3 April 2024 3:01 AM GMT
വിജയ കുതിപ്പിന് വിരാമിട്ട് വിപണികൾ, ഇന്ത്യൻ സൂചികകൾ മന്ദഗതിയിലായേക്കും
James Paul
Summary
- ഇന്ത്യൻ ഓഹരി വിപണി ബുധനാഴ്ച താഴ്ന്ന് തുറക്കാൻ സാധ്യത.
- യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ചൊവ്വാഴ്ച കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
- ഏഷ്യൻ വിപണികളും ഇടിവിലാണ്.
ആഗോള വിപണിയിലെ ദുർബലമായ സൂചനകളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് (ബുധനാഴ്ച) താഴ്ന്ന് തുറക്കാൻ സാധ്യത.
ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകളും ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയുടെ നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 22,455 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. ഇത് നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 122 പോയിൻ്റിൻ്റെ ഇടിവാണ്.
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ സെൻസെക്സും നിഫ്റ്റിയും ഇന്നലെ തുടർച്ചയായ മൂന്ന് ദിവസത്തെ റാലിക്ക് ശേഷം നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്‌സ് 110.64 പോയിൻ്റ് താഴ്ന്ന് 73,903.91ലും നിഫ്റ്റി 8.70 പോയിൻ്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 22,453.30ലും ക്ലോസ് ചെയ്തു.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ കാലതാമസം വരുമെന്നുള്ള സാധ്യത മുൻകൂട്ടി വിലയിരുത്തി, യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ചൊവ്വാഴ്ച കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളും ഇടിവിലാണ്.
ഏഷ്യൻ വിപണികൾ
വാൾസ്ട്രീറ്റിൽ ഒറ്റരാത്രികൊണ്ട് നേരിട്ട നഷ്ടത്തെ തുടർന്ന് ഏഷ്യൻ വിപണികളിൽ ബുധനാഴ്ച ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാനിലെ നിക്കി 1.3 ശതമാനവും ടോപിക്സ് 0.82 ശതമാനവും ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.8% ഇടിഞ്ഞപ്പോൾ കോസ്ഡാക്ക് 1.24% ഇടിഞ്ഞു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ നേരിയ തോതിൽ താഴ്ന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.
വാൾ സ്ട്രീറ്റ്
യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ചൊവ്വാഴ്ച നഷ്ടത്തിൽ അവസാനിച്ചപ്പോൾ, ട്രഷറി ആദായം നവംബറിന് ശേഷം ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 396.61 പോയിൻ്റ് കുറഞ്ഞ് 39,170.24 എന്ന നിലയിലും എസ് ആൻ്റ് പി 37.96 പോയിൻ്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 5,205.81 എന്ന നിലയിലുമെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 156.38 പോയിൻ്റ് അഥവാ 0.95% താഴ്ന്ന് 16,240.45 ൽ അവസാനിച്ചു.
ഓഹരികളിൽ ടെസ്‌ലയുടെ ഓഹരികൾ 4.9 ശതമാനവും കാൽവിൻ ക്ലീൻ-പാരൻ്റ് പിവിഎച്ച് കോർപ്പറേഷൻ ഓഹരികൾ 22.2 ശതമാനവും ഇടിഞ്ഞു.
എണ്ണ വില
യുഎസ് ക്രൂഡ് ഇൻവെൻ്ററികളിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവുണ്ടായതിനും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കും ശേഷം ക്രൂഡ് ഓയിൽ വില ഉയർന്നു. ജൂൺ ഡെലിവറിക്കുള്ള ബ്രെൻ്റ് ഫ്യൂച്ചറുകൾ ബാരലിന് 0.22% ഉയർന്ന് 89.12 ഡോളറിലെത്തി. മെയ് മാസത്തെ യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 0.2% ഉയർന്ന് ബാരലിന് 85.32 ഡോളറിലെത്തി. ബ്രെൻ്റും ഡബ്ല്യുടിഐയും കഴിഞ്ഞ ദിവസം ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു.
സ്വർണ്ണ വില
ഡോളർ ദുർബലമായതും ഡിമാന്റിലുണ്ടായ വദ്ധനയും മൂലം സ്വർണ വില റെക്കോർഡ് നിലയിലേക്ക് ഉയർന്നു. നേരത്തെ സെഷനിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2,288.09 ഡോളറിലെത്തിയതിന് ശേഷം സ്‌പോട്ട് സ്വർണ്ണ വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 2,283.47 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ ഔൺസിന് 1% ഉയർന്ന് 2,303.80 ഡോളറിലെത്തി.
പിന്തുണയും പ്രതിരോധവും
പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 22,488 ലെവലിലും തുടർന്ന് 22,514, 22,556 ലെവലിലും പ്രതിരോധം നേരിടേണ്ടി വന്നേക്കാമെന്നാണ്. താഴത്തെ ഭാഗത്ത്, സൂചിക 22,405 ലെവലിലും തുടർന്ന് 22,379, 22,337 ലെവലിലും പിന്തുണ എടുത്തേക്കാം.
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ അനുസരിച്ച്, ബാങ്ക് നിഫ്റ്റി സൂചിക 47,668 , 47,738 ,47,853 എന്നീ നിലകളിലും പ്രതിരോധം കണ്ടേക്കാം. താഴത്തെ ഭാഗത്ത്, 47,440 , 47,369, 47,255 നിലകളിൽ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിദേശ സ്ഥാപന നിക്ഷേപകർ
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 1,622.69 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ഏപ്രിൽ 2 ന് 1,952.72 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എൻഎസ്ഇയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
അൾട്രാടെക് സിമൻറ്: കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കാൻ ലക്ഷ്യമിട്ട്, വരുന്ന മൂന്ന് വർഷത്തിനുള്ളിൽ മൂലധന ചെലവുകൾക്കായി 32,400 കോടി രൂപ അനുവദിക്കും. അടുത്ത കാലയളവിൽ അതിൻ്റെ ശേഷി പ്രതിവർഷം ഏകദേശം 200 ദശലക്ഷം ടണ്ണായി (MTPA) വർധിപ്പിക്കാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നത്. കൂടാതെ, 5.4 MTPA മൊത്തം ശേഷിയുള്ള രണ്ട് പുതിയ ഗ്രീൻഫീൽഡ് പ്രോജക്ടുകൾ ആരംഭിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലും തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ഈ പദ്ധതികൾ കമ്പനിയുടെ മൊത്തം ശേഷി 151.6 MTPA ആയി ഉയർത്തും. കഴിഞ്ഞ വർഷം, കമ്പനി അതിൻ്റെ ശേഷി 18.7 MTPA വർദ്ധിപ്പിച്ചു. 35.5 MTPA യുടെ അധിക വിപുലീകരണങ്ങൾ ഇപ്പോൾ 16 സൈറ്റുകളിൽ പുരോഗമിക്കുന്നു.
ജെഎസ് ഡബ്ല്യൂ എനർജി: ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പ്ലെയ്‌സ്‌മെൻ്റ് (ക്യുഐപി) വഴി 5,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിന് കമ്പനിക്ക് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചു.
ബയോകോൺ: സബ്‌സിഡിയറിയായ ബയോകോൺ ബയോളജിക്‌സ്, ഇന്ത്യയിലെ ബ്രാൻഡഡ് ഫോർമുലേഷൻ ബിസിനസ്സ് 1,242 കോടി രൂപയ്ക്ക് ഏറിസ് ലൈഫ് സയൻസസിന് കൈമാറ്റം ചെയ്തു. ബ്രാൻഡഡ് ഫോർമുലേഷൻ ബിസിനസ്സിൽ മെറ്റബോളിക്‌സ്, ഓങ്കോളജി, ക്രിട്ടിക്കൽ കെയർ ഡയഗ്‌നോസ്റ്റിക് എന്നിവ ഉൾപ്പെടുന്നു.
എച്ച്‌സിഎൽ ടെക്‌നോളജീസ്: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എച്ച്‌സിഎൽ ഇൻവെസ്റ്റ്‌മെൻ്റ് യുകെ, യുഎസ് ആസ്ഥാനമായ സ്റ്റേറ്റ് സ്ട്രീറ്റ് ഇൻ്റർനാഷണൽ ഹോൾഡിംഗ്‌സുമായുള്ള സംയുക്ത സംരംഭത്തിൽ (ജെവി) 49 ശതമാനം ഓഹരി വിറ്റഴിക്കൽ പൂർത്തിയാക്കിയതായി ഐടി സേവന കമ്പനി അറിയിച്ചു. സംയുക്ത സംരംഭം വിറ്റഴിക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കുള്ള കരാർ അവസാനിപ്പിക്കുന്നതിനുമായി 172.5 ദശലക്ഷം ഡോളർ സബ്സിഡിയറിക്ക് ലഭിച്ചു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുന്ന അംഗീകൃത ഡീലർ കാറ്റഗറി 1 ലൈസൻസ് (വിദേശ വിനിമയ പ്രവർത്തനങ്ങൾ) ബാങ്ക് പ്രവർത്തനക്ഷമമാക്കി.
ആക്‌സിസ് ബാങ്ക്: മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ആക്‌സിസ് ബാങ്കിൻ്റെ ആസൂത്രിത ഓഹരി ഏറ്റെടുക്കലിന് അംഗീകാരം നൽകിയതായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചു. ആക്‌സിസ് ബാങ്കിൽ നിന്നുള്ള മൂലധന വർധന സംബന്ധിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. മാക്‌സ് ലൈഫിൻ്റെ ഭാവി വളർച്ചാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും മൂലധന സ്ഥാനം വർദ്ധിപ്പിക്കുന്നതിനും സോൾവൻസി മാർജിനുകൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നടപടി.