image

7 Nov 2023 2:25 AM GMT

Stock Market Updates

ആഗോള വിപണികള്‍ നെഗറ്റിവ്; നിക്ഷേപകരില്‍ അനിശ്ചിതത്വം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market | Trade
X

Summary

  • ഏഷ്യന്‍ ഓഹരി വിപണികള്‍ ചുവപ്പില്‍ വ്യാപാരം തുടരുന്നു
  • ഹൊനാസ കണ്‍സ്യൂമറിന്‍റെ വിപണി അരങ്ങേറ്റം ഇന്ന്
  • ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം ഇടിവില്‍


തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നേട്ടവുമാണ് ആഭ്യന്തര ഓഹരി വിപണികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബി‌എസ്‌ഇ സെൻസെക്‌സ് 595 പോയിന്റ് ഉയർന്ന് 64,959ൽ എത്തി നിഫ്റ്റി 181 പോയിന്റ് ഉയർന്ന് 19,412ൽ എത്തി. ആഗോള തലത്തിലെ പോസിറ്റിവ് പ്രവണതകളും ദീപാവലിക്കു മുന്നേയുള്ള ആവേശവും മികച്ച കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളും വിപണികളെ മുന്നോട്ടു നയിച്ചു. പൊതുമേഖലാ ബാങ്ക് ഒഴികെയുള്ള എല്ലാ പ്രധാന മേഖലകളിലെയും ഓഹരികള്‍ മുന്നേറ്റമാണ് പ്രകടമാക്കിയത്.

എന്നാല്‍ റാലി തുടരാനാകുമോ എന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ അനിശ്ചിതത്വം നിഴലിക്കുന്നുവെന്നാണ് ഇന്നത്തെ ആഗോള വിപണി പ്രവണതകള്‍ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതും ചൈനയിലെ വീണ്ടെടുപ്പ് വീണ്ടും തളര്‍ച്ച പ്രകടമാക്കുന്നതും ഉയര്‍ന്ന പലിശ നിരക്ക് എത്രകാലം തുടരുമെന്നതിലെ വ്യക്തത കുറവും നിക്ഷേപകരെ ബാധിക്കുന്നു.

ഇന്ത്യയുടെ ഇടക്കാല വളര്‍ച്ചാ നിഗമനം ഫിച്ച് റേറ്റിംഗ്‍സ് 5.5 ശതമാനത്തില്‍ നിന്ന് 6.2 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒക്റ്റോബറില്‍ ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ 5.5 ശതമാനം വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടും ഇന്നലെ പുറത്തുവന്നു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,338-ലും തുടർന്ന് 19,311-ലും 19,268-ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,425 ആദ്യത്തെ റെസിസ്റ്റന്‍സായി കണക്കാക്കുന്നു, തുടര്‍ന്ന് 19,452ഉം 19,495ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയ എഎസ്എക്സ്, ചൈനയിലെ ഷാങ്ഹായ് എസ്ഇ കംപോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ് സെങ് , ജപ്പാനിന്‍റെ നിക്കി , തായ്‌വാൻ ടിഎസ്ഇസി തുടങ്ങിയ സൂചികകളെല്ലാം ചുവപ്പിലാണ്. യൂറോപ്യന്‍ വിപണികളിലും ഇന്നലത്തെ വ്യാപാരം പൊതുവില്‍ നഷ്ടത്തിലാണ് അവസാനിച്ചിട്ടുള്ളത്.

വാൾസ്ട്രീറ്റിലെ റാലി തുടരുമോ എന്ന വിലയിരുത്തലില്‍ മുഴുകിയ നിക്ഷേപകർ ജാഗ്രതാപൂര്‍ണമായ സമീപനം സ്വീകരിച്ചതോടെ തിങ്കളാഴ്ച വൈകുന്നേരത്തെ വ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ താഴ്ന്നു. ഡൗ ജോൺസ് ഇന്‍ഡസ്ട്രിയല്‍ ആവറേജുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ 61 പോയിന്റ് ( 0.2 ശതമാനം ഇടിഞ്ഞു) ഇടിഞ്ഞു. എസ് & പി 500 ഫ്യൂച്ചറുകളും നാസ്ഡാക്ക് 100 ഫ്യൂച്ചറുകളും ഏകദേശം 0.2 ശതമാനം കുറഞ്ഞു. തിങ്കളാഴ്ചത്തെ പതിവ് വ്യാപാരത്തില്‍ മൂന്നു വിപണികളും നേട്ടത്തിലായിരുന്നു.

ഗിഫ്റ്റ് നിഫ്റ്റിയിലെ ഇന്നത്തെ വ്യാപാരത്തിന്‍റെ തുടക്കം നെഗറ്റിവാണ്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം ഇടിവിലായിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഹൊനാസ കൺസ്യൂമർ: ബ്യൂട്ടി, പേഴ്‌സണൽ കെയർ പ്രൊഡക്‌സ് ബ്രാൻഡായ മമെഎർത്തിന്‍റെ മാതൃകമ്പനി ഇന്ന് (നവംബർ 7) വിപണിയിൽ അരങ്ങേറുന്നു. അവസാന ഇഷ്യു വില ഒരു ഷെയറിന് 324 രൂപയായി നിശ്ചയിച്ചു.

ബജാജ് ഫിനാൻസ്: ധനസമാഹരണത്തിനായി നവംബർ 6-ന് കമ്പനി ക്വാളിഫൈഡ് ഇന്‍സ്‍‍റ്റിറ്റ്യൂഷ്‍ണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) ആരംഭിച്ചു. ഓഹരി ഒന്നിന് 7,533.81 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. തറ വിലയിൽ 5 ശതമാനം വരെ കിഴിവ് സ്ഥാപനം വാഗ്ദാനം ചെയ്തേക്കാം.

എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: നൈക ഓപ്പറേറ്റർ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 5.85 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി, മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 42.3 ശതമാനം വളർച്ച കൈവരിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 22.4 ശതമാനം വർധിച്ച് 1,507 കോടി രൂപയായി.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ: ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ ജൂലൈ-സെപ്റ്റംബർ കാലയളവിൽ സ്റ്റാൻഡ് എലോണ്‍ ലാഭം മുന്‍ പാദത്തെ അപേക്ഷിച്ച് 17.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,118.2 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള സ്റ്റാൻഡ് എലോണ്‍ വരുമാനം പാദാടിസ്ഥാനത്തില്‍ 14.5 ശതമാനം ഇടിഞ്ഞ് 95,701 കോടി രൂപയായും എബിറ്റ്ഡ 14.9 ശതമാനം ഇടിഞ്ഞ് 8,217 കോടി രൂപയായും മാറി.

ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്: ഗ്യാസ് ട്രാൻസ്മിഷൻ കമ്പനിയുടെ സെപ്റ്റംബര്‍ പാദത്തിലെ ഏകീകൃത ലാഭം 590.4 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനയാണിത്. പ്രവർത്തന വരുമാനം 3.8 ശതമാനം വർധിച്ച് 4,265.2 കോടി രൂപയായി.

ഗ്ലാന്‍ഡ് ഫാര്‍മ: ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഫാർമ കമ്പനിയുടെ ഏകീകൃത ലാഭം 20 ശതമാനം വാര്‍ഷിക ഇടിവോടെ 194.1 കോടി രൂപയായി. ആരോഗ്യകരമായ വരുമാനം ഉണ്ടായിരുന്നിട്ടും എബിറ്റ്ഡ മാർജിൻ പ്രകടനം ദുർബലമായതാണ് പ്രകടനത്തെ ബാധിച്ചത്. ഏകീകൃത വരുമാനം 32 ശതമാനം വർധിച്ച് 1,373.4 കോടി രൂപയായി.

ക്രൂഡ് ഓയിലും സ്വര്‍ണവും

സൗദി അറേബ്യയും റഷ്യയും ഈ വർഷാവസാനം വരെ സ്വമേധയാ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച എണ്ണ വില ഉയർന്നു, ഇറാന്റെ എണ്ണയ്ക്ക്മേല്‍ യുഎസ് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ആശങ്കയും പരന്നിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 41 സെന്റ് അഥവാ 0.5 ശതമാനം ഉയർന്ന് ബാരലിന് 85.30 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 54 സെൻറ് അഥവാ 0.7 ശതമാനം ഉയർന്ന് 81.05 ഡോളറിലാണ്.

യുഎസ് ബോണ്ട് യീൽഡുകളിൽ നേരിയ വർധനവ് കാരണം തിങ്കളാഴ്ച സ്വർണ്ണ വില ഇടിഞ്ഞു. പലിശ നിരക്ക് വീക്ഷണത്തെക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി, ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ ഈ ആഴ്ച അവസാനം നടത്തുന്ന പ്രസംഗത്തിലേക്ക് നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സ്പോട്ട് ഗോൾഡ് 0.4 ശതമാനം കുറഞ്ഞ് ഔൺസിന് 1,983.49 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.4 ശതമാനം ഇടിഞ്ഞ് 1,990.60 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 549.37 കോടി രൂപയുടെ അറ്റ വില്‍പ്പന ഇന്നലെ ഓഹരികളില്‍ നടത്തി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 595.70 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം