11 Feb 2024 1:27 AM GMT
Summary
- കോൾ ഇന്ത്യ, ഒഎൻജിസി, ഓയിൽ ഇന്ത്യ ഗുജറാത്ത് ഗ്യാസ് എന്നിവയുടെ ഫലങ്ങൾ വരും
- ഫെബ്രുവരി 13ന് വരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ നിർണ്ണായകമാവും
- സ്വർണ വിലയിലെ ഹ്രസ്വകാല ട്രെൻഡ് ബിയറിഷാണ്
നിക്ഷേപകരെയും വിപണിയെയും കഴിഞ്ഞ ആഴ്ച ഒരു പോലെ നിരാശപെടുത്തിയത് ആർബിഐയുടെ നയതീരുമാനമായിരുന്നു. ഹോകിഷ് സ്റ്റാൻസും പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച സൂചനകളുടെ അഭാവവും പ്രതീക്ഷകളെ തളർത്തി. ബിയറുകളും ബുള്ളുകളും തമ്മിലുള്ള മത്സരം കടുത്തത് ബാങ്കിങ് ഓഹരികളിലായിരുന്നു. പ്രതിവാര സ്കെയിലിൽ ബാങ്ക് നിഫ്റ്റി 0.7% ഇടിഞ്ഞപ്പോൾ പ്രൈവറ്റ് ബാങ്കിങ് സൂചിക 2.37% നഷ്ടം രേഖപ്പെടുത്തി. അതെ സമയം സർവകാല റെക്കോർഡിലേക്ക് 5% ത്തിന്റെ കുതിപ്പ് പൊതുമേഖലാ ബാങ്കിങ് സൂചിക നൽകി. സെക്ടറിൽ സൂചികകളിൽ ഹെൽത്ത്കെയർ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ശരാശരി 4% നേട്ടം കൈവരിച്ചു.
അടുത്ത ആഴ്ചയിൽ ആഗോള വിപണികൾ
ഫെഡ് 2024ൽ തന്നെ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും മികച്ച പാദഫലങ്ങളും യു എസ് ഓഹരിവിപണിയെ സർവകാല ഉയരത്തിലേക്ക് എത്തിച്ച ആഴ്ചയാണ് കടന്നു പോയത്. അടുത്ത ആഴ്ചയിൽ ഫെബ്രുവരി 13ന് വരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ വിപണിയിൽ നിർണ്ണായകമാവും. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പണപ്പെരുപ്പ കണക്കുകളെ ഏറെ ആകാംക്ഷയോടെയാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. ഫെഡ് റിസേർവിന്റെ ലക്ഷ്യ നിരക്കായ 2 ശതമാനത്തിലേക്ക് എത്തുന്നുണ്ടോ എന്നതായിരിക്കും പ്രധാനം. ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കുന്ന ക്രൂഡ് ഇൻവെന്ററി കണക്കുകളും വിപണിയെ സ്വാധീനിക്കും. പ്രതീക്ഷിച്ചതിലും കൂടുതലാണ് ഇൻവെന്ററി എങ്കിൽ ദുർബലമായ ഡിമാന്റിനെ സൂചിപ്പിക്കുന്നു. നിലവിൽ നേരിയ തോതിൽ റിക്കവർ ചെയ്തു വരുന്ന ക്രൂഡ് വിലക്ക് ഇത് പ്രതികൂലമാകും.
ഫെബ്രുവരി 15ന് വരുന്ന തൊഴിലില്ലായ്മ കണക്കുകളും, ജനുവരിയിലെ കോർ റീടെയിൽ സെയിൽസ് ഡാറ്റയും വിപണിയിൽ സ്വാധീനം ചെലുത്തും. ഉപഭോഗ ട്രെൻഡ് റീറ്റെയ്ൽ സെയിൽസ് ഡാറ്റയിൽ നിന്നും മനസ്സിലാക്കാം. നിർമാണ മേഖലയുടെ സ്ഥിഗതികൾ വിലയിരുത്താൻ ഫെബ്രുവരി 15നു പ്രസിദ്ധീകരിക്കുന്ന വ്യവസായിക ഉല്പ്പാദന ഡാറ്റയും ഫെബ്രുവരി 16 ന് പുറത്തു വരുന്ന പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ഡാറ്റയും സഹായിക്കും.വിവിധ ഇടങ്ങളിലായി നീൽ കാശ്‌കാരി (Neel Kashkari), റാഫേൽ ബോസ്ടിക് (Raphael Bostic) മേരി ടാലി (,Mary Daly) തുടങ്ങിയ ഫെഡ് റിസേർവ് അംഗങ്ങളുടെ പ്രസ്താവനകളിലൂടെ ഫെഡിന്റെ ഭാവി ധനനയങ്ങളെ സംബന്ധിച്ച കൃത്യമായി വിവരങ്ങൾ നിക്ഷേപകരിലേക്കെത്തും.
യൂറോപ്യൻ മേഖലയിൽ ഫെബ്രുവരി 12 നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BOE) ഗവർണർ ആൻഡ്രൂ ബെയ്‌ലിയുടെ പ്രസ്താവന നിക്ഷേപകർ ശ്രദ്ധയോടെ നിരീക്ഷിക്കും.ഇത് ഒരു ഹ്രസ്വകാല പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ട്രെൻഡിന് കാരണമായേക്കാം.ഫെബ്രുവരി 14ന് ബ്രിട്ടന്റെ പണപ്പെരുപ്പ കണക്കുകളും 15ണ് ജിഡിപി കണക്കുകളും വ്യാവസായിക ഉല്പ്പാദന ഡാറ്റയും പുറത്തു വരും.ഇതോടെ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയുടെ ശെരിയായ ചിത്രം ലഭിക്കും.14 നു തന്നെ യൂറോ മേഖലയുടെ ജിഡിപിയും പുറത്തു വരും.
പുതുവർഷത്തെ തുടർന്ന് ചൈനീസ് വിപണികൾ ഫെബ്രുവരി 12-16 വരെ അവധിയാണ്. ഹോങ്കോങ് ,സിംഗപ്പൂർ, സൗത്ത് കൊറിയ വിപണികളിൽ 3 വ്യാപാര സെഷൻസ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഫെബ്രുവരി 14 നു പുറത്തു വരുന്ന ജപ്പാന്റെ നാലാം പാദ ജിഡിപി ഡാറ്റയാണ് ഏഷ്യൻ മേഖലയിൽ പുറത്തു വരുന്ന പ്രധാന ഡാറ്റകളിലൊന്ന്. ഏഷ്യയിലെ ഏക വികസിത രാജ്യമായ ജപ്പാന്റെ വളർച്ച കണക്കുകൾ നിക്ഷേപകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
ക്രൂഡും സ്വർണവും
ആഴ്ചയിലുടനീളം WTI ക്രൂഡ് വിലയിൽ ഒരു ഇടിവാണ് കാണാൻ സാധിച്ചത്. എന്നാൽ ഒപെക് + നിലവിലെ ഉത്പാദനം നിലനിർത്താൻ തീരുമാനിച്ചത് വാരാന്ത്യത്തിലെ അവസാന രണ്ടു നാളുകളിൽ വിലയിൽ 0.65 ശതമാനം എന്ന നേരിയ വർധനയുണ്ടാക്കി. ക്രൂഡ് ഓയിൽ പ്രൈസ് ചാർട്ടിൽ ബുള്ളിഷ് റാലി പ്രകടമാകുന്നു. WTI ക്രൂഡ് റെസിസ്റ്റൻസ് $77.43, $79.29 എന്നി ലെവലുകളാണ്. ഈ ലെവൽ ബ്രേക്ക് ചെയ്താൽ അപ്സൈഡിലേക്ക് ബുള്ളിഷ് ട്രിഗറുകൾ കടന്നു വരാം. $75 പ്രധാന സപ്പോർട്ട് ആയും പരിഗണിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.
സ്വർണ വിലയിലെ ഹ്രസ്വകാല ട്രെൻഡ് ബിയറിഷാണ്. നിലവിൽ സിമെട്രിക്കൽ ട്രയാങ്കിൾ പാറ്റേൺ സ്വർണ വിലയിൽ രൂപപ്പെട്ടിരിക്കുന്നത് കാണാം. പ്രധാന റെസിസ്റ്റൻസ് ആയി $2065 ഉം, തുടർന്ന് $2088 ഉം പരിഗണിക്കാവുന്നതാണ്. പ്രധാന സപ്പോർട്ട് ആയി $2001 ഉം, തുടർന്ന് $1972 ഉം കണക്കാക്കാം.
രൂപയിലെ വ്യാപാരം
ശക്തമായ അമേരിക്കൻ കറൻസിയും ഉയർന്ന ആഗോള ക്രൂഡ് ഓയിൽ വിലയും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയെ 83.05 എന്ന നിരക്കിലേക്ക് എത്തിച്ചു. ആഭ്യന്തര വിപണിയിൽ പോസിറ്റീവ് പ്രവണത നില നിന്നെങ്കിലും വാരാടിസ്ഥാനത്തിൽ 0.36% ഇടിവാണ് രേഖപ്പെടുത്തിയത്. 20 -ഡേ മൂവിങ് ആവറേജ് നൽകുന്ന പ്രതീക്ഷ ഷോർട് ട്ടേം ട്രെൻഡ് ഉയർന്നിരിക്കുന്നുവെന്നാണ്.
'ഫിബോനാക്കി പിവട്ട് ലെവെൽസ്'' അടിസ്ഥാനപ്പെടുത്തി പ്രധാന സപ്പോർട്ട് ആയി കാണേണ്ടത് $83.10, $83.18 എന്നിവയും റെസിസ്റ്റൻസ് ലെവൽ ആയി പരിഗണിക്കേണ്ടത് $82.84, $82.76 എന്നിവയുമാണ്.
ഇന്ത്യൻ പണപ്പെരുപ്പ കണക്കുകൾ നിർണായകം
ഫെബ്രുവരി 12 : പുതിയ വാരം ആദ്യം പുറത്ത് വരിക ജനുവരിയിലെ സിപിഐ ഡാറ്റയാണ്. ഫെബ്രുവരി 12നു ഡാറ്റ ലഭ്യമാകും. 5.69% ആണ് മുന്‍ സിപിഐ നിരക്ക്. ജിഡിപിയുടെയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും അളവ് കോലായ പ്രതിമാസ കുമിലേറ്റീവ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ കണക്കുകളും അന്ന് അറിയാം. ഡിസംബറിലെ മാനുഫാക്ചറിങ് ഔട്ട്പുട്ട് ഡാറ്റയും തിങ്കളാഴ്ച വരുന്നുണ്ട്. .
ഫെബ്രുവരി 14 പതിനാലാം തിയ്യതി ബുധനാഴ്ച വിപണിയ്ക്ക് നിര്‍ണായകമാവുന്നത് വ്യവസായ മേഖലയുടെ സ്ഥിതി വ്യക്തമാക്കുന്ന കയറ്റുമതി-ഇറക്കുമതി, ട്രേഡ് ബാലന്‍സ് ഡാറ്റകളാണ്. അന്ന് മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പ ഡാറ്റയും പുറത്ത് വരും. ഡിസംബറിലെ മൊത്തവില പണപ്പെരുപ്പം ഒൻപത് മാസത്തെ ഉയർന്ന നിരക്കായ 0.73 -ലേക്ക് കുതിച്ച് ഉയര്‍ന്നിരുന്നു.
ആര്‍ബിഐ പ്രഖ്യാപനങ്ങൾ:
ഭക്ഷ്യ വിലയിലെ ചാഞ്ചാട്ടമാണ് പണപെരുപ്പത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്നും ജാഗ്രത തുടരുമെന്നുമാണ് ആര്‍ബിഐ ഈ വാരം നടന്ന ധനനയ യോഗത്തില്‍ പറഞ്ഞിരുന്നത്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ റാബി വിളകളെ എങ്ങനെ ബാധിക്കുമെന്നു നിശ്ചയമില്ല. ഭക്ഷ്യോല്‍പന്ന വിലക്കയറ്റം പൊതു വിലക്കയറ്റത്തിലേക്കു നയിക്കുന്ന സാഹചര്യമുണ്ടാകാം. അസംസ്‌കൃത എണ്ണ വിലയിലെ വ്യതിയാനങ്ങളും വെല്ലുവിളിയാണെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കിയത്. പണപെരുപ്പ പ്രതീക്ഷ 4.5 ശതമാനം തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം, വാര്‍ഷികാടിസ്ഥാനത്തില്‍ ജിഡിപി ലക്ഷ്യം 7 ശതമാനമായി നിലനിര്‍ത്തിയ ആര്‍ബിഐ, പാദാടിസ്ഥാന ജിഡിപി പ്രതീക്ഷ ഉയര്‍ത്തി. പുതിയ വാരവും ആര്‍ബിഐ നടത്തിയ ധനനയ പ്രഖ്യാപനത്തിന്റെ ആഘാതം വിപണിയില്‍ പ്രതിഫലിക്കാം. അതേസമയം,ജനുവരിയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 5.09 ശതമാനമായി കുറയുമെന്നാണ് റോയിട്ടേര്‍സ് സര്‍വെയിലെ നിഗമനം. ഭക്ഷ്യ വിലക്കയറ്റത്തിന്റെ തീവ്രത കുറഞ്ഞതും 2023 ജനുവരിയിലുണ്ടായിരുന്ന ഉയര്‍ന്ന വിലകളുമാണ് വിലക്കയറ്റ തോത് കുറയ്ക്കുന്നത്. എങ്കിലും 5 ശതമാനത്തിനു മുകളിലാണ് നിരക്ക് എന്നത് പ്രധാന്യമര്‍ഹിക്കുന്നു.
ഫെബ്രുവരി 15 : റോയിട്ടേര്‍സ് പ്രൈമറി കൺസ്യുമർ സെന്റിമെന്റ് ഇൻഡക്സ് പുറത്ത് വരുന്നത് 15നാണ്. രാജ്യത്തെ മൊത്തം സാമ്പത്തിക സ്ഥിതി, അതായത് പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച, തൊഴില്‍ സുരക്ഷ അടക്കമുള്ളവ വിലയിരുത്തുന്ന ഡേറ്റയാണിത്.
ഫെബ്രുവരി 16 : വിപണിയുടെ ആഴ്ചയിലെ അവസാന ദിനമായ 16ന് ഫോറിന്‍ റിസര്‍വ് കണക്കുകള്‍ പുറത്ത് വരും. നിലവില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഫോറിന്‍ റിസര്‍വില്‍ രാജ്യം കാഴ്ചവയ്ക്കുന്നത്.
ഡിഫെൻസ്, ഓട്ടോ കമ്പനികളുടെ പാദഫലം ശ്രദ്ധേയം
അടുത്ത വാരത്തിൽ മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ഐഷർ മോട്ടോർസ്, സംവർധനാ മദേഴ്‌സ്ണ് എന്നി ഓട്ടോ കമ്പനികളുടെ മൂന്നാം പാദഫലങ്ങൾക് നിലവിലെ ട്രെൻഡിനെ തുണക്കാനാകുമോ എന്നത് ശ്രദ്ധേയം. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഡിമാൻഡ് ട്രെൻഡുകൾ പോസിറ്റീവായ റിയൽറ്റി മേഖലയിലെ പ്രസ്റ്റീജ് എസ്റ്റേറ്റ്, എൻബിസിസി ഇന്ത്യ, ഫീനിക്സ് മിൽസ് എന്നിവയുടെ പാദഫലങ്ങളും നിക്ഷേപകർക്ക് വിലയിരുത്താം.
തുടർച്ചയായ ഓർഡറുകളുടെ കരുത്തിൽ ശക്തമായ വളർച്ച കാണുന്ന പ്രതിരോധ മേഖലയിൽ നിന്നും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ്, ഭാരത് ഹെവി എലെക്ട്രിക്കൽസ്, എംറ്റാർ ടെക്‌നോളജി എന്നിവയുടെ പാദഫലങ്ങൾ ഫെബ്രുവരി 12 നു പുറത്തുവരും.
ഫെബ്രുവരി 13 ന് റിസൾട്ടുകൾ പുറത്തുവിടുന്ന പൊതുമേഖലാ കമ്പനികളിലെ പ്രധാന ശദ്ധ കേന്ദ്രം കോൾ ഇന്ത്യ, ഒഎൻജിസി, ഓയിൽ ഇന്ത്യ ഗുജറാത്ത് ഗ്യാസ് എന്നിവയാണ്. ദുർബലമായ ക്രൂഡ്, ഗ്യാസ് വിലയിലെ ചാഞ്ചാട്ടവും സാമ്പത്തിക പ്രകടനത്തിന്റെ പ്രതിഫലനവും ഓഹരികൾക്ക് നിർണായകം. എന്നാൽ പിപിഎസി (Petroleum Planning & Analysis Cell) കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഇന്ധന ഉപഭോഗം ഡിസംബറിൽ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയായ 20.054 ദശലക്ഷം മെട്രിക് ടണ്ണായി ഉയർന്നതും കമ്പനികൾക്ക് ആശ്വാസം പകരുന്നുണ്ട്.
അരങ്ങേറ്റം കുറിക്കാൻ 5 കമ്പനികൾ
ശക്തമായ പ്രതികരണങ്ങൾക്ക് പിന്നാലെ അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടൽസ് ലിമിറ്റഡ് ഫെബ്രുവരി 12 നു ലിസ്റ്റ് ചെയ്യപ്പെടും. ഫെബ്രുവരി പതിനാലിന് ഓഹരിവിപണിയിലേക്ക് എത്തുന്ന 2 കമ്പനികൾ ജന സ്മോൾ ഫിനാൻസ് ബാങ്ക് ഉം ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കുമാണ്. കൂടാതെ ആഗോള സാങ്കേതിക ബ്രാൻഡുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്ന, പ്രാഥമിക വിപണിയിൽ ഓവർ സബ്സ്ക്രിപ്ഷൻ നേടിയ റാഷി പെരിഫെറൽസ് കമ്പനിയുടെ ലിസ്റ്റിംഗും അന്നേ ദിവസം നടക്കും. ഹെൽത്ത് കെയർ ഉൽപ്പന്നങ്ങളുടെ വിതരണക്കാരായ എന്ററോ ഹെൽത്ത്കെയർ സൊല്യൂഷൻസ് 16ആം തിയതിയാണ് ലിസ്റ്റിംഗിലേക്ക് കടക്കുന്നത്.
ആഭ്യന്തര വിപണിയുടെ ടെക്നിക്കൽ സൂചനകൾ
നിഫ്റ്റി സൂചിക ക്ലോസിങ് ബേസിസിൽ 20 ഡേ EMA സപ്പോർട്ട് നിഫ്റ്റി നില നിർത്തിയിട്ടുണ്ട്. പ്രതിവാര സ്കെയിലിൽ രൂപം കൊണ്ടിരിക്കുന്ന ഹൈ വേവ് -ലൈക് ക്യാൻഡിൽസ്റ്റിക് പാറ്റേൺ സമീപകാലത്തു നില നില്ക്കാൻ സാധ്യതയുള്ള മാർക്കറ്റ് അനിശ്ചിതത്വത്തെ പ്രതിഫലിപ്പിക്കുന്നു. വെള്ളിയാഴ്ചത്തെ താഴ്ന്ന ലെവേലായ 21,630 പുതിയ ഹയർ ബോട്ടം ആയി പരിഗണിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി അഭിപ്രായപ്പെടുന്നു. 21,600-21,500 എന്നി റേഞ്ച് ലേക്കുള്ള ഇടിവുകൾ ബൈയിങ് അവസരമായി കാണാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. 21,650-21,600 ലെവലുകൾ ശക്തമായ സപ്പോർട്ട് സോൺ ആയി ആക്ട് ചെയ്യുമെന്ന് എസ്ബിഐ സെക്യൂരിറ്റീസും അഭിപ്രായപ്പെടുന്നത്. അതിനു താഴേക്കു ഹെസ്വകാലത്തിൽ 21,350 എന്ന ലെവലും നിഫ്റ്റി ടെസ്റ്റ് ചെയ്തേക്കാമെന്നു ബ്രോക്കറേജ് നിരീക്ഷിക്കുന്നു. 21,950-22,000 ബുള്ളുകൾക്ക് ശക്തമായ പ്രതിരോധം തീർക്കും.
ബാങ്ക് നിഫ്റ്റി സൂചിക അതിന്റെ 200-ഡേ EMA ആയ 44,675 ശക്തമായി പിടിച്ചു നിർത്തിയിട്ടുണ്ട്. ആഴ്ചയിലെ പെർഫോമൻസ് വിലയിരുത്തുമ്പോൾ 45,000 നിർണായകമായ സപ്പോർട്ട് സോൺ ആണെന്ന് മനസിലാക്കണം. ഇത് നില നിർത്തുന്നിടത്തോളം ബുള്ളിഷ് ട്രെൻഡ് ശക്തമാണെന്ന് LKP സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ്, കുനാൽ ഷാ വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ സൂചിക ഇപ്പോൾ കുറയുമ്പോൾ വാങ്ങുക (buy on dip) മോഡിലാണ്. പ്രതിരോധം 46,000 എന്ന മാർക്കാണ്. ഇതിനു മുകളിലേക്കുള്ള മുന്നേറ്റം ഷോർട് കവറിങ് റാലി നൽകിയേക്കാം.