image

29 Dec 2023 2:31 AM GMT

Stock Market Updates

2023 ശുഭകരമായി അവസാനിപ്പിക്കാനൊരുങ്ങി വിപണി; ഇന്ന് വ്യാപാരം ആരംഭിക്കും മുമ്പ് അറിയേണ്ടത്

Sandeep P S

stock market trend | ഓഹരി വിപണി
X

Summary

  • ഇന്നൊവ ക്യാപ്‍ടാബിന്‍റെ വിപണി അരങ്ങേറ്റം ഇന്ന്
  • യുഎസില്‍ നാസ്‍ഡാക് കോംപോസിറ്റിന് ഇടിവ്
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍


ഡിസംബര്‍ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും എക്സ്പിയറി ദിനമായ ഇന്നലെ വിപണി പുതിയ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും നേട്ടവുമായാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 372 പോയിന്റ് ഉയർന്ന് 72,410ലും നിഫ്റ്റി 50 124 പോയിന്റ് ഉയർന്ന് 21,779ലും എത്തി. പ്രതിദിന ചാര്‍ട്ടുകള്‍ തിരുത്തലിന്‍റെ സൂചനകള്‍ കാണിക്കുന്നില്ലെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഈ കലണ്ടര്‍ വര്‍ഷത്തിന്‍റെ അവസാന വ്യാപാരദിനത്തിലും വിപണികള്‍ പൊസിറ്റിവ് മൊമന്‍റം തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024 ആദ്യപകുതിയില്‍ തന്നെ യുഎസ് ഫെഡ് റിസര്‍വും അതിനു പിന്നാലെ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള മറ്റ് കേന്ദ്രബാങ്കുകളും പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ വിപണിയെ ശക്തമായി നയിക്കുന്നത്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21800ലും തുടർന്ന് 21829, 21876 ലെവലുകളിലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,706 ലും തുടർന്ന് 21676, 21629 ലെവലുകളിലും പിന്തുണ ഉണ്ടാകും.

ആഗോള വിപണികളില്‍ ഇന്ന്

ബുധനാഴ്ച പതിവ് വ്യാപാരത്തില്‍ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 53.58 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 37,710.1 എന്ന നിലയിലും എസ് & പി500 1.77 പോയിന്റ് അഥവാ 0.04 ശതമാനം ഉയർന്ന് 4,783.35 എന്ന നിലയിലും എത്തി. ടെക് ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് 4.04 പോയിന്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 15,09514ൽ അവസാനിച്ചു.

യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികൾ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, കോസ്ഡാക്ക്, ഹോങ്കോങ്ങിന്റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി,ഇടിഞ്ഞു.

ഗിഫ്റ്റ് നിഫ്റ്റി 7 പോയിന്‍റിന്‍റെ നേരിയ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം പോസിറ്റിവായോ ഫ്ലാറ്റായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഇന്നോവ ക്യാപ്‌ടാബ്: ഫാർമസ്യൂട്ടിക്കൽ സ്ഥാപനം ഇന്ന് (ഡിസംബർ 28ന്) വിപണിയിൽ അരങ്ങേറ്റം കുറിക്കും. അവസാന ഇഷ്യൂ വില ഒരു ഓഹരിക്ക് 448 രൂപയായി നിശ്ചയിച്ചു.

സാറ്റിൻ ക്രെഡിറ്റ്‌കെയർ നെറ്റ്‌വർക്ക്: മൈക്രോ ഫിനാൻസ് വായ്പക്കാർക്ക് കർണാടക ബാങ്കുമായി ചേര്‍ന്ന് വായ്പകള്‍ നല്‍കുന്നതിന് കമ്പനി കരാര്‍ ഒപ്പിട്ടു. കമ്പനി സേവന ദാതാവായി പ്രവർത്തിക്കുകയും വായ്പകളുടെ തിരിച്ചടവ്, നിരീക്ഷണം എന്നിവ നിയന്ത്രിക്കുകയും ചെയ്യും.

സ്വാൻ എനർജി: ഇക്വിറ്റി ഷെയറുകളോ മറ്റേതെങ്കിലും യോഗ്യമായ സെക്യൂരിറ്റികളോ ഇഷ്യൂ ചെയ്യുന്നതിലൂടെ 4,000 കോടി രൂപ വരെ ഫണ്ട് സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.

ഫെഡറൽ ബാങ്ക്: ഫെഡറൽ ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റൽ അല്ലെങ്കിൽ വോട്ടിംഗ് അവകാശത്തിന്റെ 9.95 ശതമാനം വരെ സ്വന്തമാക്കുന്നതിന് ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് (ഐസിഐസിഐ എഎംസി) റിസർവ് ബാങ്ക് അനുമതി നൽകി.

ആര്‍ബിഎല്‍ ബാങ്ക്: ആര്‍ബിഎല്‍ ബാങ്കിലെ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിന്റെ 9.95 ശതമാനം വരെ സ്വന്തമാക്കാൻ, ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിക്കും റിസർവ് ബാങ്ക് അനുമതി നൽകി.

ടാറ്റ കോഫി: ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് (ടിസിപിഎല്‍), ടാറ്റ കോഫി (ടിസിഎല്‍), ടിസിപിഎല്‍ ബിവറേജസ് ആൻഡ് ഫുഡ്‌സ് (ടിബിഎഫ്എല്‍) എന്നിവയുടെ സംയോജന പദ്ധതി 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. അതനുസരിച്ച് ടാറ്റ കോഫിയുടെ എല്ലാ ഡയറക്ടർമാരുടെയും പ്രധാന മാനേജർമാരുടെയും തസ്തികകള്‍ ജനുവരി 1 മുതല്‍ ഒഴിഞ്ഞുകിടക്കും.

ക്രൂഡ് ഓയിലും സ്വര്‍ണവും

ചെങ്കടൽ പാതയിലെ ചരക്കുനീക്കം സംബന്ധിച്ച ആശങ്കകൾ ലഘൂകരിച്ചതിനാൽ വ്യാഴാഴ്ച എണ്ണ വില ഒരു ശതമാനം കുറഞ്ഞു. ഫെബ്രുവരിയിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 90 സെന്‍റ് അഥവാ 1.1 ശതമാനം കുറഞ്ഞ് ബാരലിന് 78.75 ഡോളറിലെത്തി, അതേസമയം കൂടുതൽ സജീവമായ മാർച്ചിലെ കരാർ 69 സെന്‍റ് അഥവാ 0.9 ശതമാനം കുറഞ്ഞ് ബാരലിന് 78.85 ഡോളറായി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചറുകൾ 80 സെന്‍റ് അഥവാ 1.1 ശതമാനം കുറഞ്ഞ് ബാരലിന് 73.31 ഡോളറായി.

അടുത്ത വർഷം ആദ്യം ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നല്‍കിയ പിന്തുണയെ യുഎസ് ബോണ്ട് യീൽഡിലെ വർധന നികത്തിയതിനാല്‍ വ്യാഴാഴ്ച സ്വർണ്ണ വില സ്ഥിരത പ്രകടമാക്കി. സ്‌പോട്ട് ഗോൾഡ് 0.15 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,073.98 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.4 ശതമാനം കുറഞ്ഞ് 2,083.9 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഓഹരികളില്‍ 4,358.99 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 136.64 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം