image

1 April 2024 11:00 AM GMT

Stock Market Updates

ചരിത്രമെഴുതി നിഫ്റ്റി, സെൻസെക്സ്: ഒറ്റ സെഷനിൽ നിക്ഷേപകർ നേടിയത് 6.2 ലക്ഷം കോടി

MyFin Desk

ചരിത്രമെഴുതി  നിഫ്റ്റി, സെൻസെക്സ്: ഒറ്റ സെഷനിൽ നിക്ഷേപകർ നേടിയത് 6.2 ലക്ഷം കോടി
X

Summary

  • നിഫ്റ്റി ഓട്ടോ, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്
  • ചൈനീസ് പിഎംഐ ഡാറ്റയുടെ പിൻബലത്തിൽ മെറ്റൽ ഓഹരികൾ മികച്ചുനിന്നു
  • 170 ഓളം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി


സാമ്പത്തിക വർഷത്തിലെ ആദ്യ ദിനം ആഭ്യന്തര വിപണി വ്യാപാരം അവസാനിപ്പിച്ചത് പുതു ചരിത്രങ്ങളോടെയാണ്. നിഫ്റ്റി സർവകാല ഉയരമായ 22529.95 ലും സെൻസെക്സ് 74254.72 ലുമെത്തി. പല മേഖലകളിൽ നിന്നും നിക്ഷേപകർ ഓഹരികൾ വാങ്ങിയത് വിപണിക്ക് താങ്ങായി. ഏഷ്യൻ വിപണികളിലെ നേട്ടവും വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചു. ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 387 ലക്ഷം കോടി രൂപയിൽ നിന്ന് 393.2 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ ഒറ്റ സെഷനിൽ നിക്ഷേപകർക്ക് ലഭിച്ച നേട്ടം 6.2 ലക്ഷം കോടി രൂപയോളമാണ്.

തുടർച്ചയായി മൂന്നാം ദിവസമാണ് വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്‌സ് 363.20 പോയിൻ്റ് അഥവാ 0.49 ശതമാനം ഉയർന്ന് 74,014.55 ലും നിഫ്റ്റി 135.10 പോയിൻ്റ് അഥവാ 0.61 ശതമാനം ഉയർന്ന് 22,462 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഡിവിസ് ലാബ്‌സ്, അദാനി പോർട്സ്, യുപിഎൽ, അൾട്രാ ടെക് സിമന്റ്സ്, ലാർസെൻ ആൻഡ് ടൂബ്രോ, എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഐഷർ മോട്ടോർസ്, ടൈറ്റാൻ കമ്പനി, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യുമർ പ്രോഡക്ട്, ബജാജ് ഓട്ടോ എന്നിവ ഇടിഞ്ഞു.

സെക്ടറൽ സൂചികകൾ

നിഫ്റ്റി ഓട്ടോ, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മീഡിയ (4.69 ശതമാനം), റിയൽറ്റി (4.36 ശതമാനം), മെറ്റൽ (3.70 ശതമാനം) എന്നിവ ശക്തമായ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് 0.96 ശതമാനം ഉയർന്നു. പൊതുമേഖലാ ബാങ്ക് സൂചിക 1.51 ശതമാനം ഉയർന്നപ്പോൾ സ്വകാര്യ ബാങ്ക് സൂചിക 1.03 ശതമാനം ഉയർന്നു.

ചൈനീസ് പിഎംഐ ഡാറ്റയുടെ പിൻബലത്തിൽ മെറ്റൽ ഓഹരികൾ മികച്ചുനിന്നു. നിഫ്റ്റി മെറ്റൽ സൂചിക 3.70 ശതമാനം ഉയർന്നു. മിഡ്, സ്മോൾക്യാപ് സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.64 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 2.98 ശതമാനം ഉയർന്നു.

52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ

ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, ഡിഎൽഎഫ്, അംബുജ സിമൻ്റ്‌സ്, ഇൻഡിഗോ, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെ 170 ഓളം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, സിയോളും ഷാങ്ഹായും പച്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. ടോക്കിയോ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ച യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 188.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.10 ശതമാനം ഇടിഞ്ഞ് ബാരലിന് 86.91 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.40 ശതമാനം ഉയർന്ന് 2269.70 ഡോളറിലെത്തി.

വെള്ളിയാഴ്ച വിപണികൾക്ക് അവധിയായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ, സെൻസെക്സ് 14,659.83 പോയിൻ്റ് അല്ലെങ്കിൽ 24.85 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 4,967.15 പോയിൻ്റ് അല്ലെങ്കിൽ 28.61 ശതമാനം ഉയർന്നു.