2 Feb 2024 10:33 AM GMT
Summary
- നിഫ്റ്റി പുതിയ സര്‍വകാല ഉയരം നേടി
- ബിപിസിഎല്‍ 10 ശതമാനം കയറി
- ബാങ്കിംഗ് സൂചിക ഇടിവില്‍
ആഗോള വിപണികളിലെ പൊസിറ്റിവ് പ്രവണതകളുടെയും പ്രമുഖ ഓഹരികളിലെ ശക്തമായ വാങ്ങലിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കും വഴിവെച്ചു. പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ക്രൂഡ് വിലയിലുണ്ടായ ഇടിവും നിക്ഷേപക വികാരത്തെ പിന്തുണച്ചു
സെന്‍സെക്സ് 440.33 പോയിന്‍റ് അഥവാ 0.61 ശതമാനം കയറി 72,085.63ല്‍ എത്തി. നിഫ്റ്റി 156.35 പോയിന്‍റ് അഥവാ 0.72 ശതമാനം നേട്ടത്തോടെ 21,853.80ല്‍ എത്തി. ഇടവ്യാപാരത്തില്‍ 22,126.80 എന്ന പുതിയ സര്‍വകാല ഉയരത്തിലേക്ക് നിഫ്റ്റി എത്തി
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.37 ശതമാനംവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.93 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.80 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.49 ശതമാനവും കയറി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഓയില്‍-ഗ്യാസ് മേഖലയാണ് ഇന്ന് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്, 3.58 ശതമാനം. മെറ്റല്‍, ഐടി, പൊതുമേഖലാ ബാങ്ക് തുടങ്ങിയവ 2 ശതമാനത്തിനു മുകളില്‍ കയറി. സ്വകാര്യ ബാങ്ക് സൂചികയാണ് വലിയ നഷ്ടം രേഖപ്പെടുത്തിയത്, 0.72 ശതമാനം. എഫ്എംസിജി, ധനകാര്യ സേവനങ്ങള്‍ ബാങ്ക് സൂചികകളും ഇടിവിലാണ്
നിഫ്റ്റി 50-യില്‍ ബിപിസിഎല്‍ (9.55%), പവര്‍ഗ്രിഡ് (4.59%), ഒഎന്‍ജിസി (3.84%),അദാനി പോര്‍ട്സ് (3.58%), എന്‍ടിപിസി (3.28%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എഷര്‍ മോട്ടോര്‍സ് (2.50%), ആക്സിസ് ബാങ്ക് (1.53%), എച്ച്ഡിഎഫ്‍സി ലൈഫ് (1.40%),എച്ച്ഡിഎഫ്‍സി ബാങ്ക് (1.39%), എച്ച്‍യുഎല്‍ (0.87%) എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ പവര്‍ഗ്രിഡ് (4.10 %), എന്‍ടിപിസി (3.28 %) ടാറ്റാ സ്‍റ്റീല്‍ (2.89 %), ടിസിഎസ് (2.83 %), ജെഎസ്ഡബ്ല്യു സ്‍റ്റീല്‍ (2.66 %) എന്നിവ മികച്ച നേട്ടം കൊയ്തു. ആക്സിസ് ബാങ്ക് (1.42 %), എച്ച്ഡിഎഫ്‍സി ബാങ്ക് 1.33 %), എച്ച്‍യുഎല്‍ (0.81 %), ഐടിസി (0.60 %), എല്‍ടി (0.57 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടത്തിലായിരുന്നു.