18 Nov 2023 12:05 PM
Summary
- ഐപിഒയ്ക്ക് മുന്നോടിയായാണ് ഒല ഇലക്ട്രിക് പൊതു കമ്പനിയായി മാറിയത്
- ഏകദേശം 6000- 8000 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
- ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ സെൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും
പ്രമുഖ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്‌ട്രിക് പ്രാഥമിക വിപണിയിലെത്താൻ തയ്യറെടുക്കുന്നതിന്റെ മുന്നോടിയായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്നും പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. പ്രാഥമിക വിപണിയിൽ നിന്നും പണം സമാഹരിക്കുന്നതിനു മുമ്പ് എല്ലാ സ്വകാര്യ കമ്പനികളും പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തിരിക്കണം. റെഗുലേറ്ററി ഫയലിംഗുകൾ അനുസരിച്ച്, സ്ഥാപനത്തിന്റെ പേര് ഇതോടെ ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നാക്കി മാറ്റി.
ഇന്ത്യയിലെ ഇരു ചക്ര ഇലക്ട്രിക്ക് വാഹന വിപണിയുടെ 35 ശതമാന വിഹതം ഒല ഇലക്ട്രിക്കിനാണ് കമ്പനി വിപണിയിൽ നിന്ന് ഏകദേശം 3,200 കോടി രൂപ ഇതിനകം സ്വരൂപിച്ചിട്ടുണ്ട്. ഈ ഫണ്ടിംഗ് ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള മാർക്വീ നിക്ഷേപകരിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമാണ്. ഇത് ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ മൂല്യം 41,645 കോടിയിൽ നിന്നും 45,810 കോടി രൂപയിലെത്താൻ സഹായിച്ചു.സമാഹരിച്ച ഫണ്ടുകൾ ഇഷ്യൂവുമായി ബന്ധപ്പെട്ട പരിപാടികൾക്കാണെന്ന് മാർക്കറ്റ് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇഷ്യൂകളിൽ ഒന്നായിരിക്കും ഇത്. ഏകദേശം 6000- 8000 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി അതിന്റെ ഐ പി ഒ യിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇഷ്യൂ വിലൂടെ സമാഹരിക്കുന്ന തുക ഒലയുടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബിസിനസ് വിപുലീകരിക്കാനും ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ (ലി-അയൺ) സെൽ നിർമ്മാണ കേന്ദ്രം കൃഷ്ണഗിരിയിൽ (തമിഴ്നാട്) സ്ഥാപിക്കാനും വിനിയോഗിക്കും. ആദ്യ ഘട്ടത്തിൽ 5 ജിഡബ്ല്യുഎച്ച് ശേഷിയുള്ള യൂണിറ്റും പിന്നീടത് ഘട്ടം ഘട്ടമായി 100 ജിഡബ്ല്യുഎച്ച് ആയി പൂർണ്ണ ശേഷിയിൽ എത്തിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം.
ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണ ശേഷി ഉയർത്താനും ഇലക്ട്രിക്ക് ബൈക്കുകളെ നിരത്തിലെത്തിക്കുന്നതിനും ഒല ഇലക്ട്രിക് കാറുകൾ എന്ന സ്വപ്നത്തിലേക്കെത്താനും ജിഗാഫാക്‌ടറിയുടെ നിർമ്മാണം വേഗത്തിലാക്കാനും ഇഷ്യൂ സഹായകമാവും.
ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആതർ എനർജി, ഒകിനാവ ഓട്ടോടെക്, ഗ്രീവ്സിന്റെ ആംപിയർ ഇവി, ഹീറോ ഇലക്ട്രിക്, ടിവിഎസ് മോട്ടോർ കമ്പനി എന്നി സമാനമായ കമ്പനികളുമായാണ് മത്സരിക്കുന്നുത്. ഇലക്ട്രിക് കാറുകൾ നിർമ്മികുന്നത് വഴി കമ്പനി ആഗോള ഭീമൻമാരായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെസ്‌ല, ഹ്യുണ്ടായ് തുടങ്ങിയവർക്ക് ഒരു എതിരാളിയായേക്കാം. ഗവേഷണത്തിലും വികസനത്തിലും സെൽ നിർമ്മാണത്തിലും കമ്പനിയുടെ ഗണ്യമായ നിക്ഷേപം അതിന്റെ ഭാവി ഉൽപ്പന്നങ്ങളുടെ വിജയത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ ഒലയുടെ ഉൽപന്ന പട്ടികയിൽ അഞ്ചു സ്കൂട്ടറുകളാണുള്ളത്. ഇതിന്റെ വില 89,999 മുതൽ 1,47,499 രൂപ വരെയാണ്.