image

9 May 2024 9:02 AM GMT

Stock Market Updates

ആർബിഐ പിടിമുറുക്കി; മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ കൂപ്പുകുത്തി

MyFin Desk

ആർബിഐ പിടിമുറുക്കി; മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ കൂപ്പുകുത്തി
X

Summary

  • ഒരു എൻബിഎഫ്‌സിയും 20,000 രൂപയിൽ കൂടുതൽ ലോൺ തുക പണമായി നൽകരുതെന്ന് കേന്ദ്ര ബാങ്ക്
  • മുത്തൂറ്റ് ഫിനാൻസിന്റെ കീഴിലുള്ള ആസ്തികളിൽ 84% സ്വർണവായ്പകളാണ്
  • മുത്തൂറ്റിന്റെ സ്വർണ്ണ വായ്പയുടെ 40 ശതമാനവും ഓൺലൈൻ വഴിയാണ് നടക്കുന്നത്


മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് കമ്പനികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്വൈസറി ലെറ്റർ. വായ്പകൾ വിതരണം ചെയ്യുന്നത് പരിമിതിപ്പെടുത്താനാണ് ആർബിഐയുടെ പുതിയ നിർദ്ദേശം. വാർത്തകളെ തുടർന്ന് മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 8 ശതമാനം വരെ ഇടിഞ്ഞു. തുടർന്നുള്ള വ്യാപാരത്തിൽ ഓഹരികൾ മുന്നേറ്റം നടത്തി.

പണം വിതരണം ചെയ്യുന്നതിനുള്ള ആദായനികുതി നിയമം (ഐടി) കർശനമായി പാലിക്കാൻ രണ്ട് എൻബിഎഫ്‌സികളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. കൂടാതെ ഒരു എൻബിഎഫ്‌സിയും 20,000 രൂപയിൽ കൂടുതൽ ലോൺ തുക പണമായി നൽകരുതെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

രാജ്യത്തെ വലിയ സ്വർണ്ണ വായ്പ നൽകുന്ന എൻബിഎഫ്‌സികൾ പണം വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള വ്യക്തതയ്ക്കായി ആർബിഐയെ സമീപിച്ചതിന് ശേഷമാണ് പുതിയ നിർദ്ദേശങ്ങൾ അയച്ചത്. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ഗോൾഡ് ലോൺ ഫിനാൻസിയർമാർക്ക് ആർബിഐയുടെ മേൽനോട്ട വകുപ്പാണ് പുതിയ നിർദ്ദേശം നൽകിയത്.

ഈ വർഷം മാർച്ചിൽ, ഐഐഎഫ്എൽ ഫിനാൻസിനെ സ്വർണവായ്പ വിതരണം ചെയ്യുന്നതിൽ നിന്ന് ആർബിഐ വിലക്കിയിരുന്നു.

2023 ഡിസംബറിലെ കണക്കനുസരിച്ച് മുത്തൂറ്റ് ഫിനാൻസിന്റെ കീഴിലുള്ള ആസ്തികളിൽ (എയുഎം) 84 ശതമാനവും മണപ്പുറത്തിൻ്റെ 51 ശതമാനവും സ്വർണവായ്പകളാണ്. മണപ്പുറത്തിന്റെ വിതരണത്തിൽ 40 ശതമാനം പണമായാണ് നൽകുന്നത്, സ്വർണ വായ്പ മേഖലയിൽ 56 ശതമാനം ഇടപാട് നടത്തുന്നത് ഓൺലൈൻ വഴിയുമാണ്. മുത്തൂറ്റിന്റെ സ്വർണ്ണ വായ്പയുടെ 40 ശതമാനവും ഓൺലൈൻ വഴിയാണ് ഇടപാട് നടക്കുന്നത്.

മണപ്പുറം, മുത്തൂറ്റ് ഫിനാൻസിൻ ഓഹരികളിലെ സമീപകാല നീക്കങ്ങൾ പ്രതികൂലമാകുമെന്ന് അന്താരാഷ്ട്ര ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നു. സ്വർണവായ്പകൾ കുറഞ്ഞതിനാൽ മുത്തൂറ്റിനെ അപേക്ഷിച്ച് മണപ്പുറത്തിൻ്റെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സാഹചര്യവും കാണുന്നതായി അവർ വ്യക്തമാക്കി.

നിലവിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ എൻഎസ്ഇ യിൽ 2.37 ശതമാനം താഴ്ന്ന് 1,620.05 രൂപയിലാണ് വ്യാപാരം തുടരുന്നത്. മണപ്പുറം ഫിനാൻസ് ഓഹരികൾ 6.28 ശതമാനം ഇടിഞ്ഞ് 169.70 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല