15 May 2024 5:00 AM GMT
Summary
- തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ പച്ചയിൽ ആരംഭിക്കുന്നത്
- തുടക്ക വ്യാപാരത്തിൽ 13 പ്രധാന മേഖലാ സൂചികകളിൽ 12 എണ്ണവും ഉയർന്നിരുന്നു
- ബ്രെൻ്റ് ക്രൂഡ് 0.72 ശതമാനം ഉയർന്ന് ബാരലിന് 82.96 ഡോളറിലെത്തി
അഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ പച്ചയിൽ ആരംഭിക്കുന്നത്. യുഎസ് വിപണികളിലെ ഉയർന്നുള്ള വ്യാപാരം വിപണിക്ക് താങ്ങായി. റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും ഐടിസി ഓഹരികൾ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി.
സെൻസെക്‌സ് 138.53 പോയിൻ്റ് ഉയർന്ന് 73,243.14 ലും നിഫ്റ്റി 60.7 പോയിൻ്റ് ഉയർന്ന് 22,278.55 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ സിപ്ല, കോൾ ഇന്ത്യ, അദാനി എൻ്റർപ്രൈസസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജെ എസ് ഡബ്ല്യു സ്റ്റീൽ, ഐഷർ മോട്ടോർസ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സൺ ഫാർമ, ശ്രീറാം ഫിനാൻസ് എന്നീ ഓഹരികൾ ഇടിവിലാണ്.
തുടക്ക വ്യാപാരത്തിൽ 13 പ്രധാന മേഖലാ സൂചികകളിൽ 12 എണ്ണവും ഉയർന്നിരുന്നു. നിഫ്റ്റി ഓട്ടോ മാത്രമാണ് 0.1 ശതമാനം ഇടിഞ്ഞ ഏക സൂചിക. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് രണ്ടു ശതമാനത്തിലധികം ഉയർന്ന് 20 കടന്നു.
ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തിലാണ്, ഷാങ്ഹായ് ഇടിവിൽ വ്യാപാരം തുടരുന്നു. യുഎസ് വിപണികൾ ചൊവ്വാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.72 ശതമാനം ഉയർന്ന് ബാരലിന് 82.96 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.15 ശതമാനം ഉയർന്ന് 2363 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.47 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 4,065.52 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ചൊവ്വാഴ്ച സെൻസെക്സ് 328.48 പോയിൻ്റ് അഥവാ 0.45 ശതമാനം ഉയർന്ന് 73,104.61 ലും നിഫ്റ്റി 113.80 പോയിൻ്റ് അഥവാ 0.51 ശതമാനം ഉയർന്ന് 22,217.85 ലുമാണ് ക്ലോസ് ചെയ്തത്.