27 May 2024 9:07 AM GMT
Summary
- ഇടിഎഫുകൾ ഒഴികെ ബാക്കിയുള്ള എല്ലാ സെക്യൂരിറ്റികളുടെ ടിക്ക് സൈസ് പുനർക്രമീകരിക്കും
- ജൂൺ 10 മുതലായിരിക്കും പുതിയ ടിക്ക് സൈസ് പ്രാബല്യത്തിൽ വരുക
- ജൂലൈ 8 മുതൽ ഓഹരികളുടെ ഫ്യൂച്ചറുകൾക്കും സമാന ടിക്ക് സൈസ്
പുതിയ സർക്കുലർ അനുസരിച്ച് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) 250 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓഹരികൾക്കും ഒരു പൈസ ടിക്ക് സൈസ് അവതരിപ്പിക്കാൻ തീരുമാനിച്ചു.
വ്യാപാര സെഷനിലെ ഒരു ഓഹരിയുടെ നീക്കത്തിന്റെ ഏറ്റവും ചെറിയ വർദ്ധനവോ/കുറവോ ആണ് ടിക്ക് സൈസ്. ഉദാഹരണത്തിന് ഒരു ഓഹരിയുടെ വ്യാപാര വില 100 രൂപയാണെങ്കിൽ ബിഡിങ്ങിനു ശേഷമുള്ള ഓഹരിയുടെ അടുത്ത നീക്കം 100.01 രൂപയിലേക്കാണ്. നിലവിലെ ഇത് ടിക്ക് സൈസ് 0.05 രൂപയാണ്.
ജൂൺ 10 മുതലായിരിക്കും പുതിയ ടിക്ക് സൈസ് പ്രാബല്യത്തിൽ വരുക. ഒരു ഓഹരിയുടെ മികച്ച വില കണ്ടെത്താനുള്ള ചുവടുവെപ്പായി ഇതേ കാണുന്നുവെന്ന് ചില വിപണി വിദഗ്ധർ വ്യക്തമാക്കി. മാത്രമല്ല വിപണി ആധിപത്യത്തിനായി എക്സ്ചേഞ്ചുകളായ എൻഎസ്ഇയും ബിഎസ്ഇയും തമ്മിലുള്ള മത്സരത്തിനും ഇതൊരു മുതൽ കൂട്ടാണ്.
എൻഎസ്ഇ സർക്കുലർ അനുസരിച്ച് ഇടിഎഫുകൾ ഒഴികെ ബാക്കിയുള്ള എല്ലാ സെക്യൂരിറ്റികളുടെ ( EQ, BE, BZ, BO, RL, AF) ടിക്ക് സൈസ് നേരത്തെയുണ്ടായിരുന്ന അഞ്ച് പൈസയിൽ നിന്നും ഒരു പൈസയാക്കി പുനർക്രമീകരിക്കും. ടി+1 സെറ്റിൽമെൻ്റിലെ സെക്യൂരിറ്റികളുടെ ടിക്ക് സൈസ് ടി+0 സെറ്റിൽമെൻ്റിനും (സീരീസ് T0) ബാധകമായിരിക്കും.
എല്ലാ മാസത്തിലെ അവസാന വ്യാപാര ദിവസത്തെ ക്ലോസിങ് വിലയെ അടിസ്ഥാനമാക്കി ടിക്ക് സൈസ് അവലോകനത്തിനും ക്രമീകരണത്തിനും വിധേയമാകുമെന്ന് എൻഎസ്ഇ അറിയിച്ചു.
ജൂലൈ 8 മുതൽ ഓഹരികളുടെ ഫ്യൂച്ചറുകൾക്കും സമാന ടിക്ക് സൈസ് ഉണ്ടായിരിക്കും. കൂടാതെ ടിക്ക് സൈസിലുള്ള എല്ലാ മാറ്റങ്ങളും എക്സ്പയറി ആവുന്ന ഫ്യൂച്ചറുകൾക്കും ബാധകമാകും.