28 Aug 2024 11:15 AM GMT
Summary
- നിഫ്റ്റി പത്താം ദിവസമാണ് പച്ചയിൽ അവസാനികുന്നത്
- ഐടി സൂചിക1.64 ശതമാനം ഉയർന്നു
- ആഗോള വിപണികളിലെ കുതിപ്പ് ഐടി ഓഹരികൾ വാങ്ങുന്നതിലേക്ക് നയിച്ചു
അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുത്തൻ ഉയരങ്ങളിലാണ്. സർവ്വകാല ഉയരം തൊട്ട നിഫ്റ്റി പത്താം ദിവസമാണ് പച്ചയിൽ അവസാനികുന്നത്. ഐടി, ഹെൽത്ത് കെയർ ഓഹരികളിലെ വൻ മുന്നേറ്റം തുടർച്ചയായ സൂചികകൾ നേട്ടത്തിലെത്തിച്ചു. നേരിയ നേട്ടം നൽകിയ നിഫ്റ്റി 25,052 എന്ന സർവ്വകാല ഉയരത്തിലെത്തി. സെൻസെക്‌സ് 70 പോയിൻറിലധികം നേട്ടമുണ്ടാക്കി. ആഗോള വിപണികളിലെ കുതിപ്പ് ഐടി ഓഹരികൾ വാങ്ങുന്നതിലേക്ക് നയിച്ചു.
നിഫ്റ്റി 34.60 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 25,052.35 ത്തിലും തുടർച്ചയായ ഏഴാം ദിവസത്തിലേക്ക് നേട്ടം നീട്ടിയ സെൻസെക്‌സ് 73.80 പോയിൻ്റ് അഥവാ 0.09 ശതമാനം ഉയർന്ന് 81,785.56 ലും ആണ് ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ഭാരതി എയർടെൽ, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിൻ്റ്‌സ്, മാരുതി, നെസ്‌ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, അൾട്രാടെക് സിമൻ്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
എൽടിഐ മൈൻഡ്‌ട്രീ, ടിസിഎസ്, വിപ്രോ, ഇൻഫോസിസ് എന്നിവയിലെ കുതിപ്പ് ഐടി സൂചികയെ മികച്ച നേട്ടത്തിലെത്തിച്ചു. സൂചിക 1.64 ശതമാനം ഉയർന്നു. സൺ ഫാർമ, ദിവിസ് ലാബ്‌സ്, സിപ്ല എന്നിവയുടെ നേട്ടത്തിൽ നിഫ്റ്റി ഹെൽത്ത്‌കെയർ ഒരു ശതമാനത്തിലധികം ഉയർന്നാണ് ക്ലോസ് ചെയ്തത്. വർഷാദ്യം മുതൽ ഇതുവരെ ഹെൽത്ത്‌കെയർ സൂചിക 35 ശതമാനമാണ് കുതിച്ചത്. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തതോടെ പൊതുമേഖലാ ബാങ്ക് സൂചിക ഇടിവ് രേഖപ്പെടുത്തി.
ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തിലും ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,503.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐകൾ) 604.08 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.82 ശതമാനം ഇടിഞ്ഞ് ബാരലിന് 78.90 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.55 ശതമാനം താഴ്ന്ന് 2540 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഇടിഞ്ഞ് 83.96 ലെത്തി.