9 Jan 2024 2:57 PM IST
ഹരിയാന എയിംസ് പദ്ധതി; 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില തൊട്ട് എല്‍ ആന്‍ഡ് ടി
MyFin Desk
Summary
- ഏകദേശം 1000 മുതൽ 2500 കോടി രൂപയോളം വരുന്ന നിർമാണ പദ്ധതി
- 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ എൽ ആൻഡ് ടി ഓഹരികൾ
- കഴിഞ്ഞ 6 മാസത്തിനിടെ ഓഹരികൾ ഉയർന്നത് 46.20%
ഹരിയാനയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് ) കോമ്പ്ലെക്സ് നിര്‍മിക്കാനുള്ള കരാര്‍ നേടി എല്‍ ആന്‍ഡ് ടി. ഏകദേശം 1000 മുതല്‍ 2500 കോടി രൂപയോളം വരുന്നതാണ് ഈ നിര്‍മാണ പദ്ധതി. കരാര്‍ നേടിയ വാര്‍ത്തകളെ തുടര്‍ന്ന് ഓഹരികള്‍ തുടക്കവ്യാപാരത്തില്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 3575.90 രൂപയിലെത്തി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി-രത്ന പിഎസ്ഇ ആയ HITES-ല്‍ നിന്നാണ് കമ്പനി സുപ്രധാന കരാര്‍ നേടിയത്. റെവാരിയിലാണ് പുതിയ എയിംസ് നിര്‍മിക്കുന്നത്.
കമ്പനി ഇത് സംബന്ധിച്ച സാമ്പത്തിക വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല, എന്നാല്‍ 1,000 കോടി രൂപ മുതല്‍ 2,500 കോടി രൂപയോളം ചെലവുള്ള പദ്ധതിയായാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ഡിസൈന്‍, എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) അടിസ്ഥാനത്തിലാണ് കമ്പനിക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്.
പുതിയ എയിംസില്‍ 720 കിടക്കകളും പഠന സൗകര്യങ്ങളുള്ള ഹോസ്പിറ്റല്‍, 30 കിടക്കകളുള്ള ആയുഷ് ഹോസ്പിറ്റല്‍, വര്‍ഷത്തില്‍ 100 വിദ്യാര്‍ത്ഥിതികള്‍ക്ക് പഠനത്തിനായുള്ള കോളജ്, ഒരു നഴ്‌സിംഗ് കോളജ്, 500 സീറ്റുകളുള്ള ഓഡിറ്റോറിയം, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്‍പ്പെടുന്നു. മൊത്തം 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ എയിംസിന്റെ നിര്‍മ്മാണം.
കഴിഞ്ഞ ആറ് മാസത്തിനിടെ എല്‍ ആന്‍ഡ് ടി ഓഹരികള്‍ 46.20 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ എല്‍ ആന്‍ഡ് ടി ഓഹരികള്‍ എന്‍എസ്ഇ യില്‍ 2.22 ശതമാനം ഉയര്‍ന്ന് 3,578.90 രൂപയിലാണ് വ്യാപാരം തുടരുന്നത്.