image

19 Aug 2024 11:14 AM GMT

Stock Market Updates

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിലെത്തി നിഫ്റ്റി; നേരിയ ഇടിവിൽ സെൻസെക്സ്

MyFin Desk

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിലെത്തി നിഫ്റ്റി; നേരിയ ഇടിവിൽ സെൻസെക്സ്
X

Summary

  • നിഫ്റ്റി ഓട്ടോയും ബാങ്കും ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.87ൽ എത്തി
  • സ്‌മോൾക്യാപ് സൂചിക ഒരു ശതമാനം നേട്ടം നൽകി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഫ്ലാറ്റായാണ്. ബ്ലൂ-ചിപ്പ് ഓഹരികളിൽ നിക്ഷേപകർ ലാഭമെടുത്തത് വിപണിയെ വലച്ചു. ഡിമാൻഡ് കുറവായതിനാൽ ഓട്ടോ ഓഹരികളും ഇടിവിലേക്ക് നീങ്ങിയിരുന്നു. സെൻസെക്സ് 12.16 പോയിൻ്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 80,424.68 ലും നിഫ്റ്റി 31.50 പോയിൻ്റ് അഥവാ 0.13 ശതമാനം ഉയർന്ന് 24,572.65 ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് ഓഹരികൾ ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഏഷ്യൻ പെയിൻ്റ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ ഓട്ടോയും ബാങ്കും ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ടെലികോം, മീഡിയ സൂചികകൾ 0.5-2 ശതമാനം വരെ ഉയർന്നു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചിക ഒരു ശതമാനം നേട്ടം നൽകി.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും സിയോൾ, ടോക്കിയോ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കൂടുതലും പച്ചയിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ.

"നിശബ്‌ദമായി ആരംഭിച്ച വിപണി ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ചത്തെ കുതിപ്പിന് ശേഷം ആശ്വാസം കൈവരിച്ചു. ആദ്യഘട്ട ഉയർച്ചയെത്തുടർന്ന് നിഫ്റ്റി നേരിയ നേട്ടത്തോടെയാണ് വ്യാപാരം നടത്തിയത്," അജിത് മിശ്ര - എസ്‌വിപി, റിസർച്ച്, റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡ് പറഞ്ഞു.

വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 766.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 2,606.18 കോടി രൂപയുടെ ഓഹരികളും വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.82 ശതമാനം ഇടിഞ്ഞ് ബാരലിന് 79.03 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.38 ശതമാനം താഴ്ന്ന് 2527 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.87ൽ എത്തി.