1 April 2024 5:00 AM GMT
പുതുവർഷം പുത്തൻ ഉയരങ്ങൾ താണ്ടി സൂചികകൾ; കുതിപ്പിൽ സ്‌മോൾ ക്യാപ് ഓഹരികളും
MyFin Desk
Summary
- ബാങ്കുകളുടെ വാർഷിക അക്കൗണ്ട് ക്ലോസിങ്ങിനായി ഫോറെക്സ് മാർക്കറ്റ് അവധിയാണ്
- സെക്ടറൽ സൂചികകളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്
- നിഫ്റ്റി റിയൽറ്റി സൂചിക നാല് ശതമാനത്തിലധികം ഉയർന്നു
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വ്യാപാരത്തിൽ തന്നെ ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ലെവലുകൾ താണ്ടി. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും വർധിച്ചു വരുന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് താങ്ങായി. സെൻസെക്സ് 556.98 പോയിൻ്റ് ഉയർന്ന് 74,208.33 ലും നിഫ്റ്റി 192.1 പോയിൻ്റ് ഉയർന്ന് 22,519 ലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടർന്നുള്ള വ്യാപാരത്തിൽ സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിരക്കായ 74,254.62ലും നിഫ്റ്റി 22,529.95ലും എത്തി. 2023-24 സാമ്പത്തിക വർഷത്തിൽ സെൻസെക്സ് 14,659.83 പോയിൻ്റ് അഥവാ 24.85 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 4,967.15 പോയിൻ്റ് അഥവാ 28.61 ശതമാനം ഉയർന്നു.
നിഫ്റ്റിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, അപ്പോളോ ഹോസ്പിറ്റൽസ്, അദാനി പോർട്സ്, ലാർസൻ ആൻഡ് ടൂബ്രോ, കോൾ ഇന്ത്യ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. നെസ്‌ലെ ഇന്ത്യ, ഹീറോ മോട്ടോകോർപ്, ഭാരതി എയർടെൽ, ടൈറ്റാൻ കമ്പനി, ബജാജ് ഓട്ടോ, ഐടിസി എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികകളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി റിയൽറ്റി സൂചിക നാല് ശതമാനത്തിലധികം ഉയർന്നു. മെറ്റൽ സൂചിക രണ്ടു ശതമാനം നേട്ടത്തിലെത്തി. സ്‌മോൾ ക്യാപ് ഓഹരികൾ പച്ചയിൽ തുടരുന്നു.
ഏഷ്യൻ വിപണികളിൽ, സിയോളും ഷാങ്ഹായും പച്ചയിൽ വ്യാപാരം തുടരുന്നു, ടോക്കിയോ ഇടിവിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് ക്ലോസ് ചെയ്തത്.
ബാങ്കുകളുടെ വാർഷിക അക്കൗണ്ട് ക്ലോസിങ്ങിനായി ഫോറെക്സ് മാർക്കറ്റ് അവധിയാണ്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.37 ശതമാനം ഉയർന്ന് ബാരലിന് 87.32 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.90 ശതമാനം ഉയർന്ന് 2280.90 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 188.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വെള്ളിയാഴ്ച വിപണികൾക്ക് അവധിയായിരുന്നു. വ്യാഴാഴ്ച സെൻസെക്സ് 655.04 പോയിൻ്റ് അഥവാ 0.90 ശതമാനം ഉയർന്ന് 73,651.35 ലും നിഫ്റ്റി 203.25 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 22,326.90 ലുമാണ് ക്ലോസ് ചെയ്തത്‍.