24 Jan 2024 2:33 AM GMT
തിരിച്ചുവരവ് പ്രതീക്ഷിച്ച് നിക്ഷേപകര്‍, ആഗോള വിപണികള്‍ സമ്മിശ്രം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്രം
- ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുടങ്ങി
- ചൊവ്വാഴ്ച വ്യാപാരത്തില്‍ ക്രൂഡ് താഴ്ന്നു
ഇന്നലെ ശക്തമായ 1.5 ശതമാനം തിരുത്തലിനാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വിധേയമായത്, കഴിഞ്ഞ 6 വ്യാപാര സെഷനുകളില്‍ ഒരേയൊരു സെഷനില്‍ മാത്രമാണ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. വലിയ തിരുത്തലിന് ശേഷം വിപണിയില്‍ ഇന്നൊരു വീണ്ടെടുപ്പ് പ്രകടമാകുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില ഓഹരികളിലെ മൂല്യ നിര്‍ണയം ഉയര്‍ന്നിരിക്കുന്നതും മൂന്നാംപാദ ഫലങ്ങളുടെ സ്വാധീനവും വില്‍പ്പന സമ്മര്‍ദവും ആശങ്കയായി മുന്നിലുണ്ട്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,181ലും തുടർന്ന് 21,049ലും 20,836 ലും പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍ 21,290ലും തുടർന്ന് 21,739ലും 21,952ലും പ്രതിരോധം കാണാനിടയുണ്ട്.
ആഗോള വിപണികളില്‍ ഇന്ന്
കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍ നല്‍കിയ സമ്മിശ്ര വികാരങ്ങളാണ് ഇന്നലെ യുഎസ് വിപണികളില്‍ പ്രതിഫലിച്ചത്. എസ് & പി 500 0.29 ശതമാനം ഉയർന്ന് 4,864.59 എന്ന റെക്കോഡ് പോയിന്റിൽ സെഷൻ അവസാനിപ്പിച്ചു. നാസ്ഡാക്ക് 0.43 ശതമാനം ഉയർന്ന് 15,425.94ലും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.25 ശതമാനം ഇടിഞ്ഞ് 37,905.45ലും എത്തി.
ഏഷ്യ പസഫിക് വിപണികളിലും ഇന്ന് സമ്മിശ്രമായ തലത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവിലാണ്. അതേസമയം ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവ നേട്ടം രേഖപ്പെടുത്തി.
ഗിഫ്റ്റ് നിഫ്റ്റി 87 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാർക്ക് സൂചികകളുടെയും പൊസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ആക്‌സിസ് ബാങ്ക്: ഡിസംബറിൽ അവസാനിച്ച പാദത്തിൽ 3.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ അറ്റാദായം 6,071.1 കോടി രൂപയായി. അറ്റ പലിശ വരുമാനം 9.4 ശതമാനം വർധിച്ച് 12,532 കോടി രൂപയായി. ആസ്തി നിലവാരം സ്ഥിരത പുലര്‍ത്തി.
മഹാനഗർ ഗ്യാസ്: പ്രകൃതി വാതക വിതരണ കമ്പനിയുടെ ഏകീകൃത അറ്റാദായം ഒക്‌റ്റോബർ-ഡിസംബർ കാലയളവില്‍ 84.33 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 317.2 കോടി രൂപയായി. പ്രവർത്തന വരുമാനം (എക്‌സൈസ് തീരുവ ഒഴികെ) 6.1 ശതമാനം ഇടിഞ്ഞ് 1,568.8 കോടി രൂപയായി.
യുണൈറ്റഡ് സ്‍പിരിറ്റ്സ്:ഡിസംബറിൽ അവസാനിച്ച പാദത്തിൽ ആൽക്കഹോൾ ബിവറേജ് കമ്പനിയുടെ ഏകീകൃത അറ്റാദായം 63.5 ശതമാനം വാര്‍ഷിക വളർച്ച നേടി 350.2 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം എട്ട് ശതമാനം വർധിച്ച് 3,002 കോടി രൂപയായി.
ടാറ്റ എൽക്‌സി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സേവന ദാതാവ് ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 206.4 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി, പ്രവർത്തന മാർജിനിലെ സമ്മർദത്തിനിടയിലും മുൻ പാദത്തേക്കാൾ 3.2 ശതമാനം വളർച്ചയാണിത്. പ്രവർത്തന വരുമാനം മുന്‍പാദത്തില്‍ നിന്ന് 3.7 ശതമാനം വർധിച്ച് 914.2 കോടി രൂപയായി.
ജെഎസ്‍ഡബ്ല്യു എനർജി: ഇന്ധനച്ചെലവിലെ ഇടിവും ശക്തമായ പ്രവർത്തന പ്രകടനവും മൂലം വൈദ്യുതി ഉൽപ്പാദാന കമ്പനിയുടെ മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 28.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 231.3 കോടി രൂപയായി. പ്രവർത്തന വരുമാനം 13.1 ശതമാനം വർധിച്ച് 2,542.8 കോടി രൂപയായി.
ലുപിൻ: റിവറോക്‌സാബൻ ഗുളികകൾ യുഎസ്‍പി, 2.5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 20 മില്ലിഗ്രാം എന്നിവയുടെ ചുരുക്കിയ പുതിയ മരുന്ന് പ്രയോഗങ്ങള്‍ യുഎസില്‍ വിപണനം ചെയ്യുന്നതിനുള്ള താൽക്കാലിക അനുമതി ഫാർമ കമ്പനിക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ് എഫ്‍ഡിഎ) നിന്ന് ലഭിച്ചു.
ക്രൂഡ് ഓയില്‍ വില
ലിബിയയിലും നോർവേയിലും വർദ്ധിച്ചുവരുന്ന ക്രൂഡ് വിതരണവും അമേരിക്കയിലെ ഉൽപ്പാദന തടസ്സങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ട്രേഡര്‍മാര്‍ വിലയിരുത്തി. കഴിഞ്ഞ ദിവസത്തെ നേട്ടങ്ങളുടെ ഒരു പങ്ക് ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നഷ്ടപ്പെട്ടു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 58 സെന്റ് അഥവാ 0.72 ശതമാനം കുറഞ്ഞ് ബാരലിന് 79.48 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ (ഡബ്ല്യുടിഐ) ബാരലിന് 45 സെന്റ് അഥവാ 0.6 ശതമാനം കുറഞ്ഞ് 74.31 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഇന്നലെ തുടർച്ചയായ അഞ്ചാം ദിവസവും അറ്റ വിൽപ്പനക്കാരായി തുടർന്നു, 3,115.39 കോടി രൂപയുടെ ഓഹരികൾ കൈയൊഴിഞ്ഞു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 214.40 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ കാണിക്കുന്നു.
അറിയാന്‍നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം