30 Aug 2023 10:50 AM
സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിലേക്ക് ഫോണ്‍പേയും; ഷെയര്‍ ഡോട്ട് മാർക്കറ്റ് ആപ്പ് ലോഞ്ച് ചെയ്തു
MyFin Desk
ഫിന്‍ടെക് ഭീമനായ ഫോണ്‍പേ സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിലേക്ക് പ്രവേശിച്ചു. ഷെയര്‍ ഡോട്ട് മാര്‍ക്കറ്റ് എന്ന ആപ്പ് ലോഞ്ച് ചെയ്തു കൊണ്ടാണ് സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസ്സിലേക്ക് ഫോണ്‍ പേ പ്രവേശിച്ചിട്ടുള്ളത്.
ഷെയര്‍ ഡോട്ട് മാര്‍ക്കറ്റ് എന്ന ആപ്പ് മൊബൈല്‍ ആപ്ലിക്കേഷനായും വെബ്‌സൈറ്റായും പ്രവര്‍ത്തിക്കും. ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ഫോണ്‍പേയുമായി ബന്ധിപ്പിച്ചിരിക്കുന്ന അവരുടെ മൊബൈല്‍ നമ്പറുകളില്‍നിന്ന് ഷെയര്‍ ഡോട്ട് മാര്‍ക്കറ്റ് ആപ്പിലേക്ക് പ്രവേശിക്കാനാകും.
ഇന്‍ട്രാ ഡേ ട്രേഡിംഗ് ആന്‍ഡ് ഡെലിവറി, മ്യൂച്വല്‍ ഫണ്ടുകള്‍, ഇടിഎഫുകള്‍ എന്നിവയില്‍ വ്യാപാരം ചെയ്യാനും നിക്ഷേപിക്കാനും ഈ ആപ്പ് സഹായിക്കും. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് നിരവധി നിക്ഷേപ ഓപ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട് ഈ ആപ്പ്. 2024 മാര്‍ച്ച് 31 വരെ ഒറ്റത്തവണ ഓണ്‍ബോര്‍ഡിംഗ് ഫീസ് ആയി 199 രൂപ ഈടാക്കും.
ഇന്ത്യയില്‍ സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസ്സിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രക്രിയ 2021-ല്‍ ഫോണ്‍പേ ആരംഭിച്ചിരുന്നു. സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ലൈസന്‍സിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ.
ഇതിനകം തന്നെ ഇന്‍ഷ്വറന്‍സ് പോളിസി ഓഫര്‍ ചെയ്യുന്ന ഫോണ്‍പേ, അവരുടെ പേയ്മെന്റ് ആപ്പിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ ഈ വര്‍ഷം ജനുവരിയിലാണ് മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായി സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ഫോണ്‍ പേയ്ക്ക് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഇടപാടുകാരുണ്ട്. ഇതു പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ പേ ഇന്ത്യയിലെ സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലേക്ക് പ്രവേശിക്കുന്നത്.