15 Nov 2023 4:56 PM IST
എംഎസ്‌സിഐ സൂചികയിൽ 9 ഇന്ത്യൻ ഓഹരികൾ കൂടി ഉൾപ്പെടുത്തി, 1 .72 ബില്യൺ ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്നു
MyFin Desk
Summary
- സൂചികയിലെ രാജ്യത്തിന്റെ പങ്ക് 16.3 ശതമാനത്തിലെത്തും
- നവംബർ 30 മുതൽ എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചിക പ്രാബല്യത്തിൽ വരും
- 2023-ൽ ഇതുവരെ 12 ബില്യൺ ഡോളറിലധികം ആഗോള ഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണൽ (എംഎസ്‌സിഐ) ഇന്ത്യ സ്റ്റാൻഡേർഡ് സൂചികയിൽ ഇടം നേടി ഒൻപത് ഇന്ത്യൻ ഓഹരികൾ. പുതുതായി പുറത്തു വിട്ട റിലീസിലായിരുന്നു എംഎസ്‌സിഐ ഇതറിയിച്ചത്. സൂചികയിലുള്ള മറ്റു ഇന്ത്യൻ ഓഹരികളിൽ മാറ്റമൊന്നുമില്ലെന്ന് റിലീസിൽ വ്യക്തമാക്കി. മാറ്റങ്ങൾക്ക് ശേഷം, സൂചികയിൽ ഇന്ത്യയിൽ നിന്നും 131 കമ്പനികൾ ഉൾപെടും. ഇതോടെ സൂചികയിലെ രാജ്യത്തിന്റെ പങ്ക് എക്കാലത്തെയും ഉയർന്ന നിരക്കായ 16.3 ശതമാനത്തിലെത്തും.
ഇൻഡസ്‌ഇൻഡ് ബാങ്ക്, സുസ്‌ലോൺ എനർജി, പെർസിസ്റ്റന്റ് സിസ്റ്റംസ്, എപിഎൽ അപ്പോളോ, പോളിക്യാബ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എ, വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം), ടാറ്റ കമ്മ്യൂണിക്കേഷൻസ് എന്നി ഒൻപത് ഓഹരികളാണ് സൂചികയിൽ ഇടം നേടിയത്.
നുവാമ വെൽത്ത് മാനേജ്മെന്റ് കമ്പനിയുടെ കണക്കുകൾ പ്രകാരം, 1 .72 ബില്യൺ ( 14300 കോടിയുടെ) കൂടി ചേർക്കലുകളാണ് എംഎസ്‌സിഐ നടത്തിയത്. നവംബർ 30 മുതൽ എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചിക പ്രാബല്യത്തിൽ വരും. സുസ്‌ലോൺ എനർജി, പെർസിസ്റ്റന്റ് സിസ്റ്റംസ്, എപിഎൽ അപ്പോളോ എന്നിവ നേരത്തെ എംഎസ്‌സിഐ സ്‌മോൾക്യാപ് സൂചികയുടെ ഭാഗമായിരുന്നു. നവംബർ 30 മുതൽ നടപ്പാക്കൽ പ്രാബല്യത്തിൽ വരുമ്പോൾ ഈ സൂചികയിൽ നിന്ന് ഈ ഓഹരികളെ നീക്കം ചെയ്യും.
സൂചികയിൽ ഉൾപ്പെടുത്തുന്നതുകൊണ്ടു ഈ ഓഹരികൾ ആകര്ഷിക്കാവുന്ന 1 .72 ബില്യനിൽ , ഇൻഡസ്ഇൻഡ് ബാങ്കിൽ 290 ദശലക്ഷം ഡോളറും സുസ്ലോൺ 264 ദശലക്ഷം ഡോളറും പെർസിസ്റ്റന്റ് സിസ്റ്റംസ് 254 ദശലക്ഷം ഡോളറും ആകര്ഷിക്കുമെന്നാണ് റിപോർട്ടുകൾ. ശേഷിക്കുന്ന ഓഹരികൾക്ക് 227-160 ദശലക്ഷം ഡോളറിന്റെ ഇടയിൽ നിക്ഷേപം ഉണ്ടാകും .
എംഎസ്‌സിഐ സ്റ്റാൻഡേർഡ് സൂചികയിലെ മാറ്റങ്ങളെ തുടർന്ന് സ്മാൾ ക്യാപ് സൂചികയിലും നിരവധി കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും കാരണമായി. സ്മാൾ ക്യാപ് സൂചികയിൽ 42 ഓഹരികൾ കൂട്ടിച്ചേർക്കപ്പെടും, 19 ഓഹരികൾ സൂചികയിൽ നിന്ന് നീക്കം ചെയ്യും.
എജിഐ ഗ്രീൻപാക്, ഡോഡ്‌ല ഡയറി, ഗോകൽദാസ് എക്‌സ്‌പോർട്ട്‌സ്, എസ്‌ജെവിഎൻ, ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി, പിടിസി ഇന്ത്യ, ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്കുകൾ, അരവിന്ദ് ഫാഷൻസ്, ഇലക്‌ട്രോസ്റ്റീൽ കാസ്റ്റിംഗ്‌സ്, ഡിബി റിയാലിറ്റി, ഓറിയന്റ് സിമന്റ്‌സ്, ഗബ്രിയേൽ ഇന്ത്യ, ആസ്ട്ര മൈക്രോവേവ് എഞ്ചിനീയർ തുടങ്ങിയ ഓഹരികൾ സ്മാൾ ക്യാപ് സൂചികയിൽ ഉൾപ്പെടുത്തും .
എംഎസ്‌സിഐ സ്‌മോൾക്യാപ് സൂചികയിൽ നിന്ന് ജിൻഡാൽ സ്റ്റെയിൻലെസ്, ഡാൽമിയ ഭാരത്, വോഡഫോൺ ഐഡിയ, ഭെൽ, ലിൻഡെ ഇന്ത്യ, തെർമാക്‌സ്, എസിസി, ഇന്ത്യൻ ബാങ്ക്, എസ്‌കോർട്ട്‌സ് കുബോട്ട എന്നി ഓഹരികൾ നീക്കം ചെയ്യും.
2023-ൽ ഇതുവരെ 12 ബില്യൺ ഡോളറിലധികം ആഗോള ഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. എംഎസ്‌സിഐയുടെ ഇഎം ഗേജിൽ ചൈനയ്ക്ക് ഏറ്റവും ഉയർന്ന പങ്കാണുള്ളത്, 27 ശതമാനം. തുടർന്ന് ഇന്ത്യ 16 ശതമാനവും തായ്‌വാൻ 15 ശതമാനവും.