15 Jan 2024 2:23 AM GMT
സൂചനകള്‍ സമ്മിശ്രം, ശ്രദ്ധ റിസള്‍ട്ടുകളില്‍ ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുടങ്ങി
- ചെങ്കടല്‍ സംഘര്‍ഷം സ്വര്‍ണത്തിനും ക്രൂഡിനും കരുത്ത്
- ഏഷ്യ പസഫിക് വിപണികളില്‍ സമ്മിശ്രമായ തുടക്കം
എട്ട് ദിവസത്തെ ഏകീകരണത്തിന് ശേഷം പുതിയ റെക്കോഡ് ക്ലോസിംഗികളിലേക്ക് എത്തിക്കുന്നതില്‍ ടെക് ഓഹരികളാണ് പ്രമുഖ പങ്കുവഹിച്ചത്. ജനുവരി 12 വെള്ളിയാഴ്ച ബിഎസ്‌ഇ സെൻസെക്‌സ് 847 പോയിന്റ് ഉയർന്ന് 72,568 ലും, നിഫ്റ്റി 50 247 പോയിന്റ് അല്ലെങ്കിൽ 1.14 ശതമാനം ഉയർന്ന് 21,895 ലും അവസാനിച്ചു.
മൂന്നാം പാദത്തിന്‍റെ വരുമാന പ്രഖ്യാപനങ്ങളാകും ഈ വാരത്തില്‍ വിപണിയെ നയിക്കുന്ന പ്രധാന ഘടകം. തുടര്‍ച്ചയായ റാലികളിലൂടെ സൃഷ്ടിക്കപ്പെട്ട ഉയര്‍ന്ന മൂല്യ നിര്‍ണയത്തിലുള്ള ആശങ്കയും നിക്ഷേപകരുടെ ലാഭമെടുക്കലും വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,914ലും തുടർന്ന് 21,978ലും 22,059ലും പ്രതിരോധം കാണുമെന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,765 ലും തുടർന്ന് 21,714ലും 21,633ലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
വരുമാന പ്രഖ്യാപനങ്ങളും പണപ്പെടുപ്പ കണക്കുകളും ട്രേഡര്‍മാര്‍ വിലയിരുത്തുന്നതിനിടെ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് വെള്ളിയാഴ്ച ഇടിഞ്ഞു. യുഎസ് വിപണികളില്‍ ഡൗ 118.04 പോയിൻറ് അഥവാ 0.31 ശതമാനം നഷ്ടത്തിൽ 37,592.98 ൽ ക്ലോസ് ചെയ്തു. എസ് & പി500 0.08 ശതമാനം ഉയർന്ന് 4,783.83 എന്ന നിലയിലും ടെക് ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് 0.02 ശതമാനം ഉയർന്ന് 14,972.76 എന്ന നിലയിലും അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച പൊതുവില്‍ നേട്ടതതിലായിരുന്നു.
ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ ഇടിവിലാണ്. അതേസമയം ഓസ്ട്രേലിയയുടെ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തില്‍ തുടരുന്നു.
69 പോയിന്‍റ് നേട്ടത്തിലാണ് ഗിഫ്റ്റ് നിഫ്റ്റി വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ പൊസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന കമ്പനികള്‍
എച്ച്‌സിഎൽ ടെക്‌നോളജീസ്: ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടെക്‌നോളജി കമ്പനിയുടെ ലാഭം മുന്‍പാദത്തെ അപേക്ഷിച്ച് 13.5 ശതമാനം വര്‍ധനയോടെ 4,350 കോടി രൂപയിലെത്തി. വരുമാനം 6.7 ശതമാനം വർധിച്ച് 28,446 കോടി രൂപയായും സ്ഥിരമായ കറൻസി വരുമാന വളർച്ച 6 ശതമാനമായും ഉയർന്നു.
വിപ്രോ:മൂന്നാം പാദത്തിൽ ഐടി സേവന വരുമാനം 22,150.8 കോടി രൂപയാണെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു, മുൻ പാദത്തേക്കാൾ 1.09 ശതമാനം ഇടിവാണിത്. ഡോളർ മൂല്യത്തിൽ വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 2.1 ശതമാനം ഇടിഞ്ഞ് 2,656.1 മില്യൺ ഡോളറായി, സ്ഥിര കറൻസിയിൽ 1.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്: ക്യാപിറ്റൽ ഫുഡ്‌സിന്റെ 100 ശതമാനം ഓഹരികൾ 5,100 കോടി രൂപയ്ക്കും ഓർഗാനിക് ഇന്ത്യ 1,900 കോടി രൂപയ്ക്കും സ്വന്തമാക്കാനുള്ള അന്തിമ കരാറുകളില്‍ എഫ്എംസിജി കമ്പനി ഒപ്പുവച്ചു.
അദാനി എന്റർപ്രൈസസ്: ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ സ്കീമിനായി (ട്രാഞ്ച്-I) പ്രതിവർഷം 198.5 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷി സ്ഥാപിക്കുന്നതിന് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ന്യൂ ഇൻഡസ്ട്രീസിന് ലെറ്റർ ഓഫ് അവാർഡ് (എല്‍ഒഎ) ലഭിച്ചു.
ഭാരത് ഹെവി ഇലക്ട്രിക്കൽസ്: ഒഡീഷയിലെ ജാർസുഗുഡയിലുള്ള 3x800 മെഗാവാട്ട് എൻഎൽസി തലാബിര തെർമൽ പവർ പ്രോജക്റ്റിന്‍റെ (എൻടിടിപിപി) ഇപിസി പാക്കേജിനായി ഭെല്ലിന് ലെറ്റർ ഓഫ് അവാർഡ് (എൽഒഎ) ലഭിച്ചു. 15,000 കോടിയുടേതാണ് പദ്ധതി.
ജസ്‍റ്റ് ഡയൽ: പ്രാദേശിക സെർച്ച് എഞ്ചിന്‍റെ മൂന്നാം പാദത്തിലെ അറ്റാദായം 22.3 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 92 കോടി രൂപയായി. പ്രവർത്തനവരുമാനം 19.7 ശതമാനം വർധിച്ച് 265 കോടി രൂപയായി.
ഇന്ന് റിസള്‍ട്ട് പ്രഖ്യാപിക്കുന്ന കമ്പനികള്‍
ജിയോ ഫിനാൻഷ്യൽ സർവീസസ്, എയ്ഞ്ചൽ വൺ, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, കെസോറാം ഇൻഡസ്ട്രീസ്, മെറ്റലിസ്റ്റ് ഫോർജിംഗ്സ്, നെൽകോ, പിസിബിഎൽ, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്സ്, ബ്രൈറ്റ്കോം ഗ്രൂപ്പ്, ചോയ്സ് ഇന്റർനാഷണൽ, ഡിജികോണ്ടന്റ്, എക്സൽ റിയാലിറ്റി എന്‍ ഇൻഫ്രാ, ജയ് ബാലാജി എന്നിവയുടെ മൂന്നാം പാദ റിസള്‍ട്ടുകള്‍ ഇന്ന് പ്രഖ്യാപിക്കപ്പെടും.
ക്രൂഡ് ഓയിലും സ്വര്‍ണവും
ചെങ്കടലിൽ സംഘർഷം രൂക്ഷമായതോടെ, യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരേ ബ്രിട്ടനും അമേരിക്കയും സൈനിക ആക്രമണം നടത്തിയതിന് പിന്നാലെ എണ്ണവില ഉയർന്നു. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ്, ബ്രെന്റ് ഫ്യൂച്ചറുകൾ വെള്ളിയാഴ്ച രാവിലെ 4 ശതമാനത്തിലധികം ഉയർന്ന് ഡിസംബർ 27 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ യുഎസ് ക്രൂഡ് ബാരലിന് 72.68 ഡോളറിലും ബ്രെന്റ് ബാരലിന് 78.29 ഡോളറിലുമാണ്.
മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്വർണ്ണ വില ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് 1% ഉയർന്ന് ഔൺസിന് 2,048.21 ഡോളറിലെത്തി. എന്നാല്‍ ആഴ്ചയിലെ മൊത്തം കണക്കില്‍ സ്വര്‍ണവില ഫ്ലാറ്റ് ലൈനിന് അടുത്താണ്. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ വെള്ളിയാഴ്ച 1.6 ശതമാനം ഉയർന്ന് 2,051.60 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
ജനുവരി 12ന് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഓഹരികളില്‍ 340.05 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 2,911.19 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്നും എൻഎസ്‌ഇയിൽ നിന്നുള്ള താൽക്കാലിക ഡാറ്റ കാണിക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം