, സാംഹി ഹോട്ടൽസ്, സിഗ്നേച്ചർ ഗ്ലോബൽ (ഇന്ത്യ), സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്, ദിപ്‌ന ഫാർമകെം, ജസ്‌ട്രൈഡ് എന്റർപ്രൈസസ്, നാഷണൽ സ്റ്റാൻഡേർഡ് (ഇന്ത്യ), പ്ലാസ്റ്റിബ്ലെൻഡ്‌സ് ഇന്ത്യ, സനത്‌നഗർ എന്റർപ്രൈസസ് എന്നിവ സെപ്റ്റംബർ പാദത്തിലെ വരുമാനഫലങ്ങള്‍ ഇന്ന് പുറത്തിറക്കും.
ശ്രദ്ധാകേന്ദ്രമാകുന്ന കമ്പനികള്‍
ബാങ്ക് ഓഫ് ബറോഡ: 'ബിഒബി വേൾഡ്' മൊബൈൽ ആപ്ലിക്കേഷനിലൂടെ പുതുതായി ഇടപാടുകാരെ കൂട്ടിച്ചേര്‍ക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. ഈ ആപ്ലിക്കേഷനിലൂടെ ബാങ്ക് ഇടപാടുകാരെ കൂട്ടിച്ചേര്‍ക്കുന്ന രീതിയിൽ നിരീക്ഷിക്കപ്പെട്ട ചില ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിര്‍ദേശം.
ടൈറ്റൻ കമ്പനി: അനുവദനീയമായ വായ്പാ പരിധിക്കുള്ളിൽ, പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഒക്ടോബർ 17-ന് ഡയറക്ടർ ബോർഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: ഒക്ടോബർ 10 മുതൽ യൂണിയൻ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി സുദർശന ഭട്ടിനെ ഉയർത്തി. ബാങ്കിന്റെ ജനറൽ മാനേജരായിരുന്നു സുദർശന ഭട്ട്. നേരത്തെ, യൂണിയൻ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായിരുന്നു ലാൽ സിംഗിനെ, ഇപ്പോൾ കേന്ദ്ര സർക്കാർ ബാങ്ക് ഓഫ് ബറോഡയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.
എൻസിഎൽ ഇൻഡസ്ട്രീസ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സിമന്റ് ഉൽപ്പാദനം 6,59,300 മെട്രിക് ടണ്ണാണെന്ന് (എംടി) കമ്പനി പ്രഖ്യാപിച്ചു, മുൻവർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 9 ശതമാനം വർധനയാണിത്. സിമൻറ് വിതരണം 11 ശതമാനം വാര്‍ഷിക വര്‍ധനയോടെ 6,69,587 മെട്രിക് ടൺ ആയി.
ബിർള കോർപ്പറേഷൻ: എംപി ബിർള ഗ്രൂപ്പിന്റെ മുൻനിര കമ്പനിക്ക് മധ്യപ്രദേശിലെ സത്‌നയിലെ കളക്ടർ (മൈനിംഗ്) ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ചു, 2000-01 മുതൽ 2006-07 വരെ കാലയളവിലെ ഖനനത്തിൽ നിന്ന് പരിസ്ഥിതി അനുമതി നേടാതെ ചുണ്ണാമ്പുകല്ല് അധികമായി ഉൽപ്പാദിപ്പിച്ചതിന് 8.43 കോടി രൂപ പിഴ ചുമത്തി.
ക്രൂഡ് ഓയിലും സ്വര്‍ണവും
ചൊവ്വാഴ്ച എണ്ണവില ബാരലിന് 1 ഡോളറിലധികം ഇടിഞ്ഞു, ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് 38 സെൻറ് കുറഞ്ഞ് ബാരലിന് 87.77 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 35 സെൻറ് കുറഞ്ഞ് ബാരലിന് 86.03 ഡോളറിലെത്തി.
യുദ്ധത്തിന്‍റെ നടുക്കം വിട്ടുമാറിയ നിക്ഷേപകർ ജാഗ്രതയോടെ റിസ്‍കി ആസ്തികളിലേക്ക് തിരിയുകയും യുഎസ് കേന്ദ്ര ബാങ്കിന്റെ നയനിലപാടിനെക്കുറിച്ചുള്ള കൂടുതൽ സൂചനകൾക്കായി കാത്തിരിക്കുകയും ചെയ്തതിനാൽ, സ്വർണ്ണ വില ചൊവ്വാഴ്ച ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.05 ശതമാനം ഉയർന്ന് ഔൺസിന് 1,861.8308 എന്ന നിലയിലാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.6 ശതമാനം ഉയർന്ന് ഔൺസിന് 1,875.40 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരികളില്‍ ഇന്നലെ 1,005.49 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി , അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,963.34 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയതായും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ 772.83 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 486.90 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്.
വിലക്കയറ്റ കണക്കുകള്‍, പാദഫലങ്ങള്‍; ഈയാഴ്ച വിപണിയെ സ്വാധീനിക്കുക എന്തൊക്കെ?
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം