31 Aug 2023 11:45 AM IST
Summary
- സംശയാസ്പദമായ മൗറീഷ്യസ് ഫണ്ട് അദാനി ഓഹരികളിലൂടെ ഒഴുകി
- ഇടപാടുകളിലെ പങ്കാളികളുടെ സാന്നിധ്യം മറച്ചുവെക്കപ്പെട്ടു
ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആര്‍പി). ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്താന്‍ ഒസിസിആര്‍പി തയാറെടുക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ളതും ഉടമസ്ഥത മറച്ചുവെക്കപ്പെട്ടതുമായ മൗറീഷ്യസ് ഫണ്ടുകൾ (ഒപ്പേക് ഫണ്ടുകള്‍) അദാനി ഗ്രൂപ്പിന്റെ പൊതുവിപണിയിലെ ഓഹരികളിലൂടെ നിക്ഷേപം നടത്തിയെന്നതാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടിന്‍റെ കുന്തമുന. ഇത്തരം ഇടപാടുകളില്‍ അദാനി കുടുംബത്തിന്‍റെ പങ്കാളികളെന്ന് സംശയിക്കപ്പെടുന്നവരുടെ സാന്നിധ്യം മറച്ചുവെക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ഫണ്ട് റീസൈക്കിള്‍ സംബന്ധിച്ച ആരോപണം അദാനി ഗ്രൂപ്പ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. എങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഇടിവിലേക്ക് നീങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് അദാനി എന്‍റർപ്രൈസസ് 2 . 12 ശതമാനവും അദാനി ഗ്രീന്‍ 2 . 74 ശതമാനവും അദാനി പോർട്സ് 2 . 24 ശതമാനവും താഴ്ന്നാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
ശതകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ്ജ് സോറോസ്, റോക്ക്‌ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട്, ഓക് ഫൗണ്ടേഷന്‍ എന്നിവരുടെ പിന്തുണയുള്ളതാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആര്‍പി). ഇന്ത്യയിലെ റെഗുലേറ്ററി ഏജന്‍സികള്‍, പ്രത്യേകിച്ച് സെബി അതീവ ജാഗ്രതയോടെയാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ നിരീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് ആഭ്യന്തര ധനവിപണികളില്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെപ്പറ്റി ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഈ വര്‍ഷം ജനുവരി 24നാണ് അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങളുള്ള മറ്റൊരു റിപ്പോര്‍ട്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. ഇത് ഓഹരി വിപണിയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് സെബി നടത്തിയ അന്വേഷണം ഏറക്കുറേ പൂര്‍ത്തിയായിട്ടുണ്ട്.
വിദേശ കമ്പനികളിലൂടെയും വെളിപ്പെടുത്താത്ത അനുബന്ധ ഇടപാടുകളിലൂടെയും ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയില്‍ അദാനി ഗ്രൂപ്പ് കൃത്രിമം നടത്തിയതായിട്ടാണു ഹിന്‍ഡന്‍ബെര്‍ഗ് ആരോപിച്ചത്. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
2014 ലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശേഷം അദാനി ഗ്രൂപ്പ് ബിസിനസുകളിലും ഓഹരി വിപണിയിലും സൃഷ്ടിച്ച അഭൂതപൂര്‍വമായ മുന്നേറ്റം ഒട്ടേറെ രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടനല്‍കിയിട്ടുണ്ട്.