image

15 May 2024 2:41 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Joy Philip

Trade Morning
X

Summary

  • ഈ വര്‍ഷം പണപ്പെരുപ്പം തുടര്‍ച്ചയായി കുറയുമെന്ന് ഫെഡറല്‍ റിസര്‍വിന്റെ പ്രതീക്ഷ
  • തെരഞ്ഞെടുപ്പു വിശകലനം വിപണിക്ക് കരുത്തായി


ഇന്നലെ ( മേയ് 14-ന്) 21800 പോയിന്റിനു ചുറ്റളവിലെത്തിയശേഷം തിരിച്ചു കയറിയ ഓഹരി വിപണിക്ക് പുതിയ മൊമന്റം ലഭിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നു ദിവസം ഇന്ത്യന്‍ ഓഹരി വിപണി ബഞ്ചുമാര്‍ക്കുകളായ നിഫ്റ്റിയും സെന്‍സെക്സും മെച്ചപ്പെട്ടു ക്ലോസ് ചെയ്തിരിക്കുകയാണ്. മേയ് 14-ന് നിഫ്റ്റി 113.8 പോയിന്റ് മെച്ചപ്പെട്ട് 22217.5 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്.

ലോക്സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പു ദിനത്തില്‍ 21777 പോയിന്റ്ു വരെ താഴ്ന്ന ശേഷം മേയ് മൂന്നിന് നിഫ്റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ 22794.7 പോയിന്റ് വരെ എത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 21800ലേക്ക് കൂപ്പു കുത്തിയത്.

സെന്‍സെക്സ് സൂചിക മേയ് 14-ന് 328 പോയിന്റ് മെച്ചത്തോടെ 73104 പോയിന്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലമാണ് വിപണിയിലെ വന്യമായ ചാഞ്ചാട്ടത്തിനു മുഖ്യ കാരണം. ഗാസാ യുദ്ധം, ഉയര്‍ന്നു നില്‍ക്കുന്ന പലിശനിരക്ക്, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ ആശങ്കകള്‍ തുടങ്ങിയവയും വന്യ വ്യതിയാനത്തിനു ഊര്‍ജം പകരുന്നുണ്ട്.

മേയ് 13-ലെ ചാഞ്ചാട്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്നലെ വിപണി താരതമ്യേന ശാന്തമായിരുന്നു. 22100 മുകളില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി 22270 പോയിന്റ് വരെ ഉയര്‍ന്നശേഷം 22217ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.

നാല്‍പ്പത്തിയൊമ്പത് സീറ്റുകളിലേക്കുള്ള അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് മേയ് 20-ന് ആണ്. ഇതോടെ 430 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു പൂര്‍ത്തിയാകും. ബിജെപിക്കു മുന്‍തൂക്കമുള്ള മേഖലകളിലാണ് ഇനി തെരഞ്ഞെടുപ്പു നടക്കാനുള്ളത്.

നാലാംഘട്ടത്തിലെ വോട്ടിംഗ് ഭരണകക്ഷിക്ക് മുന്‍തൂക്കമുണ്ടാകുമെന്ന വിലയിരുത്തലാണ് വിപണിക്കുള്ളത്. അതു വിപണിയുടെ ഇന്നലത്തെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ഈ മൊമന്റം ഇന്നും തുടരാനാണ് സാധ്യത. ആഗോള വിപണികളില്‍നിന്നുളള്ള സൂചനകളുമതാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വിപണിയിലെ മൊമന്റം തുടര്‍ന്നാല്‍ നിഫ്റ്റി സൂചികയ്ക്ക് 22300 പോയിന്റ് ചുറ്റളവില്‍ മോശമല്ലാത്ത റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളില്‍ മികച്ച വ്യാപ്തത്തോടെ ക്ലോസ് ചെയ്താല്‍ അടുത്ത കടമ്പ 22500-22600 പോയിന്റ് തലത്തിലാണ്. 22800 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. അതു മറികടക്കാന്‍ വളരെ പോസീറ്റാവായ സംഭവം ആവശ്യമാണ്.

വിപണി മനോഭാവം നെഗറ്റീവായാല്‍ നിഫ്റ്റിക്ക് 21950-22200 തലത്തില്‍ പിന്തുണയുണ്ട്. തുടര്‍ന്നു താഴേയ്ക്കു നീങ്ങിയാല്‍ 21700-21800 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്. ഇവിടെ നിന്നും പലതവണ തിരിച്ചുവരവു നടത്തിയിട്ടുണ്ട്. മാത്രവുമല്ല, ഇവിടെനിന്നാണ് മേയ് മൂന്നിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്.

പ്രതിദിന ആര്‍ എസ് ഐ ന്യൂട്രല്‍ സോണില്‍നിന്നും ബുള്ളീഷ് സോണിലേക്ക് അടുത്തിരിക്കുകയാണ്. ഇന്നലെ ആര്‍എസ്ഐ 47.13 ആണ്. തലേദിവസമിത് 43.19 ആയിരുന്നു. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി പോസീറ്റീവായാണ് രാവിലെ ഓപ്പണ്‍ ചെയ്തത്. നേരിയ തോതില്‍ ഉയര്‍ന്ന നിലയിലാണിപ്പോള്‍. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ഓപ്പണ്‍ ചെയ്തു മുന്നോട്ടു പോകുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ആഗോള വിപണികളും മെച്ചത്തിലാണ്. യുഎസ് , യുറോപ്പ്, ഏഷ്യന്‍ ഫ്യൂച്ചറുകള്‍ പൊതുവേ പോസീറ്റീവാണ്.

ഇന്ത്യ വിക്സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ താഴ്ന്ന് 20.20 ആയി. തലേദിവസമിത് 20.61 ആയിരുന്നു. തുടര്‍ച്ചയായ പതിമൂന്നാം ദിവസത്തെ കയറ്റത്തിനുശേഷമാണ് ഇന്ത്യ വിക്സ് ചെറിയ ഇടിവു കാണിക്കുന്നത്. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. പൊതു തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യ വിക്സ് ഉയരുന്നത് വിപണിക്ക് അത്ര അപരിചിതമല്ല എന്നതാണ് വസ്തുത. 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിക്സ് 30-ന് മുകളിലെത്തിയിരുന്നു.

വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 14-ന് 0.97 ലേക്ക് കുതിച്ചുയര്‍ന്നു. തലേദിവസമിത് 0.91 ആയിരുന്നു. വിപണിയുടെ ബുള്ളീഷ് സെന്റിമെന്റ് ശക്തമാകുന്നുവെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7ന് മുകളിലേ്ക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ബുധനാഴ്ച പണപ്പെരുപ്പക്കണക്കുകള്‍ എത്തുന്നതു കാത്തിരിക്കേ യുഎസ് വിപണി ഇന്നലെ മികച്ച ഉയര്‍ച്ചയോടെയാണ് ക്ലോസ് ചെയ്തത്. 2024-ല്‍ പണപ്പെരുപ്പം തുടര്‍ച്ചയായി കുറയുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജറോം പവല്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് യുഎസ് വിപണിക്കള്‍ക്ക് ഊര്‍ജം പകര്‍ന്നത്. പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുവാനുള്ള സാധ്യതയില്ലെന്നും പവല്‍ കൂട്ടിച്ചര്‍ത്തു. കഴിഞ്ഞ ജൂലൈ മുതല്‍ യുഎസ് പലിശ നിരക്ക് 5.25-5.5 ശതമാനം റേഞ്ചിലാണ്.

പവലിന്റെ അഭിപ്രായത്തെത്തുടര്‍ന്ന് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 126 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് ആകട്ടെ 2024-ലെ ഏഴാമത്തെ റിക്കാര്‍ഡ് ക്ലോസിംഗിലെത്തി. നാസ്ഡാക് 122.94 പോയിന്റ് മെച്ചത്തോടെ 16511 പോയിന്റായി. എസ് ആന്‍ഡ് പി 500 25.26 പോയിന്റ് മെച്ചത്തിലാണ് ക്ലോസ് ചെയ്തത്. മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്.

മാത്രമല്ല, യുഎസ് വിപണി സൂചിക ഫ്യൂച്ചറുകള്‍ മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്. ഡൗ ജോണ്‍സ് ഫ്യൂച്ചേഴ്സ് 14 പോയിന്റ് മെച്ചത്തിലാണ്.

ജര്‍മന്‍ ഡാക്സ് ഒഴികെ യൂറോപ്യന്‍ സൂചികകളെല്ലാംതന്നെ പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. അതേസമയം ഡാക്സ് ഉള്‍പ്പെടെ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവാണ്.

ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായാണ് തുറന്നിട്ടുള്ളത്. ജാപ്പനീസ് നിക്കി 164 പോയിന്റ് മെച്ചത്തിലാണ്. ഓസ്ട്രേലിയന്‍ ഓള്‍ ഓര്‍ഡനറീസ് 36 പോയിന്റ് ഉയര്‍ന്നാണ് നില്‍ക്കുന്നത്. ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് 2.25 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ മേയിലിതുവരെ 33539.94 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയിട്ടുള്ളത്. മേയ് 14-ന് അവരുടെ നെറ്റ് വില്‍പ്പന 4065.5 കോടി രൂപയുടെ ഓഹരികളാണ്. ഏപ്രിലില്‍ 35693 കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തിയിരുന്നു.

അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ മേയ് 14-ന് 3527.9 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.. ഈ മാസം ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 26500.5 കോടി രൂപയുടെ ഓഹരികളാണ്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. മോദി അധികാരത്തില്‍ തിരിച്ചുവരുമെന്ന വിലയിരുത്തലാണ് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലിനു ഊര്‍ജം നല്‍കുന്നത്.

മൊത്ത വിലക്കയറ്റത്തോത്

ഏപ്രിലില്‍ മൊത്ത വിലക്കയറ്റത്തോത് 1.26 ശതമാനത്തിലേക്കു കുതിച്ചെത്തി. പതിമൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ചിലിത് 0.53 ശതമാനമായിരുന്നു. വൈദ്യുതി, ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയാണ് മൊത്തവിലക്കയറ്റത്തോത് ഉയര്‍ത്തിയത്. സവോള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.. ഏപ്രിലില്‍ സവോള വിലയില്‍ 59.75 ശതമാനം വില വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ 56.5 ശതമാനം വില വര്‍ധിച്ചിരുന്നു. ഉരുളക്കിഴങ്ങിന്റെ വില ഏപ്രിലില്‍ 72 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ 53 ശതമാനം വില ഉയര്‍ന്നിരുന്നു.

ചില്ലറവിലക്കയറ്റത്തോത് ഏപ്രിലില്‍ 4.83 ശതമാനമാണ്. റിസര്‍വ് ബാങ്കിന്റെ പണപ്പെരുപ്പ ലക്ഷ്യമായ നാലു ശതമാനത്തേക്കാള്‍ കുടുതലാണിത്.

ഇന്ന് രാജ്യത്തിന്റെ കയറ്റിറക്കുമതി കണക്കുകളും. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനക്കണക്കുകളും പുറത്തുവരും. ബാങ്ക് വായ്പ, ഡിപ്പോസിറ്റ് വിദേശനാണ്യശേഖരം തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ മേയ് 17-നാണ് എത്തുക.

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

ക്ലീന്‍ സയന്‍സ് ടെക്നോളജി, സിഎംഎസ് ഇന്‍ഫോസിസ്റ്റം,ഡിക്സണ്‍ ടെക്നോളജീസ്, ഗ്രാന്യൂള്‍സ്, ഹണിവെല്‍, ഐഇഎക്സ്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍,ജ്യോതിലാബ്സ്, എല്‍ഐസി ഹൗസിംഗ്, എന്‍സിസി, നെക്ടാര്‍ ലൈഫ്സയന്‍സസ്, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ശ്രീറാം അസറ്റ് മാനേജ്മെന്റ്,ടിസിഐ, തിത്താഗഡ് റെയില്‍ സിസ്റ്റം, ടിആര്‍എഫ്, വിശാഖ ഇന്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ നാലാം ക്വാര്‍ട്ടര്‍ ഫലം ഇന്നു പുറത്തുവിടും.

വാര്‍ത്തകളില്‍ കമ്പനികള്‍

ഭാരതി എയര്‍ടെല്‍ : ടെലികോം ഭീമന്‍ ഭാരതി എയര്‍ടെലിന്റെ നാലാം ക്വാര്‍ട്ടര്‍ അറ്റാദായം31 ശതമാനം കുറഞ്ഞ് 2072 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 3006 കോടി രൂപയായിരുന്നു. അതേ സമയം പ്രവര്‍ത്തന വരുമാനം 4 ശതമാനംഉയര്‍ന്ന് 37599 കോടി രൂപയിലെത്തി. . രണ്ടു രൂപ ഓഹരി മുഖവിലയില്‍ കമ്പനി എട്ടു രൂപ ലാഭവീതവും പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രതിഉപഭോക്തൃ വരുമാനം ( എആര്‍പിയു) 209 രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം നാലാം ക്വാര്‍ട്ടറിലിത് 193 രൂപയായിരുന്നു.

അലയഡ് ബ്ലെന്‍ഡേഴ്സ്: ഓഫീസേഴ്സ് ചെയില്‍ വിസ്‌കി ഉത്പാദകരായ അലയഡ് ബ്ലെന്‍ഡേഴ്സ് ആന്‍ഡ് ഡിസ്റ്റിലേഴ്സ് ലിമിറ്റഡിന് ഐപിഒ വഴി 1500 കോടി രൂപ സ്വരൂപിക്കാന്‍ സെബിയുടെ അനുമതി ലഭിച്ചു.ഇതില്‍ ആയിരം കോടി രൂപ പുതിയ ഓഹരി നല്‍കിയും 500 കോടി രൂപ ഓഫര്‍ ഫോര്‍ സെയില്‍ ഓഹരിയുമാണ്.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വിഭാഗത്തില്‍ എട്ടു ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. വിസ്‌കി, റം, ബ്രാന്‍ഡി, വോഡ്ക തുടങ്ങിയ മദ്യങ്ങള്‍ കമ്പനി നിര്‍മിക്കുന്നു.

ഗോഡിജിറ്റ് ഐപിഒ : വിരാട് കോലിയുടെ പിന്തുണയുള്ള ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ കന്നി പബ്ളിക് ഇഷ്യു ഇന്നു തുടങ്ങും. ഇഷ്യുവിന്റെ വലുപ്പം 2614.65 കോടി രൂപയാണ്. ഇഷ്യു 17-ന് സമാപിക്കും. പ്രൈസ് ബാന്‍ഡ് 258-272 രൂപ. 2016-ല്‍ ആരംഭിച്ച കമ്പനി ആരോഗ്യ, ട്രാവല്‍, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ നല്‍കുന്നു. കമ്പനിക്ക് 74 സജീവ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുണ്ട്.

പിവിആര്‍ ഇനോക്സ് : കമ്പനി മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 130 കോടി രൂപ സംയോജിത നഷ്ടം കാണിച്ചു. മൂന്‍വര്‍ഷമിതേ കാലയളവിലെ നഷ്ടം 333 കോടി രൂപയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനി 13 കോടി രൂപ അറ്റാദായം കാണിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 10 ശതമാനം വര്‍ധനയോടെ 1256 കോടി രൂപയിലെത്തി. 2023-24 ധനകാര്യ വര്‍ഷത്തിലെ കമ്പനിയുടെ നഷ്ടം 32 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 335 കോടി രൂപയായിരുന്നു. അതേസമയം വരുമാനം 3751 കോടി രൂപയില്‍നിന്ന് 6107 കോടി രൂപയായി വര്‍ധിച്ചു. കമ്പനി റെസറ്ററന്റ് ചെയിന്‍ ആയ ദേവയാനി ഇന്റര്‍നാഷണലുമായി പങ്കാളിത്തമുണ്ടാക്കും. മാളുകളില്‍ ഫുഡ് കോര്‍ട്ടുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.