3 July 2024 5:15 AM GMT
Summary
- ആഗോള വിപണികളിലെ മികച്ച വ്യാപാരം ആഭ്യന്തര വിപണിക്ക് കരുത്തേകി
- നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക രണ്ട് ശതമാനത്തോളം ഉയർന്നു
- ബ്രെൻ്റ് ക്രൂഡ് 0.56 ശതമാനം ഉയർന്ന് ബാരലിന് 86.72 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് പുത്തൻ റെക്കോർഡിൽ. സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് കടന്നു നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലും താണ്ടി. ബാങ്കിങ് ഓഹരികളിലെ ഉയർന്നു വന്ന വാങ്ങലുകൾ സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു. ആഗോള വിപണികളിലെ മികച്ച വ്യാപാരവും ആഭ്യന്തര വിപണിക്ക് കരുത്തേകി.
സെൻസെക്‌സ് 597.77 പോയിൻ്റ് ഉയർന്ന് 80,039.22 ലും നിഫ്റ്റി 168.3 പോയിൻ്റ് ഉയർന്ന് 24,292.15 ലുമാണ് വ്യാപാരം ആരംഭിച്ചത്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, ടിസിഎസ്, അൾട്രാടെക് സിമൻ്റ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക രണ്ട് ശതമാനത്തോളം ഉയർന്നു. നിഫ്റ്റി ഫിനാൻഷ്യൽ സെർവിസ്സ്, ബാങ്ക് നിഫ്റ്റി സൂചികകൾ ഒന്നര ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നിഫ്റ്റി ഐടി, ഓയിൽ ആൻഡ് ഗ്യാസ്, എനർജി, സൂചികകൾ നഷ്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ഷാങ്ഹായ് ഇടിവിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ് ആൻഡ് പി 5509-ലാണ് ക്ലോസ് ചെയ്തത്. സൂചിക 5,500 കടക്കുന്നത് ആദ്യമായാണ്. നാസ്ഡാക്ക് കോമ്പോസിറ്റ് ഒരു ശതമാനം ഉയർന്ന് 18,028 ൽ എത്തി.
ബ്രെൻ്റ് ക്രൂഡ് 0.56 ശതമാനം ഉയർന്ന് ബാരലിന് 86.72 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2000.12 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് 0.45 ശതമാനം ഉയർന്ന് 2343 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 83.53 എത്തി.
ചൊവ്വാഴ്ചത്തെ സെൻസെക്സ് 34.74 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 79,441.45 നിഫ്റ്റി 18.10 പോയിൻ്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 24,123.85 ലുമാണ് ക്ലോസ് ചെയ്തത്.