22 Sep 2024 4:39 AM GMT
Summary
ഇനി ആര്‍ബിഐയുടെ ഊഴം
എന്തായാലും ഫെഡറല്‍ റിസര്‍വും അതിന്റെ ചെയര്‍മാന്‍ ജെറോം പവലും നിരാശപ്പെടുത്തിയില്ല. മാസങ്ങളായി ലോകമാകെ കാത്തിരുന്ന ഫെഡ് റിസര്‍വിന്റെ തീരുമാനത്തിനു വിപണി സഹര്‍ഷം സ്വാഗതമോതുകയും ചെയ്തു. യുഎസ് വിപണി സൂചികകള്‍ മാത്രമല്ല, ഇന്ത്യന്‍ ഓഹരി വിപണി സൂചികകളും റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും ചെയ്തു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ അര ശതമാനം വെട്ടിക്കുറവാണ് നടത്തിയത്. അപൂര്‍വമായി മാത്രമേ ഫെഡറല്‍ റിസര്‍വ് ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ വെട്ടിക്കുറവ് നടത്താറുള്ളു.
നാലുവര്‍ഷത്തിനുശേഷം അങ്ങനെ ഫെഡറല്‍ റിസര്‍വ് അതിന്റെ പലിശവെട്ടിക്കുറയ്ക്കല്‍ സൈക്കിളിനു തുടക്കം കുറിക്കുകയാണ്. 2026 അവസാനത്തോടെ പലിശനിരക്ക് ദീര്‍ഘകാലശരാശരിയായ 2.9 ശതമാനത്തിലേക്കു താഴ്ത്താനാണ് ഫെഡറല്‍ റിസര്‍വ് ഉദ്ദേശിക്കുന്നതെന്നാണ് പൊതുവേ ലഭിക്കുന്ന സൂചനി.
വരും ആഴ്ചകളില്‍ ഇനിയെന്ത് എന്നതാണ് ചോദ്യം. സാമ്പത്തിക കണക്കുകള്‍, കമ്പനി പ്രവര്‍ത്തനഫലങ്ങള്‍, യുഎസ് തെരഞ്ഞെടുപ്പ് കൊണ്ടുവന്നിരിക്കുന്ന അനിശ്ചിതത്വം തുടങ്ങിയ നിലനില്‍ക്കുകയാണ്. ഡെമോക്രാറ്റിക്, റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. അതുയര്‍ത്തുന്ന അനിശ്ചിതത്വമായിരിക്കും ഒക്ടോബറില്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുക.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ 7-8 ദിനങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പണനയകമ്മിറ്റി മീറ്റിംഗാണ് പ്രധാനമായിട്ടുള്ളത്. പിലശ വെട്ടിക്കുറവിനെക്കുറിച്ചുള്ള സൂചനകള്‍ ഇതില്‍നിന്നു ലഭിക്കുമോയെന്നതാണ് വിപണി ഉറ്റു നോക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിനെ ആര്‍ബിഐ പിന്തുണയ്ക്കുമോയെന്നാണ് അറിയേണ്ടത്. പണപ്പെരുപ്പം രണ്ടു മാസമായി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ നാലു ശതമാനത്തിനു താഴെയാണ്. ഭക്ഷ്യവിലക്കയറ്റം കുറയാനുള്ള സാധ്യതകളും നിലനില്‍ക്കുകയാണ്. അടുത്തയാഴ്ച മുതല്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളും എത്തിത്തുടങ്ങും.
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ വിപണി നീക്കത്തെ സ്വാധീനിക്കും. വ്യാപകമായി പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിനു മുമ്പേ അവര്‍ തങ്ങളുടെ നില ശക്തമാക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിപണി കൂടുതല്‍ ഉയരത്തിലേക്കു നീങ്ങും. അതിനുള്ള സൂചനകള്‍ കണ്ടുതുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച എഫ്ഐഐകള്‍ വന്‍ വാങ്ങലാണ് നടത്തിയത്.
സെപ്റ്റംബറില പ്രതിമാസ എഫ് ആന്‍ഡ് ക്ലോസിംഗ് സെപ്റ്റംബര്‍ 26-നാണ്. അതുകൊണ്ടുതന്നെ വിപണി നീക്കം നേരിയ റേഞ്ചിലാകാനാണ് സാധ്യത.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
സെപ്റ്റംബര്‍ 23
എച്ച്എസ്ബിസി മാനുഫാക്ചറിംഗ് പിഎംഐ ഫ്ളാഷ്: സെപ്റ്റംബറിലെ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ഫ്ളാഷ് എസ്റ്റിമേറ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റില്‍ ഫ്ളാഷ് എസ്റ്റിമേറ്റായ 57.9 പോയിന്റിനേക്കാള്‍ താഴ്ന്നതായിരുന്നു യഥാര്‍ത്ഥ പിഎംഐ. ഓഗസ്റ്റില്‍ 57.5 ആയിരുന്നു അതായത് പുതിയ ഓര്‍ഡറുകളുടെയു ഉത്പാദനത്തിന്റെയും വളര്‍ച്ചയുടെ വേഗത കുറഞ്ഞു. എന്നാല്‍ സര്‍വീസ് പിഎംഐ ഫ്ളാഷ് എസ്റ്റിമേറ്റിനേക്കാള്‍ (60.4 പോയിന്റ്) മെച്ചപ്പെട്ട് 60.9-ലെത്തി. പിഎംഐ 50-ന് മുകളില്‍ വളര്‍ച്ചയേയും അതിനു താഴെ ചുരുക്കത്തേയും കാണിക്കുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ: പലിശ നിരക്കു സംബന്ധിച്ച തീരുമാനം പുറത്തുവിടും. ഇപ്പോള്‍ 4.35 ശതമാനമാണ് പലിശ. തുടര്‍ച്ചയായി ആറാം തവണയാണ് നിരക്ക് മാറ്റമില്ലാതെ ബാങ്ക് നിലനിര്‍ത്തുന്നത്.
സെപ്റ്റംബര്‍ 24
ജപ്പാന്‍ മാനുഫാക്ചറിംഗ് പിഎംഐ ഫ്ളാഷ്: സെപ്റ്റംബറിലെ ജപ്പാന്‍ മാനുഫാക്ചറിംഗ് പിഎംഐ ഫ്ളാഷ് കണക്കുകള്‍ പുറത്തുവിടും. ഓഗസ്റ്റില്‍ ഓ ജിബുന്‍ ബാങ്ക് ജപ്പാന്‍ മാനുഫാക്ചറിംഗ് പിഎംഐ 49.5 ആണ്. ഇത് ഫ്ളാഷ് പിഎംഐയായ 49.1- നേക്കാള്‍ മികച്ചതായിരുന്നു. എന്നാല്‍ സര്‍വീസ് പിഎംഐ 54-ല്‍ നിന്ന് 53.7 ആയി കുറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 25
ക്രൂഡോയില്‍ സ്റ്റോക്ക്: സെപ്റ്റംബര്‍ 20-ലെ യുഎസ് ക്രൂഡോയില്‍ സ്റ്റോക്ക് കണക്കുകള്‍ എത്തും. സെപ്റ്റംബര്‍ 13-ന് അവസാനിച്ച വാരത്തില്‍ സ്റ്റോക്ക് 1.63 ദശലക്ഷം ബാരല്‍ കുറവു കാണിച്ചിരുന്നു. ക്രൂഡ് വിലയ സ്വാധീനിക്കുന്നതാണ് ഈ കണക്കുകള്‍.
യുഎസ് ഹോം സെയില്‍സ്: യുഎസ് ഹോം സെയില്‍സ് കണക്കുകള്‍ പുറത്തുവിടും
സെപ്റ്റംബര്‍ 26
ബാങ്ക് ഓഫ് ജപ്പാന്‍ മോണിട്ടറി പോളിസ് മീറ്റിംഗ് മിനിറ്റ്സ്: ജൂലൈയിലെ ബാങ്ക് ഓഫ് ജപ്പാന്‍ പണനയ മീറ്റിംഗ് മിനിറ്റസ് പുറത്തുവിടും. മീറ്റിംഗ് ചര്‍ച്ചകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഇതു നല്‍കും. ജൂലൈയില്‍ പലിശനിരക്ക് 0.1 ശതമാനത്തില്‍നിന്ന് 0.25 ശതമാനമായി ഉയര്‍ത്തിയിരുന്നു.
ഇസിബി ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ് പോളിസനിരക്ക് വ്യത്യാസപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തും. കഴിഞ്ഞ മീറ്റിംഗില്‍ ഡിപ്പോസിറ്റ് നിരക്ക് 0.25 ശതമാനം കുറച്ച് 3.5 ശതമാനമാക്കിയിരുന്നു.
യുഎസ് ഇനീഷ്യല്‍ ജോബ്ലെസ് ക്ലെയിം: സെപ്റ്റംബര്‍ 21-ന് അവസാനിച്ച വാരത്തിലെ ജോബ്ലെസ് ക്ലെയിം കണക്കുകള്‍ പുറത്തുവിടും. സെപ്റ്റംബര്‍ 14-ന് അവസാനിച്ച വാരത്തില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നേടിയവരുടെ എണ്ണത്തില്‍ 12000 കുറഞ്ഞ് 219000 ആയി. ഇതു നാലുമാസത്തെ ഏറ്റവും താഴ്ന്ന് നിരക്കാണ്. പ്രതീക്ഷിച്ചിരുന്നത് 230000 ആയിരുന്നു.
സെപ്റ്റംബര്‍ 27
യുഎസ് കോര്‍ പിസിഇ പ്രൈസ് ഇന്‍ഡെക്സ്: കോര്‍ പേഴ്സണല്‍ കണ്‍സംപ്ഷന്‍ എക്സപെന്‍ഡിച്ചര്‍ ( പിസിഇ) പ്രൈസ് സൂചിക പ്രസിദ്ധീകരിക്കും.ജൂലൈയിലെ പ്രതിമാസ ഉയര്‍ച്ച 0.2 ശതമാനമായിരുന്നു. പണപ്പെരുപ്പത്തിന്റെ മുഖ്യഘടകമായിട്ടാണ് പിസിഇ സൂചികയെ കണക്കാക്കുന്നത്.
യൂറോസോണ്‍ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ്: സെപ്റ്രംബറിലെ യുറോസോണ്‍ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സൂചിക വെള്ളിയാഴ്ച പുരത്തുവിടും. ഓഗസ്റ്റിലിത് -13.5 ആയിരുന്നു. ജൂലൈയില്‍ -12.3-ഉം.
സാമ്പത്തിക വാര്‍ത്തകള്‍
കാലവര്‍ഷം: പടിഞ്ഞാറന്‍ കാലവര്‍ഷം ഏതാണ്ട് അവസാനക്കാറാകവേ രാജ്യത്ത് ലഭിച്ച മഴ സെപ്റ്റംബര്‍ 20 വരെ ദീര്‍ഘകാലശരാശരിയേക്കാള്‍ 6.4 ശതമാനം കൂടുതലാണ്. സെപ്റ്റംബര്‍ 20 വരെ ലഭിച്ച മഴ 874.6 മില്ലീമീറ്ററാണ്. സാധാരണ ലഭിക്കേണ്ട ദീര്‍ഘകാല ശരാശരി മഴ 822 മില്ലിമീറ്ററാണ്. മെച്ചപ്പെട്ട മഴ മൂലം മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈര്‍പ്പം റാബി വിളവിറക്കലിനു ഏറെ സഹായകരമാവും.
ഈ ഖാരിഫ് സീസണില്‍ സെപ്റ്റംബര്‍ 17 വരെ വിളയിറക്കല്‍ 109.7 ദശലക്ഷം ഹെക്ടറിലേക്ക് ഉയര്‍ന്നു. അഞ്ചുവര്‍ഷ ശരാശരിയേക്കാള്‍ ഉയര്‍ന്നതും ദീര്‍ഘകാലശരാശരിയേക്കാള്‍ 0.1 ശതമാനവും 2023-നേക്കാള്‍ 2.2 ശതമാനവും ഉയര്‍ന്നതാണ്. നെല്‍ക്കൃഷി 2.1 ശതമാനം ഉയര്‍ന്ന് 41 ദശലക്ഷം ഹെക്ടറിലും പയര്‍വര്‍ഗങ്ങള്‍ 6.1 ശതമാനം ഉയര്‍ന്ന് 12.8 ദശലക്ഷം ഹെക്ടറിലുമെത്തി. എണ്ണക്കുരു കൃഷിയും സാധാരണയേക്കാള്‍ വര്‍ധിച്ചു. രാജ്യത്തിന്റെ ധാന്യോത്പാദനത്തിന്റെ 60 ശതമാനവും ഖാരിഫ് സീസണിലാണ് ലഭിക്കുന്നത്.
രാജ്യത്തിന്റെ ജലാവശ്യത്തിന്റെ 70 ശതമാനവും ഈ സീസണിലാണ് ലഭിക്കുന്നതും. രാജ്യത്തെ അണക്കെട്ടുകളിലെ വെള്ളം സാധാരണയേക്കാള്‍ 18 ശതമാനം മുകളിലാണ്. രാജ്യത്തെ 155 മുഖ്യ അണക്കെട്ടുകളില്‍ അതിന്റെ ശേഷിയുടെ 87 ശതമാനം വെള്ളം ശേഖരിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ കണക്കുകള്‍ പറയുന്നു.
മികച്ച മഴ ഭക്ഷ്യവിലക്കയറ്റത്തോതില്‍ കുറച്ചു നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റില്‍ ഭക്ഷ്യവിലക്കയറ്റം 5.66 ശതമാനമായിരുന്നു. ജൂലൈയില്‍ 5.42 ശതമാനവും. ഇതാവട്ടെ 2023 ജൂണിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോതാണ്. ഇക്കഴിഞ്ഞ ജൂണില്‍ 9.36 ശതമാനമായിരുന്നു വിലക്കയറ്റം.
2024-25 വര്‍ഷത്തില്‍ ( ജൂലൈ- ജൂണ്‍) 340 ദശലക്ഷം ടണ്‍ ഭക്ഷ്യോത്പാദനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് 2023-24 വര്‍ഷം 328.8 ദശലക്ഷം ടണ്ണിനേക്കാള്‍ 3.4 ശതമാനം കൂടുതലാണ്.
കമ്പനി വാര്‍ത്തകള്‍
ഐപിഒ: രണ്ട് മെയിന്‍ ബോര്‍ഡ് ഇഷ്യുവും ഏഴു എസ്എംഇ ഇഷ്യുകളുമാണ് ഈ വാരത്തില്‍ ഓഹരികളുമായി പ്രാഥമിക വിപണിയില്‍ എത്തുന്നത്. 2024-ല്‍ ആദ്യ ഒമ്പതുമാസക്കാലത്ത് കമ്പനികള്‍ പ്രാഥമിക വിപണിയില്‍നിന്ന് 61000 കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. ഇതിനകം 15 കമ്പനികള്‍ക്ക് 15530 കോടി രൂപ സമാഹരിക്കുന്നതിന് സെബിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
കെ ആര്‍എന്‍ ഹീറ്റ് എക്സ്ചേഞ്ചര്‍: ഹീറ്റ് എക്സ്ചേഞ്ചര്‍ നിര്‍മിക്കുന്ന കെ ആര്‍എന്‍ ഹീറ്റ് എക്സ്ചേഞ്ചര്‍ ആന്‍ഡ് റെഫ്രിജറേഷന്റെ കന്നി പബ്ളിക് ഇഷ്യു സെപ്റ്റംബര്‍ 25-ന് ഓപ്പണ്‍ ചെയ്യും. കമ്പനി 341.95 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്നു. പ്രൈസ് ബാന്‍ഡ് 209-220 രൂപ.
മന്‍ബാ ഫിനാന്‍സ് : ബാങ്കിംഗേതര ധനകാര്യ കമ്പനിയാ മന്‍ബാ ഫിനാന്‍സ് ലിമിറ്റഡിന്റെ കന്നി പബ്ളിക് ഇഷ്യു സെപ്റ്റംബര്‍ 23-ന് ആരംഭിച്ച് 25-ന് അവസാനിക്കും. ഇഷ്യുവഴി 150 കോടി രൂപയാണ് സമാഹരിക്കുക. പ്രൈസ് ബാന്‍ഡ് 114-120 രൂപ. ഇരുചക്രവാഹനങ്ങള്‍, സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍, ചെറുകിട ബിസിനസുകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയ ധനകാര്യസൊലൂഷനുകള്‍ നല്‍കുന്ന കമ്പനിയാണിത്.
എസ്എംഇ ഇഷ്യുകള്‍: റാപ്പിഡ് വാല്‍വ്സ് ഇന്ത്യ ( സെപ്റ്റംബര്‍ 23-25; 30.41 കോടി രൂപ; പ്രൈസ് ബാന്‍ഡ് 210-222 രൂപ), ഡബ്ള്യുഒഎല്‍ 3ഡി ഇന്ത്യ ( സെപ്റ്റംബര്‍ 23-25; 25.56 കോടി രൂപ; പ്രൈസ് ബാന്‍ഡ് 142-150 രൂപ), തിങ്കിംഗ് ഹാറ്റ്സ് എന്റര്‍ടെയിന്‍മെന്റ് ( സെപ്റ്റംബര്‍ 25-27; 15.09 കോടി രൂപ; പ്രൈസ് ബാന്‍ഡ് 42-44 രൂപ), യുണിലെക്സ് കളേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ( സെപ്റ്റംബര്‍ 25-27; 31.12 കോടി രൂപ; പ്രൈസ് ബാന്‍ഡ് 82-87 രൂപ), ടെക് എറ എന്‍ജിനീയറിംഗ് ( സെപ്റ്റംബര്‍ 25-27; 35.59 കോടി രൂപ; പ്രൈസ് ബാന്‍ഡ് 75-82 രൂപ), സഹസ്ര ഇലക്ട്രോണിക്സ് സൊലൂഷന്‍സ് ( സെപ്റ്റംബര്‍ 26-30; 186.16 കോടി രൂപ; പ്രൈസ് ബാന്‍ഡ് 26283 രൂപ), ദിവ്യാധന്‍ റീസൈക്കിളിംഗ് ഇന്‍സ്ട്രീസ് ( സെപ്റ്റംബര്‍ 26-30; പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടില്ല),
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍: ഫെഡറല്‍ റിസര്‍വിന്റെ, സാധാരണ അളവില്‍ കവിഞ്ഞ പലിശ വെട്ടിക്കുറയ്ക്കല്‍ ( അര ശതമാനം), തൊഴിലില്ലായ്മ ആനുകുല്യങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കുറച്ചത്, എഫ് ടി എസ് ഇ ഓള്‍ വേള്‍ഡ് ഇന്‍ഡെക്സ് പുനര്‍ക്രമീകരണം തുടങ്ങിയവയെല്ലാംമൂലം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 14064 കോടി രൂപയായി ഉയര്‍ത്തി. മൂന്നു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന എഫ്ഐഐ നെറ്റ് വാങ്ങലാണിത്. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 28920.74 കോടി രൂപയിലേക്ക് ഉയര്‍ന്നു.
അര്‍ധവാര്‍ഷിക പുനര്‍ക്രമീകരണത്തിന്റെ ഭാഗമായി എഫ് ടിഎസ് ഇ ഓള്‍ വേള്‍ഡ് സൂചികയില്‍ നടത്തിയ അഴിച്ചുപണിയില്‍ 13 ഇന്ത്യന്‍ ഓഹരികളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.ബാങ്ക് ഓഫ് മഹാരാഷ്ട്ര, മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് ഡൈനാമിക്സ്, ഡിക്സണ്‍ ടെക്നോളജീസ്, ഓയില്‍ ഇന്ത്യ, പിബി ഫിന്‍ടെക്, ഐ ആര്‍ബി ഇന്‍ഫ്രാടെക്, കൊച്ചിന്‍ ഷിപ്യാഡ്, കെഇഐ ഇന്‍ഡസ്ട്രീസ്, ഗോഡ്ഫ്രെ ഫിലിപ്സ്, ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, ഇറിസ് ലൈഫ് സയന്‍സ് എന്നീ 13 ഓഹരികളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
നിക്ഷേപകസ്ഥാപനങ്ങള്‍: അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച എഫ്ഐഐയ്ക്കു വിരുദ്ധമായ തീരുമാനമാണെടുത്തത്. അവര്‍ 16987.42 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 21414.5 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വില്‍ക്കല്‍ 4427.08 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 9172.72 കോടി രൂപയായി താഴ്ന്നു.
ക്രൂഡോയില്‍ വില: ക്രൂഡോയില്‍ വില ഈ വാരത്തില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 75 ഡോളറിലേക്കും ഡബ്ള്യുടിഐ ക്രൂഡോയില്‍ 70 ഡോളറിലേക്കും തിരികെ വന്നിരിക്കുകയാണ്. ഈ വാരത്തില്‍ ക്രൂഡോയിലിനെ തുണച്ചത് ഫെഡറല്‍ റിസര്‍വിന്റെ ജുംബോ പലിശ വെട്ടിക്കുറയ്ക്കലാണ്. ഇത് യുഎസ് സമ്പദ്ഘടനയേയും ആഗോള സമ്പദ്ഘടനയേയും പ്രചോദിപ്പിക്കുമെന്നും ക്രുഡോയില്‍ ഡിമാണ്ട് വര്‍ധിക്കുമെന്നുമുള്ള പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുന്നതു നടപ്പാക്കുന്നത് 2025 മധ്യത്തിലേക്കു മാറ്റി വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇതു 2025 ആദ്യ നടപ്പാക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. യുഎസ് ഓയില്‍ ശേഖരത്തില്‍ സെപ്റ്റംബര്‍ 13-ന അവസാനിച്ച വാരത്തില്‍ കുറഞ്ഞിരുന്നു. അടുത്ത വാരത്തിലെ കണക്കുള്‍ അടുത്ത വെള്ളിയാഴ്ച എത്തും. ഇതും എണ്ണവിലയെ സ്വാധീനീക്കും. ഡബ്ള്യു ടിഐ ക്രൂഡോയില്‍ വില ശനിയാഴ്ച ബാരലിന് 71 ഡോളറും ബ്രെന്റ് ക്രൂഡ് ബാരലിന് 74.49 ഡോളറുമാണ്.
ഇന്ത്യന്‍ രൂപ: ഇക്കഴിഞ്ഞ വാരത്തില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരേ 2024-ലെ ഏറ്റവും മികച്ച പ്രതിവാര നേട്ടം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞവെള്ളിയാഴ്ച മാത്രം 9 പൈസയുടെ നേട്ടമുണ്ടാക്കി. 83.55 രൂപയാണ് ഡോളറിന്. ഒരവസരത്തില്‍ ഡോളര്‍വില 83.48 വരെ ഉയര്‍ന്നിരുന്നു. ഇതു രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് രൂപ. സെപ്റ്റംബര്‍ 12 മുതല്‍ തുടര്‍ച്ചയായി ഏഴു ദിവസം രൂപ ഡോളറിനെതിരേ മെച്ചപ്പെട്ടിരിക്കുകയാണ്. ഏതാണ്ട് 44 പൈസയുടെ നേട്ടമാണുണ്ടാക്കിയത്. വിദേശനിക്ഷേപകസ്ഥാപനങ്ങളും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും ഇന്ത്യയിലേക്കുള്ള പണമൊഴുക്കു വര്‍ധിപ്പിച്ചതും ക്രൂഡോയില്‍ വില കാര്യമായ വ്യത്യാസമില്ലാതെ തുടരുന്നതുമാണ് രൂപയ്ക്കു കരുത്തു പകര്‍ന്നത്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.