image

20 Feb 2024 11:28 AM GMT

Stock Market Updates

ഉയരങ്ങൾ താണ്ടി നിഫ്റ്റി; താങ്ങായി ബാങ്ക് നിഫ്റ്റിയും

MyFin Desk

ഉയരങ്ങൾ താണ്ടി നിഫ്റ്റി; താങ്ങായി ബാങ്ക് നിഫ്റ്റിയും
X

Summary

  • ഈ വർഷം 7 ാം തവണയാണ് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ എത്തുന്നത്
  • നിഫ്റ്റി ബാങ്ക് 47,000 കടന്നു
  • ചൊവ്വാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായ വ്യാപാരമാണ് നടത്തിയത്


22,216 പോയിന്റെന്ന സർവകാല ഉയരം തൊട്ട നിഫ്റ്റി 22,200 ന് താഴെ ക്ലോസ് ചെയ്തു. നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ എത്തുന്നത് ഈ വർഷം 7 ാം തവണയാണ്. ബാങ്കിങ്, മീഡിയ ഓഹരികളുടെ മുന്നേറ്റം നിഫ്റ്റിയെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. സെൻസെക്സ് 347 പോയിന്റ് ഉയർന്ന് 73057 ൽ എത്തി. തുടര്‍ച്ചയായ ആറാം ദിവസമാണ് സൂചികകൾ പച്ചയിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.

നിഫ്റ്റി ബാങ്ക് 47,000 കടന്നു, സൂചികയുടെ എക്കാലത്തെയും ഉയർന്ന ലെവൽ 47136 പോയിന്റാണ്. സൂചികയിൽ എച്ച്ഡിഎഫ്സി , ആക്സിസ്, കൊട്ടക് ബാങ്ക് ഓഹരികൾ മികച്ച നേട്ടം നൽകി. മിഡ്‌ക്യാപ് സൂചിക 62 പോയിൻ്റ് ഇടിഞ്ഞ് 49,248 ൽ എത്തി.

നിഫ്റ്റിയിൽ പവർ ഗ്രിഡ് (4.32%), ആക്സിസ് ബാങ്ക് (2.54%), എച്ച്ഡിഎഫ്സി (2.53%), എൻടിപിസി (2.14%), കൊട്ടക്ക് മഹീന്ദ്ര ബാങ്ക് (2.06%) നേട്ടം നൽകിയപ്പോൾ ഹീറോ മോട്ടോർ കോർപ് (-3.85%), കോൾ ഇന്ത്യ (-2.86%), ബജാജ് ഓട്ടോ (-2.58%), ഐഷർ മോട്ടോർസ് (-1.87%) ഇടിവും രേഖപ്പെടുത്തി.

തുടക്കവ്യാപാരത്തിന് ശേഷം ഇടിവിലായ നിഫ്റ്റിയെ തുണച്ചത് സ്വകാര്യ ബാങ്കിങ് ഓഹരികളിൽ ഉണ്ടായ വാങ്ങലാണ്. തുടർച്ചയായ ആറാം സെഷനിലും ആഭ്യന്തര സൂചികകൾ നേട്ടത്തിലാണ് വ്യാപാരം നിർത്തിയത്. ആറ് ദിവസത്തിനിടെ നിഫ്റ്റി 580 പോയിൻ്റ് ഉയർന്നപ്പോൾ സെൻസെക്‌സ് 1,984 പോയിൻ്റും ഉയർന്നു.

ചൊവ്വാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായ വ്യാപാരമാണ് നടത്തിയത്. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 0.2 ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് കോമ്പോസിറ്റ് 0.4 ശതമാനം ഉയർന്നു. ജപ്പാൻ്റെ ബെഞ്ച്മാർക്ക് നിക്കെ 225 0.1 ശതമാനം താഴ്ന്നു.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 754.59 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) അറ്റ വിൽപ്പനക്കാരായി.

സ്വർണം ട്രോയ് ഔൺസിന് 0.64 ശതമാനം ഉയർന്ന് 2037.45 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.79 ശതമാനം താഴ്ന്ന് 82.88 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 82.95 ൽ എത്തി