image

5 Jan 2024 2:29 AM GMT

Stock Market Updates

സൂചനകള്‍ സമ്മിശ്രം, ഏഷ്യ പച്ചപ്പില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market | Trade
X

Summary

  • യുഎസ് വിപണികള്‍ നെഗറ്റിവായി തുടരുന്നു
  • ക്രൂഡ് വില താഴോട്ടിറങ്ങി, സ്വര്‍ണം മേലോട്ട്
  • ഗിഫ്റ്റി നിഫ്റ്റിയില്‍ തുടക്കം നഷ്ടത്തില്‍


തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലെ ഇടിവിനു ശേഷം ഇന്നലെ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നിഫ്റ്റി 21,500 എന്ന ലെവല്‍ കൈവിടുന്നില്ല എന്നത് പ്രധാനമാണ്. ബിഎസ്ഇ സെൻസെക്‌സ് 491 പോയിന്റ് ഉയർന്ന് 71,848ലും നിഫ്റ്റി 50 141 പോയിന്റ് ഉയർന്ന് 21,659ലും എത്തി.

കണ്‍സോളിഡേഷനു ശേഷം നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ ബെഞ്ച്‌മാർക്കുകളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു, അവ യഥാക്രമം 1.7 ശതമാനവും 1 ശതമാനവും ഉയർന്നു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,670 ലും തുടർന്ന് 21,711ലും 21,757 ലും ഉടനടി പ്രതിരോധം കാണാമെന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,590 ലും തുടർന്ന് 21,561ലും 21,515ലും പിന്തുണ എടുക്കാം.

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് വിപണികളിലെ വ്യാഴാഴ്ച വ്യാപാരത്തില്‍ എസ് & പി 500 തുടര്‍ച്ചയായ നാലാമത്തെയും നാസ്ഡാക്ക് കോമ്പോസിറ്റ് തുടര്‍ച്ചയായ അഞ്ചാമത്തെയും നെഗറ്റീവ് സെഷന്‍ രേഖപ്പെടുത്തി. ഇവ യഥാക്രമം 0.34 ശതമാനവും 0.56 ശതമാനവും ഇടിഞ്ഞു ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജ് 0 .03 ശതമാനത്തിന്‍റെ നേരിയ നേട്ടത്തിലായിരുന്നു.

തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച പൊതുവില്‍ നേട്ടത്തിലായിരുന്നു.

വെള്ളിയാഴ്ച വ്യാപാരം ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തോടെയാണ് ആരംഭിച്ചിട്ടുള്ളത്. ജപ്പാന്‍റെ നിക്കി, ഓസ്ട്രേലിയയുടെ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ് എന്നിവയെല്ലാം പച്ചയിലാണ്.

ഗിഫ്റ്റ് നിഫ്റ്റി 14 പോയിന്‍റ് ഇടിവോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം നേരിയ തോതില്‍ നെഗറ്റിവ് ആകാമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഗ്രാസിം ഇൻഡസ്ട്രീസ്: ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി 3,999.80 കോടി രൂപയുടെ റൈറ്റ്‍സ് ഇഷ്യുവിനായി ഡയറക്ടർ ബോർഡിൽ നിന്ന് അംഗീകാരം നേടി. ഇഷ്യു വില ഒരു ഓഹരിക്ക് 1,812 രൂപയായി നിശ്ചയിച്ചു. ജനുവരി 17 നും ജനുവരി 29 നും ഇടയിൽ റൈറ്റ്സ് ഇഷ്യു തുറക്കും.

ആര്‍ബിഎല്‍ ബാങ്ക്: ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൊത്തം നിക്ഷേപങ്ങള്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 92,743 കോടി രൂപയില്‍ എത്തി. മൊത്തം വായ്പാ വിതരണം 20 ശതമാനം വർധിച്ച് 81,870 കോടി രൂപയിലെത്തി.

ഡാബർ ഇന്ത്യ: സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഏകീകൃത വരുമാനം ഉയർന്ന ഒറ്റ അക്ക വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ബിസിനസ്സിൽ, ഫുഡ് ആൻഡ് ബിവറേജസ് (എഫ് ആൻഡ് ബി) വിഭാഗം മികച്ച ഒറ്റയക്ക വളര്‍ച്ച പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അന്താരാഷ്ട്ര ബിസിനസ്സ് സ്ഥിര കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ്: മൂന്നാം പാദത്തിലെ റീട്ടെയില്‍ വായ്പാ വിതരണം ഏകദേശം 14,500 കോടി രൂപയായി കണക്കാക്കപ്പെടുന്നു, ഇത് വർഷാടിസ്ഥാനത്തിൽ 25 ശതമാനം വളർച്ചയാണ്.

വൊഡഫോണ്‍ ഐഡിയ: ജിഎസ്‍ടി നിയമ പ്രകാരം 10.76 കോടി രൂപ പിഴ ചുമത്തി ഉത്തരവ് ലഭിച്ചതായി വൊഡഫോണ്‍ ഐഡിയ പ്രഖ്യാപിച്ചു. ടെലികോം കമ്പനി ഓർഡറിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും തിരുത്തലിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

ലുപിൻ: പുതിയ ചില മരുന്ന് പ്രയോഗങ്ങള്‍ക്ക് ആഗോള ഫാർമ മേജറിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ് എഫ്ഡിഎ) താൽക്കാലിക അനുമതി ലഭിച്ചു.

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: മൂന്നാം പാദത്തില്‍ സ്‌മോൾ ഫിനാൻസ് ബാങ്കിന്‍റെ വായ്പാ വിതരണം 30.8 ശതമാനം വാര്‍ഷിക വളർച്ചയോടെ 16,408 കോടി രൂപയായി, മുന്‍പാദത്തെ അപേക്ഷിച്ച് 10.2 ശതമാനം വളര്‍ച്ച. മൊത്തം നിക്ഷേപം 17.6 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 15,111 കോടി രൂപയായി, മുന്‍ പാദത്തെ അപേക്ഷിച്ച് 8.2 ശതമാനം വളര്‍ച്ച.

ക്രൂഡ് ഓയിലും സ്വര്‍ണവും

വ്യാഴാഴ്‌ച എണ്ണവില 2 ശതമാനം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില 1.57 ഡോളർ അഥവാ 2 ശതമാനം ഇടിഞ്ഞ് ബാരലിന് 79.01 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.47 ഡോളർ അഥവാ 2 ശതമാനം ഇടിഞ്ഞ് 73.57 ഡോളറായി.

പ്രതീക്ഷിച്ചതിലും മികച്ച പേറോൾ ഡാറ്റ യുഎസില്‍ നിന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത് ഡോളര്‍ താഴോട്ടുവരുന്നതിനും സ്വര്‍ണം കയറുന്നതിനും ഇടയാക്കി. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ഡിസംബർ 21ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്ന സ്‌പോട്ട് ഗോൾഡ് വ്യാഴാഴ്ച ഏകദേശം 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,041.59 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ ഔൺസിന് 0.3 ശതമാനം ഉയർന്ന് 2,049.3 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഓഹരികളില്‍ 1,513.41 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 1,387.36 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയതായും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം