6 Aug 2024 11:15 AM GMT
Summary
- ബാങ്കിംഗ്, ടെലികോം ഓഹരികളിലെ ലാഭമെടുപ്പ് സൂചികകൾ ഇടിവിലേക്ക് നയിച്ചു
- തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്
- ആർബിഐ ഗവർണർ ദ്വൈമാസ നയം വ്യാഴാഴ്ച പ്രഖ്യാപിക്കും
ഏറെ ചാഞ്ചാട്ടത്തിനൊടുവിൽ തുടക്ക നേട്ടങ്ങൾ നിലനിർത്താനാവാതെ ആഭ്യന്തര വിപണി. ബാങ്കിംഗ്, ടെലികോം ഓഹരികളിലെ ലാഭമെടുപ്പ് സൂചികകൾ ഇടിവിലേക്ക് നയിച്ചു. സെൻസെക്‌സ് 166 പോയിൻ്റ് ഇടിഞ്ഞു, നിഫ്റ്റി 24,000 പോയിന്റിന് താഴെയാണ് ക്ലോസ് ചെയ്തത്. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്.
സെൻസെക്‌സ് 166.33 പോയിൻ്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 78,593.07 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 63.05 പോയിൻ്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 23,992.55 ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
"ആഭ്യന്തര വിപണി ഏഷ്യൻ വിപണികളെ പ്രതിഫലിപ്പിച്ചുകൊണ്ട് തിരിച്ചുവരാൻ ശ്രമിച്ചു. യെൻ, ദുർബലമായ യുഎസ് സാമ്പത്തിക ഡാറ്റ, ഉയരുന്ന ജിയോപൊളിറ്റിക്കൽ ടെൻഷനുകൾ എന്നിവ നിക്ഷേപകരെ ജാഗ്രതയിലാക്കി," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഹെഡ് ഓഫ് റിസർച്ച് വിനോദ് നായർ പറഞ്ഞു.
ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ചൊവ്വാഴ്ച മൂന്നു ദിവസത്തെ ചർച്ച ആരംഭിച്ചു. ആർബിഐ ഗവർണർ ദ്വൈമാസ നയം വ്യാഴാഴ്ച പ്രഖ്യാപിക്കും.
ഏഷ്യൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. ഹോങ്കോങ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ കനത്ത ഇടിവോടെയാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 10,073.75 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച വിറ്റത്. ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഉയർന്ന് ബാരലിന് 76.52 ഡോളറിലെത്തി. എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് രൂപ തിരിച്ചു കയറി, ഡോളറിനെതിരെ 16 പൈസ ഉയർന്ന് 83.93 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സ്വർണം ട്രോയ് ഔൺസിന് 0.41 ശതമാനം ഉയർന്ന് 2454 ഡോളറിലെത്തി.