2 July 2024 11:30 AM GMT
നേട്ടങ്ങൾ നിലനിർത്താനാവാതെ വിപണി; പുതു ഉയരം തൊട്ട് നിഫ്റ്റി മിഡ്‌ക്യാപ് 100
MyFin Desk
Summary
- ബാങ്കിംഗ്, ടെലികോം ഓഹരികളിലെ ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി
- ഇന്ത്യയുടെ മൊത്ത ജിഎസ്ടി കളക്ഷൻ 8 ശതമാനം വർധിച്ച് 1.74 ലക്ഷം കോടി രൂപയായി
- ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. ബാങ്കിംഗ്, ടെലികോം ഓഹരികളിലെ ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി. സെൻസെക്സും നിഫ്റ്റിയും ഫ്ലാറ്റായി ക്ലോസ് ചെയ്യുന്നതിന് മുമ്പ് സർവ്വകാല ഉയരം തൊട്ടിരുന്നു. സെൻസെക് 79,855.87 പോയിന്റ്, നിഫ്റ്റി 24,236.35 പോയിന്റ് എന്നിങ്ങനെ റെക്കോർഡ് ഉയരങ്ങളിലെത്തി.
സെൻസെക്‌സ് 34.74 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 79,441.45 ലും നിഫ്റ്റി 18.10 പോയിൻ്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 24,123.85 ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയിൽ എൽ ആൻഡ് ടി, വിപ്രോ, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ശ്രീറാം ഫിനാൻസ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലായി.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി കാപിറ്റൽ ഗുഡ്സ്, ഇൻഫർമേഷൻ ടെക്നോളജി, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരു ശതമാനത്തിൽ താഴെ ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, പവർ സൂചികകൾ ഒരു ശതമാനത്തിൽ താഴെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞു, സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റായി ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക വ്യാപാരമധ്യേ എക്കാലത്തെയും ഉയർന്ന പോയിന്റായ 56,504.5 എത്തിയെങ്കിലും വ്യാപാരവസാനം 0.8 ശതമാനം താഴ്ന്ന് 55,854.7 ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സിയോൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ജൂൺ മാസത്തിൽ ഇന്ത്യയുടെ മൊത്ത ജിഎസ്ടി കളക്ഷൻ 8 ശതമാനം വർധിച്ച് 1.74 ലക്ഷം കോടി രൂപയായി.
ബ്രെൻ്റ് ക്രൂഡ് 0.66 ശതമാനം ഉയർന്ന് ബാരലിന് 87.17 ഡോളറിലെത്തി. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 426.03 കോടി രൂപയുടെ ഓഹരികൾ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.50ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2333 ഡോളറിലെത്തി.