image

23 Oct 2023 11:16 AM GMT

Stock Market Updates

നിഫ്റ്റി 19300-ന് താഴെ; സെന്‍സെക്സ് ഇടിവ് 800 പോയിന്റ്

MyFin Desk

nifty below 19300, sensex down 800 points
X

Summary

  • നാലു ദിവസംകൊണ്ട് നിഫ്റ്റിയില്‍ അഞ്ഞൂറിലധികവും സെന്‍സെക്സില്‍ 1700 പോയിന്റിലധികവും ഇടിവുണ്ടായി.
  • ഓഹരികള്‍ വിറ്റ് സുരക്ഷിത മേഖലയിലേക്കു നിക്ഷേപം മാറ്റാനുള്ള തത്രപ്പാടിലാണ് പല നിക്ഷേപകരും.
  • വെള്ളിയാഴ്ച് പോസീറ്റീവ വാങ്ങല്‍ നടത്തിയ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നു വില്‍പ്പനക്കാരായിരുന്നു.


തുടര്‍ച്ചയായ നാലാം വ്യാപാരദിവസവും ഇന്ത്യന്‍ ഓഹരി വിപണി ചുവപ്പണിഞ്ഞു. ഇസ്രയേല്‍- ഹമാസ് യുദ്ധവും ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും നിക്ഷേപകരെ വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ ബഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഒക്ടോബര്‍ 23-ന് യഥാക്രമം 64571.88 പോയിന്റിലും 19281.75 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചത്തേക്കാള്‍ യഥാക്രമം 825.74 പോയിന്റും 260.90 പോയിന്റും വീതം താഴ്ന്നാണ് ക്ലോസിംഗ്. നിക്ഷേപകരുടെ സമ്പത്തില്‍ 7.66 ലക്ഷം കോട രൂപയുടെ ഇടിവാണുണ്ടായത്.

നാലു ദിവസംകൊണ്ട് നിഫ്റ്റിയില്‍ അഞ്ഞൂറിലധികവും സെന്‍സെക്സില്‍ 1700 പോയിന്റിലധികവും ഇടിവുണ്ടായി.ഇന്ത്യന്‍ സൂചികകള്‍ ഏഷ്യന്‍ വിപണികളെ പിന്തുടരുകയായിരുന്നുവെന്നു പറയാം. ജാപ്പനീസ് നിക്കി 260 പോയിന്റും സിംഗപ്പൂര്‍ ഹാംഗ്സെങ് 125 പോയിന്റും ചൈനീസ് ഷാംങ്ഹായ് 123 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

വെള്ളിയാഴ്ചത്തേക്കാള്‍ കുറഞ്ഞാണ് ഇരു സൂചികകളും രാവിലെ വ്യാപാരം തുടങ്ങിയത്. വ്യാപാരം മുന്നോട്ടു പോകുന്തോറും വില്‍പ്പനയ്ക്കു ശക്തി കൂടുകയായിരുന്നു. അവസാന മണിക്കൂറില്‍ കനത്ത വില്‍പ്പനയാണ് വിപണിയില്‍ കണ്ടത്.

രാജ്യത്തെ ബ്ലൂചിപ് കമ്പനികളുടെ സൂചികയെന്നറിയപ്പെടുന്ന നിഫ്റ്റി 50 രാവിലെ 21.10 പോയിന്റ് കുറഞ്ഞ് 19521.60 പോയിന്റില്‍ ഓപ്പണ്‍ ചെയ്തു. ഒരവസരത്തില്‍ 19556.85 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയായിരുന്നു. ദിവസത്തെ ഏറ്റവും കുറഞ്ഞ താഴ്ചയായ 19,257.85 പോയിന്റ് വരെ എത്തിയ നിഫ്റ്റി ആ താഴ്ചയില്‍നിന്ന് നേരിയ തോതിലുയര്‍ന്ന് 19,281.75 പോയിന്റില്‍ ക്ലോസ് ചെയ്തു. 19300-19280 റേഞ്ചില്‍ വിപണിക്ക് ശക്തമായ പിന്തുണയുണ്ട്. പല തവണ ഇവിടെ നിഫ്റ്റിക്ക് കണ്‍സോളിഡേഷന്‍ ലഭിച്ചിരുന്നു. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 19200 പോയിന്റില്‍ പിന്തുണയുണ്ട്.ആഗോള വിപണികളിലെ നീക്കവും ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവും എണ്ണവിലയിലെ നീക്കവുമായിരിക്കും ഇതു നിശ്ചയിക്കുക.

ക്രൂഡോയില്‍ ഇന്നു രാവിലെ നേരിയ തോതില്‍ താഴ്ന്നുവെങ്കിലും ഇപ്പോള്‍ മെച്ചപ്പെട്ട നിലയിലാണ് വ്യാപാരം. വിപണിയില്‍ നെഗറ്റീവ് മനോഭാവമുണ്ടാക്കിയ സംഗതിയും എണ്ണവിലയിലെ ഉയര്‍ച്ചയാണ്. ഓഹരികള്‍ വിറ്റ് സുരക്ഷിത മേഖലയിലേക്കു നിക്ഷേപം മാറ്റാനുള്ള തത്രപ്പാടിലാണ് പല നിക്ഷേപകരും. വെള്ളിയാഴ്ച് പോസീറ്റീവ വാങ്ങല്‍ നടത്തിയ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നു വില്‍പ്പനക്കാരായിരുന്നു.

റഷ്യ ഉള്‍പ്പെടെയുള്ള എല്ലാ യൂറോപ്യന്‍ വിപണികളും പോസിറ്റീവായിട്ടാണ് ഓപ്പണ്‍ ചെയ്തതെങ്കിലും ഇന്ത്യന്‍ വിപണി അതു തെല്ലും ശ്രദ്ധിച്ചില്ല. വ്യാപാരം പുരോഗമിച്ചതോടെ യൂറോപ്യന്‍ വിപണികളും ചുവപ്പിലേക്കു വീഴുകയും ചെയ്തു.

ഉച്ചയോടെ എല്ലാ സെക്ടര്‍ സൂചികകളിലും ചുവപ്പു വീണു. നിഫ്റ്റി മീഡിയ സൂചികയില്‍ അഞ്ചു ശതമാനത്തോളം ഇടിവാണുണ്ടായത്. നിഫ്റ്റി മെറ്റല്‍ 3.26 ശതമാനവും പിഎസ് യുബാങ്ക് സൂചിക 3.77 ശതമാനവും നിഫ്റ്റി റിയല്‍റ്റി 2.49 ശതമാനവും ഇടിവു കാണിച്ചു. ഏറ്റവും കുറവു പരുക്കേറ്റത് ബാങ്ക് നിഫ്റ്റി, നിഫ്റ്റി എഫ്എംസിജി എന്നിവയ്ക്കാണ്. നിഫ്റ്റി ഐടി 1.97 ശതമാനം ഇടിവ് കാണിച്ചു.

ഇടിവിനിടയിലും മഹീന്ദ്ര 6.9 രൂപ വര്‍ധിച്ച് 1565.15 രൂപയിലും ബജാജ് ഫിനാന്‍സ് 29.7 രൂപ വര്‍ധിച്ച് 7798 രൂപയിലും ക്ലോസ് ചെയ്തു.എല്‍ടി മൈന്‍ഡ് ട്രീ 5201.75 രൂപ (-3.96 %), അദാനി എന്റര്‍പ്രൈസ് 2,308.65 രൂപ ( -2.33%), ഹിന്‍ഡാല്‍കോ 456.7 രൂപ (-3.19 %), അദാനി പോര്‍ട്ട്സ് 771.45 രൂപ (-2.80 %), യുപിഎല്‍ 586.70 രൂപ ( -2.78 %) തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ ഇടിവു കാണിച്ചത്.