23 Dec 2023 4:51 AM GMT
Summary
- ഐപിഒ നടത്തുന്ന ആദ്യ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് ആകും ഒല
- 2021 ഡിസംബര്‍ മുതലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ആരംഭിച്ചത്
- ഒല ഐപിഒ നടത്തുന്ന തീയതി എന്നാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
ഒല ഐപിഒയിലൂടെ 5,500 കോടി രൂപ സമാഹരിക്കും. 47.4 ദശലക്ഷം ഓഹരികള്‍ (1.3%) സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ ഒഎഫ്എസിലൂടെ വില്‍ക്കും.
കഴിഞ്ഞ ദിവസം സെബിയില്‍ ഒല സമര്‍പ്പിച്ച കരട് ഐപിഒ പേപ്പറുകളിലാണ് ( ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്-ഡിആര്‍എച്ച്പി) ഇക്കാര്യം സൂചിപ്പിച്ചത്.
ഐപിഒ നടത്തുന്ന ആദ്യ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് ആകും ഒല.
ഒല ഐപിഒ നടത്തുന്ന തീയതി എന്നാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഐപിഒ നടക്കുമെന്നാണു സൂചന. ഐപിഒയുടെ 75 ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും (qib) 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും (niis) 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കുമായി വകയിരുത്തും.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം ഏഴ് മടങ്ങ് വര്‍ധിച്ച് 2,630.93 കോടി രൂപയിലെത്തിയിരുന്നു.
ഒരു വര്‍ഷം മുമ്പ് ഇത് 373.42 കോടി രൂപയായിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ (2023 ജൂണ്‍ 30വരെ) കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1,242.75 കോടി രൂപയുമാണ്.
2019-ലാണ് ഒല ഇലക്ട്രിക് സ്ഥാപിച്ചത്. 2021 ഡിസംബര്‍ മുതലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ആരംഭിച്ചത്.
വില്‍പ്പനയില്‍ ഓരോ മാസവും പുതുറെക്കോര്‍ഡിട്ട് മുന്നേറുകയാണ് ഒല.
2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ 2,52,647 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.5 ലക്ഷം യൂണിറ്റ് ഇവി വില്‍പ്പനയെന്ന അഭൂതപൂര്‍വമായ നേട്ടം കൈവരിക്കാനും ഒലയ്ക്ക് സാധിച്ചു.
2022-ല്‍ 1,09,395 യൂണിറ്റാണ് ഒല വിറ്റത്.
5 മോഡലുകളാണ് ഒല ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത്. എസ്1 പ്രോ ആണ് മുന്‍നിര മോഡല്‍.