image

16 Oct 2024 1:59 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്ടോബര്‍ 16)

Joy Philip

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്ടോബര്‍ 16)
X

സെപ്റ്റംബര്‍ പണപ്പെരുപ്പക്കണക്കുകള്‍ ഇന്ത്യന്‍ വിപണിയുടെ പോസീറ്റീവ് മനോഭാവത്തെ ബാധിച്ചു. റിക്കാര്‍ഡ് ഉയരത്തിനടുത്തു നീങ്ങുന്ന ഇന്ത്യന്‍ വിപണി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ റേഞ്ചിലാണ് നീങ്ങിയിരുന്നത്. ബഞ്ച്മാര്‍ക്കാ സൂചികയായ നിഫ്റ്റി 25000 പോയിന്റിനു ചുറ്റളവില്‍ കണ്‍സോളിഡേറ്റ് ചെയ്യാനുള്ള പ്രവണതയാണ് കാണിക്കുന്നത്.

രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ് വിപണിക്കു ട്രിഗര്‍ ആകേണ്ടത്. ടിസിഎസും തിങ്കളാഴ്ചത്തെ റിലയന്‍സ് ഫലവും നിരാശപ്പെടുത്തി. നാളെ ഇന്‍ഫോസിസിന്റെ ഫലമെത്തും. വിപണി സെന്റിമെന്റിനെ ബാധിക്കുന്നഫലമാണിത്.

വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനയും രൂപയുടെ താഴ്ചയും വിപണി പണപ്പെരുപ്പത്തിനു ശക്തിക്കൂട്ടും. എന്നാല്‍ പലവിധകാരണങ്ങള്‍കൊണ്ട് ക്രൂഡോയില്‍ വില താഴ്ന്നു നില്‍ക്കുന്നതാണ് ആശ്വാസം പകരുന്നത്.

ഇന്ന് ആഗോള വിപണികളില്‍നിന്നുള്ള സൂചനകളും അത്ര നന്നല്ല. ഇന്നലെ അവസാനിച്ച യുഎസ്, യൂറോപ്യന്‍ വിപണികളും ഇന്നാരംഭിച്ച ഏഷ്യന്‍ വിപണികളും നെഗറ്റീവാണ്. യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് നേരിയ തോതില്‍ പോസീറ്റീവായി തുടരുകയാണ് എന്നതാണ് ആശ്വാസകരമായിട്ടുള്ളത്.

നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങേണ്ട് സമയമാണ്. റേഞ്ച് ബൗണ്ട് നീക്കം നിഫ്റ്റിയില്‍ പ്രതീക്ഷിച്ചാല്‍ മതി.

ഇന്ത്യന്‍ വിപണി ഇന്നലെ

ആഗോള വിപണികള്‍ പുതിയ ഉയരങ്ങള്‍ തേടുമ്പോള്‍ ഇന്ത്യന്‍ വിപണി പതുങ്ങുകയാണ്. ഇന്ത്യന്‍ വിപണിയുടെ ദൗര്‍ബല്യങ്ങളാണ് മുന്നേറ്റത്തിനു വിഘാതമായി നില്‍ക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം കുറയുന്നതും ഉയരുന്ന പണപ്പെരുപ്പവുമെല്ലാം വിപണിയെ ദുര്‍ബലമാക്കുകയാണ്. പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ പലിശനിരക്ക് വെട്ടിക്കുറയ്ക്കല്‍ താമസിക്കുമെന്ന വിലയിരുത്തല്‍ വിപണി മനോഭാവത്തെ ബാധിക്കുകയാണ്. ഇന്നലെ രാവിലെ മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത വിപണിക്ക് പക്ഷേ, അതു നിലനിര്‍ത്താനായില്ല. താഴേയ്ക്ക് പോരുകയായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ 70.60 പോയിന്റ് (0.28 ശതമാനം) താഴ്ന്ന് 25057.35 പോയിന്റിലാണ് ക്ലോസ് ചെയ്തത്. താഴ്ന്നുവെങ്കിലും 25000 പോയിന്റിനു മുകളി്ല്‍ ന്ിലനില്‍ക്കുവാന്‍ നിഫ്റ്റിക്കു കഴിഞ്ഞു. ദിവസത്തെ താഴ്ന്ന പോയിന്റിനേക്കാള്‍ നേരിയ ഉയര്‍ച്ചയേ ക്ലോസിംഗിനുള്ളു.

ബാങ്ക്, കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, ഫാര്‍മ തുടങ്ങിയവ നിഫ്റ്റിക്കു പിന്തുണ നല്‍കി. എന്നാല്‍ ഐടി, ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, മീഡിയ തുടങ്ങിയവ മേഖലകള്‍ കുറയുകയായിരുന്നു. സ്‌മോള്‍കാപ് മിഡ്കാപ് ഓഹരികള്‍ വിപണിയില്‍ സജീവമായിരുന്നു. മെറ്റല്‍ ഇന്നും വന്‍ ഇടിവാണ് കാണിച്ചത്. ചൈനീസ് ഉത്തേജകനടപടികളെക്കുറിച്ചു വിശദാംശങ്ങളൊന്നും എത്താത്തതാണ് മെറ്റല്‍ മേഖലയുടെ മനോഭാവത്തെ ബാധിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ശക്തമായ ഇടിവു കാണിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 152.93 പോയിന്റ് (0.19 ശതമാനം) താഴ്ന്ന് 81820.12 പോയിന്റില്‍ ക്ലോസ് ചെയ്തു.

കൂുടതല്‍ ഉത്തേജകനടപടികളെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ സൂചന നല്‍കിയത് മെറ്റല്‍ മേഖലയ്ക്കു സഹായകമാകുമെന്നു വിലയിരുത്തുന്നു. പക്ഷേ ഇതു സംബന്ധിച്ചു വിശദാംശങ്ങള്‍ പ്രഖ്യാപിക്കാത്തതാണ് മെറ്റല്‍ ഓഹരികള്‍ക്കു പ്രതികൂലമായത്. വെള്ളിയാഴ്ച മെറ്റല്‍ തൃപ്തികരമായ ഉയര്‍ച്ച നേടിയിരുന്നു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി സൂചികയിലെ റേഞ്ച് ബൗണ്ട് നീക്കം തുടരുകയാണ്.

നിഫ്റ്റി 25250 പോയിന്റിനു മുകളിലേക്കു ശക്തമായി എത്തിയാല്‍ മാത്രമേ പുതിയ ഉയരങ്ങളിലേക്കു നീങ്ങുവാന്‍ നിഫ്റ്റിക്കു സാധിക്കുകയുള്ളു.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25160 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത ലക്ഷ്യം 25234 പോയിന്റാണ്. തുടര്‍ന്നു മുന്നോട്ടു നീങ്ങിയാല്‍ 25302 പോയിന്റിലേക്ക് എത്താം. ഒക്ടോബര്‍ ഒന്നിലെ ഗ്യാപ് ഡൗണ്‍ പോയിന്റായ 25740 ശക്തമായ റെസിസ്റ്റന്‍സായി നില്‍ക്കുകയാണ്.

നിഫ്റ്റിയില്‍ ഇന്നു തിരുത്തലുണ്ടായാല്‍ 24920-25000 പോയിന്റിലാണ് ഏറ്റവുമടുത്ത പിന്തുണ. തുടര്‍ന്ന് 24750 പോയിന്റിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 44.82 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഇന്നലെ ബാങ്ക് നിഫ്റ്റി നേരിയ ഉയര്‍ച്ചയോടെ (89.1 പോയിന്റ്) നേട്ടത്തോടെ 51906 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിക്ക് 51000 പോയിന്റിനു മുകളില്‍ സാമാന്യം ശക്തമായ പിന്തുണ നേടിയിരിക്കുന്നു.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 52360 തലത്തില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 52590 പോയിന്റിലും 52820 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51700 പോയിന്റിലും തുടര്‍ന്ന് 50900-51000 തലത്തിലും പിന്തുണ കിട്ടും.അടുത്ത ലക്ഷ്യം 50450 പോയിന്റാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 49.45 ആണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 10.5 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് എല്ലാം പോസീറ്റീവാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വികസ് ഇന്നലെ വ്യത്യാസമില്ലാതെ തലേദിവസത്തെ 13 പോയിന്റില്‍ തുടര്‍ന്നു. വിപണിയിലെ വന്‍ വ്യതിയാനം കുറഞ്ഞ് സ്ഥിരതനേടുകയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.94-ലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്ചയിത് 0.93 ആയിരുന്നു. വിപണി ബുള്ളീഷ് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെയും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഇന്നലെ അവര്‍ 16097.89 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 17846.6 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍പ്പന 1748.71 കോടി രൂപ. ഇതോടെ ഒക്ടോബര്‍ 15 വരെ അവരുടെ നെറ്റ് വില്‍പ്പന 63874.86 കോടി രൂപയിലേക്ക് ഉയര്‍ന്നു.

അതേ സമയം എഫ്‌ഐഐ വില്‍പ്പന പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും തയാറായി. അവരുടെ നെറ്റ് വാങ്ങല്‍ ഇന്നലെ 1654.96 കോടി രൂപയായി. ഇതോടെ ഒക്ടോബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 61725.25 കോടി രൂപയായി ഉയര്‍ന്നു. ഇന്നലെ അവര്‍ 13299.43 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11547.47 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ മിക്ക ഇന്ത്യന്‍ എഡിആറുകളും മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. തുടര്‍മൂന്നാം ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷം ഐടി ഓഹരികളായ ഇന്‍ഫോസിസും (1.46 ശതമാനം) വിപ്രോയും(3.33 ശതമാനം) താഴ്ന്നു. എന്നാല്‍, രണ്ടാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാ്റ്റമില്ലാതെ തുടര്‍ന്നു. ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക് 0.51 ശതമാനം മെച്ചപ്പെട്ടപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 0.66 ശതമാനം ഇടിവു കാണിച്ചു. ഡോ. റെഡ്ഡീസ് 0.32 ശതമാനവും മേക്ക് മൈ ട്രിപ് 0.19 ശതമാനവും യാത്ര ഓണ്‍ലൈന്‍ 1.19 ശതമാനവും ഉയര്‍ന്നു.

യുഎസ് വിപണി സൂചികകള്‍

യൂറോപ്യന്‍ വിപണിക്കു പിന്നാലെ തുറന്ന യുഎസ് വിപണികള്‍ ഇന്നലെ രാവിലെ നൂറ്റിയഴുപത്തിയഞ്ചോളം പോയിന്റ് മെച്ചപ്പെട്ടാണ് ഡൗ ഓപ്പണ്‍ ചെയ്തത്. റിക്കാര്‍ഡ് ഉയരത്തില്‍ ( 43277.78 പോയിന്റ് ) എത്തിയ ഡൗ പിന്നീടേ താഴേയ്ക്കു നീങ്ങുകയായിരുന്നു. ചില പ്രധാനപ്പെട്ട കമ്പനികളുടെ മൂന്നാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ മോശമായതാണ് വില്‍പ്പനയ്ക്കു കാരണമായത്. വ്യാപരത്തിനൊടുവില്‍ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് ഇന്നലെ 324.8 പോയിന്റ് (0.75 ശതമാനം) താഴ്ന്ന് 42740.42 പോയിന്റില്‍ ക്ലോസ് ചെയ്തു.തിങ്കളാഴ്ച ആദ്യമായി 43000 പോയിന്റ്ു കടന്ന ഡൗ ഇന്നലെ വീണ്ടും അതിനു താഴേയ്ക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം റിക്കാര്‍്ഡ് ഉയരത്തിലെത്തിയ (5871.41 പോയിന്റ്) എസ് ആന്‍ഡ് പി 500 സൂചിക ഇന്നലെ 44.59 പോയിന്റു (0.76 ശതമാനം) താഴ്ന്ന് 5815.26 പോയിന്റില്‍ ക്ലോസ് ചെയ്തു. ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 187.1 പോയിന്റ് (1.01 ശതമാനം) ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ രണ്ടു വ്യാപാരദിവസങ്ങളില്‍ മെച്ചപ്പെട്ടു ക്ലോസ് ചെയ്ത യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ ആ നേട്ടത്തിലൊരു ഭാഗം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എഫ്ടിഎസ്ഇ യുകെ 43.38 പോയിന്റും (0.52 ശതമാനം) സിഎസി ഫ്രാന്‍സ് 80.09 പോയിന്റും (1.05 ശതമാനം) ജര്‍മന്‍ ഡാക്സ് 22.10 പോയിന്റ്ും (0.11 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 102.1 പോയിന്റും (0.29 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് നേരിയതോതിലാണെങ്കിലും മെച്ചപ്പെട്ടാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍: തിങ്കളാഴ്ചത്തെ അവധിക്കുശേഷം തുറന്ന ജാപ്പനീസ് നിക്കി സൂചിക ഇന്നലെ 304.75 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ നിക്കി 550 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 671.94 പോയിന്റ് (1.68 ശതമാനം) താഴ്ന്നാണ് നീങ്ങുന്നത്. കൊറിയന്‍ കോസ്പി 24.13 പോയിന്റ് താഴ്ന്നു് നീങ്ങുകയാണ്.

പ്രശ്‌നത്തിലായ സമ്പദ്ഘടനയെ ഉത്തേജിപ്പുക്കുവാന്‍ ചൈന പ്രഖ്യാപിച്ച ഉത്തേജകപദ്ധതികള്‍ മതിയാവുകയില്ലെന്ന വിലയിരുത്തലുകള്‍ ഇന്നലെ സിംഗപ്പൂര്‍ വിപണിയില്‍ വില്‍പ്പനയ്ക്കു കാരണമായി. ചൊവ്വാഴ്ച 775 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്ത സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക ഇന്നു രാവിലെ താഴ്ന്ന് ഓപ്പണ്‍ ചെയ്തിനുശേഷം 174.04 പോയിന്റ് താഴ്ന്നു നീങ്ങുകയാണ്. ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ 22.21 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്. ചൊവ്വാഴ്ച 83 പോയിന്റ് താഴ്ന്നാണ് ക്ലോസ്‌ചെയ്തിരുന്നത്.

.കമ്പനി വാര്‍ത്തകള്‍

ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ബജാജാ ഓട്ടോ, എല്‍ ആന്‍ഡ് ടി ടെക്‌നോളജി, എംഫസിസ്, ടിപ്‌സ് മ്യൂസിക്, ക്രിസില്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, അക്‌സീലിയ സൊലൂഷന്‍സ്, ആദിത്യ ബിര്‍ള മണി തുടങ്ങിയ 20 കമ്പനികള്‍ ഫലം പുറത്തുവിടും.

ഹ്യൂണ്ടായി മോട്ടോര്‍ ഐപിഒ: രാജ്യത്തെ ഏറ്റവും വലിയ പബ്ളിക് ഇഷ്യുമായി കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ സബ്സിഡിയറിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഇഷ്യുവിന് ആദ്യ ദിവസം 18 ശതമാനം അപേക്ഷ ലഭിച്ചു. റീട്ടെയില്‍ വിഭാഗത്തില്‍ 26 ശതമാനം അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇഷ്യു 17-ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 1865-1960 രൂപ. ഒക്ടോബര്‍ 22-ന് ഓഹരി എന്‍എസ് ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്യും. ലിസ്റ്റിംഗ് ലക്ഷ്യമാക്കിയാണ് ഇഷ്യു. കമ്പനി ഇഷ്യു വഴി 27870 കോടി രൂപ സ്വരൂപിക്കും. തിങ്കളാഴ്ച ആങ്കര്‍ നിക്ഷേപകരില്‍നിന്ന് കമ്പനി 8315 കോടി രൂപ സമാഹരിച്ചിരുന്നു. 1960 രൂപയായിരുന്നു ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില.

ക്രൂഡോയില്‍ വില

ഇറാന്റെ ക്രൂഡോയില്‍, ആണവ സംവിധാനങ്ങളെ ആക്രമിക്കുകയില്ലെന്ന് ഇസ്രായേല്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് ക്രൂഡോയില്‍ വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുകയാണ്. ഇറാന്‍ ഈ മാസാദ്യം ഇസ്രായേലിനെതിരേ മിസൈലാക്രമണം ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ചൈനീസ് സമ്പദ്ഘടനയുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകളും ക്രൂഡോയില്‍ വില കുറയാന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. 2024-ല്‍ ശേഷിച്ച കാലയളവിലേക്കു ക്രൂഡോയില്‍ ഡിമാണ്ട് കുറയുമെന്ന ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ ( ഐഇഎ) വിലയിരുത്തുന്നു. 2025 ആദ്യ ക്വാര്‍ട്ടറില്‍ ക്രൂഡോയിലില്‍ അധിക ലഭ്യതയാണ് ഐഇഎ കണക്കാക്കുന്നത്. പെട്രോളിയം ഉത്പാദകരാജ്യങ്ങളുടെ സംഘടനയായ ഒപ്പെകും ഡിമാണ്ട് വളര്‍ച്ച കുറയുകയാണെന്നു കണക്കാക്കിയിട്ടുണ്ട്.

.ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 74.44 ഡോളറാണ്. ചൊവ്വാഴ്ച 75.37 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 71.78 ഡോളറുമാണ്. ഇന്നലെയിത് 71.88 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ

രൂപ ഡോളറിനെതിരേ 84-നു താഴെത്തന്ന്െ തുടരുകയാണ്. ചൊവ്വാഴ്ച ഡോളറിന് 84.05 രൂപയാണ്. ഒക്‌ടോബര്‍ 11-ന് ഡോളറിന് 84.1 എന്ന നിലയിലായിരുന്നു രൂപ. അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നല. തിങകളാഴ്ച 84.05ലേക്ക രൂപ ഉയര്‍ന്നിരുന്നു. .വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന തുടരുമ്പോഴും ഇന്നലെ രൂപയ്ക്കു തുണയായത് ക്രൂഡോയില്‍ വില ഗണ്യമായി ഇടിഞ്ഞതാണ്. യുഎസില്‍ ജോബ് സൃഷ്ടി കൂടിയതും പണപ്പെരുപ്പം കുറഞ്ഞതും ഡോളറിനെ ശക്തമാക്കിയതും രൂപയെ ദുര്‍ബലമാക്കുകയാണ്. ഡോളര്‍ ഇന്‍ഡെക്‌സ്0.18 ശതമാനം മെച്ചപ്പെട്ട് 103.11 ആയി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇതു കടുത്ത ആഘാതം ഇ്ന്ത്യയിലുണ്ടാകും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.