4 Feb 2025 11:26 AM GMT
വിപണിയിൽ തിരിച്ചു വരവ്; സെൻസെക്സിന് 1397 പോയിന്റ് നേട്ടം, അറിയാം ഉയർച്ചയുടെ കാരണങ്ങൾ
MyFin Desk
Summary
തകർച്ചയിൽ നിന്നും കരകയറി ഓഹരി സൂചികകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയ പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകർ ആത്മവിശ്വാസം പ്രകടിപ്പിച്ചത് വിപണിക്ക് തുണയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്കും കാനഡയ്ക്കും മേലുള്ള താരിഫ് വൈകിപ്പിക്കുന്നതും ചൈനയുമായുള്ള വ്യാപാര ചർച്ചകൾക്ക് സൂചന നൽകിയതും വിപണിയുടെ നേട്ടത്തിന് കാരണമായി.
സെൻസെക്സ് 1,397.07 പോയിന്റ് അഥവാ 1.81 ശതമാനം ഉയർന്ന് 78,583.81 ൽ എത്തി. നിഫ്റ്റി 378.20 പോയിന്റ് അഥവാ 1.62 ശതമാനം ഉയർന്ന് 23,739.25 ലെത്തി.
സെൻസെക്സ് ഓഹരികൾ
ലാർസൺ ആൻഡ് ട്യൂബ്രോ , അദാനി പോർട്ട്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, ഏഷ്യൻ പെയിന്റ്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഐടിസി ഹോട്ടൽസ്, സൊമാറ്റോ, നെസ്‌ലെ, മാരുതി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
എഫ്എംസിജി ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി പിഎസ്‌യു ബാങ്ക്, ഇൻഫ്ര, എനർജി, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 2 ശതമാനം വീതം ഉയർന്നു.
നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 1.6 ശതമാനവും സ്‌മോൾക്യാപ് സൂചിക 1 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 2.33 ശതമാനം ഇടിഞ്ഞു 14.02 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. യുഎസ് വിപണികൾ തിങ്കളാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില 1.05 ശതമാനം ഇടിഞ്ഞ് ബാരലിന് 75.16 ഡോളറിലെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 3 പൈസ ഉയർന്ന് 87.08 ൽ ക്ലോസ് ചെയ്തു.