28 May 2024 11:00 AM GMT
വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; മൂന്നാം നാളും സൂചികകൾക്ക് അവസാനം ചുവപ്പിൽ
MyFin Desk
Summary
- ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പുള്ള അനിശ്ചിതത്വം വിപണിക്ക് വിനയായി
- ബ്രെൻ്റ് ക്രൂഡ് 0.13 ശതമാനം ഉയർന്ന് ബാരലിന് 83.21 ഡോളറിലെത്തി
- ബിഎസ്ഇ മിഡ്ക്യാപ് 0.63 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് 1.09 ശതമാനവും ഇടിഞ്ഞു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പുള്ള അനിശ്ചിതത്വം വിപണിക്ക് വിനയായി. നിക്ഷേപകരുടെ അധികരിച്ചു വരുന്ന ലാഭമെടുപ്പും സൂചികകളെ വലച്ചു.
സെൻസെക്സ് 220.05 പോയിൻ്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 75,170.45 ലും നിഫ്റ്റി 44.30 പോയിൻറ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 22,888.15 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ദിവീസ് ലാബ്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, അൾട്രാടെക് സിമൻ്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, സിപ്ല എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, ഐടിസി, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
ബിഎസ്ഇ മിഡ്ക്യാപ് 0.63 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് 1.09 ശതമാനവും ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ ഫാർമ, ഹെൽത്ത്‌കെയർ സൂചികകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ റിയാലിറ്റി, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ കുത്തനെ ഇടിഞ്ഞു.
ബാങ്ക്, ഓട്ടോ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി സൂചികകളും ചുവപ്പിൽ ക്ലോസ് ചെയ്തപ്പോൾ ഫിനാൻഷ്യൽ സർവീസസ്, മീഡിയ, എഫ്എംസിജി മേഖലാ സൂചികകൾ പച്ചയിൽ അവസാനിച്ചു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. മെമ്മോറിയൽ ഡേ അവധിയെ തുടർന്ന് തിങ്കളാഴ്ച്ച യുഎസ് വിപണികൾക്ക് അവധിയായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.13 ശതമാനം ഉയർന്ന് ബാരലിന് 83.21 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ താഴ്ന്ന് 83.18 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.49 ശതമാനം ഉയർന്ന് 2346 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 541.22 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഇന്ത്യയുടെ പ്രധാന മൺസൂൺ സോണിൽ ഈ സീസണിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി തിങ്കളാഴ്ച്ച അറിയിച്ചു.
തിങ്കളാഴ്ച്ച സെൻസെക്സ് 19.89 പോയിൻ്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 75,390.50 ലും നിഫ്റ്റി 24.65 പോയിൻ്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 22,932.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.