image

16 Feb 2025 9:59 AM GMT

Stock Market Updates

എഫ്പിഐ; ഒന്നര മാസത്തിനിടെ പിന്‍വലിച്ചത് ഒരുലക്ഷം കോടിക്കടുത്ത്

MyFin Desk

എഫ്പിഐ; ഒന്നര മാസത്തിനിടെ  പിന്‍വലിച്ചത് ഒരുലക്ഷം കോടിക്കടുത്ത്
X

Summary

  • ജനുവരിയില്‍ എഫ്പിഐകള്‍ പിന്‍വലിച്ചത് 78,027 കോടി രൂപ
  • ഈ മാസം 14 വരെ എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് വിറ്റഴിച്ചത് 21,272 കോടിയുടെ ഓഹരികള്‍


ഈ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് പിന്‍വലിച്ചത് 21,272 കോടി രൂപ. യുഎസിലേക്കുള്ള ഇറക്കുമതിക്ക് ചില ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് തീരുവ ഏര്‍പ്പെടുത്തിയത് ആഗോളതലത്തില്‍ ആശങ്കകള്‍ക്ക് കാരണമായതാണ് ഇതിന് പ്രധാന കാരണമായത്.

ജനുവരിയില്‍ 78,027 കോടി രൂപയുടെ പിന്‍വലിക്കല്‍ എഫ്പിഐകള്‍ നടത്തിയിരുന്നു. ഇതോടെ 2025 ല്‍ ഇതുവരെ എഫ്പിഐകളുടെ മൊത്തം പിന്‍വലിക്കല്‍ 99,299 കോടി രൂപയിലെത്തി. അതായത് ഏകദേശം ഒരു ലക്ഷം കോടി രൂപയെന്ന് ഡെപ്പോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.

ഡോളര്‍ സൂചിക താഴേക്ക് നീങ്ങുമ്പോള്‍ എഫ്പിഐ തന്ത്രത്തിന്റെ വിപരീതം സംഭവിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ വിശ്വസിക്കുന്നു.

ഈ മാസം ഇതുവരെ (ഫെബ്രുവരി 14 വരെ) വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് 21,272 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് പുതിയ തീരുവ ചുമത്തുകയും നിരവധി രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വിപണിയില്‍ ആശങ്കകള്‍ വര്‍ധിച്ചതായി മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍-മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

ഈ സംഭവവികാസങ്ങള്‍ ആഗോള വ്യാപാര യുദ്ധ സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ആളിക്കത്തിച്ചു. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന വിപണികളുമായുള്ള അവരുടെ എക്‌സ്‌പോഷര്‍ പുനഃപരിശോധിക്കാന്‍ എഫ്പിഐകളെ പ്രേരിപ്പിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആഗോള നയങ്ങളിലെ മാറ്റങ്ങള്‍, പ്രത്യേകിച്ച് യുഎസില്‍ നിന്ന് ഉയര്‍ന്നുവരുന്നവ, എഫ്പിഐകള്‍ക്കിടയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് ഇന്ത്യ പോലുള്ള വിപണികളില്‍ അവരുടെ നിക്ഷേപ തന്ത്രങ്ങള്‍ വീണ്ടും വിലയിരുത്തുന്നതിന് കാരണമാകുന്നു',

വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്സിന്റെ ലിസ്റ്റഡ് ഇന്‍വെസ്റ്റ്മെന്റ്സ് സീനിയര്‍ ഡയറക്ടര്‍ വിപുല്‍ ഭോവര്‍ പറഞ്ഞു.

ആഭ്യന്തര രംഗത്ത്, മങ്ങിയ കോര്‍പ്പറേറ്റ് വരുമാനവും ഇന്ത്യന്‍ രൂപയുടെ നിരന്തരമായ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ ആസ്തികളുടെ ആകര്‍ഷണം കൂടുതല്‍ കുറച്ചതായി ശ്രീവാസ്തവ പറഞ്ഞു. മറുവശത്ത്, ഈ കാലയളവില്‍ ഡെറ്റ് വിപണിയില്‍ എഫ്പിഐകള്‍ വാങ്ങുന്നവരായിരുന്നു.

2024 ല്‍ ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപം ഗണ്യമായി കുറച്ച വിദേശ നിക്ഷേപകരുടെ ജാഗ്രതാ സമീപനമാണ് മൊത്തത്തിലുള്ള പ്രവണത സൂചിപ്പിക്കുന്നത്.