7 Nov 2024 12:46 PM GMT
Summary
- സെക്ടറലുകളിൽ ഉടനീളം ലാഭമെടുത്ത വിപണിയുടെ ഇടിവിന് കാരണമായി
- എല്ലാ മേഖലാ സൂചികകളും നഷ്ടത്തോടെ ക്ലോസ് ചെയ്തു
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയാണ്. തുടർച്ചയായി രണ്ട് ദിവസം നേട്ടം നൽകിയ വിപണി ഇന്ന് ഒരു ശതമാനത്തോളം ഇടിഞ്ഞു. സെക്ടറലുകളിൽ ഉടനീളം ലാഭമെടുത്ത വിപണിയുടെ ഇടിവിന് കാരണമായി. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പന സൂചികകൾ നഷ്ടത്തിലെത്തിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് തീരുമാനത്തിന് മുൻപ് നിക്ഷേപകർ ജാഗ്രത പുലർത്തിയതും വിപണിയെ ബാധിച്ചു.
സെൻസെക്‌സ് 836.34 പോയിൻ്റ് അഥവാ 1.04 ശതമാനം ഇടിഞ്ഞ് 79,541.79ലും നിഫ്റ്റി 284.70 പോയിൻ്റ് അഥവാ 1.16 ശതമാനം ഇടിഞ്ഞ് 24,199.35ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, ഏഷ്യൻ പെയിൻ്റ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ, മെറ്റൽ, പവർ, ടെലികോം, ഫാർമ, റിയാലിറ്റി സൂചികകൾ 1-2 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും ടോക്കിയോ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടം തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 4,445.59 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.33 ശതമാനം ഇടിഞ്ഞ് ബാരലിന് 74.67 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2674 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 84.37 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.