8 Sep 2024 4:36 AM GMT
Summary
ആഗോള സംഭവങ്ങള്‍ ഇന്ത്യന്‍ വിപണക്ക് ദിശ നല്‍കും
ഇന്ത്യന്‍ ഓഹരി വിപണി റിക്കാര്‍ഡ് ഉയരത്തിലെത്തില്‍നിന്നു ശക്തമായ തിരുത്തലിലേക്ക് എത്തിയിരിക്കുകയാണ് കഴിഞ്ഞ വാരത്തില്‍. ഇതിനു നിമിത്തമായതോ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറയുന്നുവെന്ന ആശങ്കകളും. വെള്ളിയാഴ്ച പുറത്തുവന്ന ഓഗസ്റ്റിലെ യുഎസ് ജോബ് ഡേറ്റ ഇതു ഒരു പരിധിവരെ ശരി വയ്ക്കുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന യുഎസ് വിപണിയില്‍ വന്‍ വില്‍പ്പനയാണുണ്ടായത്. ഇതിന്റെ പ്രതിഫലനം തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ജോബ് സൃഷ്ടിയാണ് ഉണ്ടായിട്ടുള്ളത്.
ഇതിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ എത്ര കുറവു വരുത്തുമെന്നാണ് വിപണി ഉറ്റു നോക്കുന്നത്. അടുത്ത വാരത്തിലെ ചര്‍ച്ചാ വിഷയവും ഇതായിരിക്കും. സെപ്റ്റംബര്‍ 18-ലെ പണനയ മീറ്റിംഗില്‍ ഫെഡറല്‍ റിസര്‍വ് കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്നു ആര്‍ക്കും തര്‍ക്കമില്ല. ഇപ്പോഴത്തെ യുഎസ് സാമ്പത്തിക വളര്‍ച്ചാമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതു അര ശതമാനത്തിലേക്കും മുക്കാല്‍ ശതമാനത്തിലേക്കും എത്തുമോയെന്നതാണ് വിപണിയുടെ നീക്കത്തെ സ്വാധീനിക്കുന്നത്. കാല്‍ ശതമാനം പലിശ നിരക്ക് വെട്ടിക്കുറയ്ക്കുകയെന്നതാണ് വിപണി ഇതിനകം തന്നെ ഉള്‍ക്കൊണ്ടുപോയിട്ടുള്ളത്.
വരും വാരത്തില്‍ വിപണിക്കു ദിശ പകരുക ഇന്ത്യയുള്‍പ്പെടെയുള്ള ആഗോള സമ്പദ്ഘടനയില്‍നിന്നെത്തുന്ന സാമ്പത്തിക വാര്‍ത്തകളായിരിക്കും.
ജൂലൈയിലെ വ്യാവസായികോത്പാദന വളര്‍ച്ച, ചില്ലറവിലക്കയറ്റത്തോത് തുടങ്ങിയ കണക്കുകള്‍ ഈ വാരത്തില്‍എത്തും. രൂപയുടെ നീക്കം, ക്രൂഡോയില്‍ വില, വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നിക്ഷേപം തുടങ്ങിയവയൊക്കെയും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്.
ചൈനീസ് പണപ്പെരുപ്പം, യുഎസ് ചില്ലറവിലക്കയറ്റത്തോത്, ഓഗസ്റ്റിലെ യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഫ്ളേഷന്‍ ഡേറ്റ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് തീരുമാനം തുടങ്ങിയവയെല്ലാം ഈ വാരത്തില്‍ എത്തുന്നു.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
സെപ്റ്റംബര്‍ 9
യുഎസ് കണ്‍സ്യൂമര്‍ ഇന്‍ഫ്ളേഷന്‍: ഈ വര്‍ഷത്തേക്കുള്ള യുഎസ് കണ്‍സ്യൂമര്‍ ഇന്‍ഫ്ളേഷന്‍ പ്രതീക്ഷ സംബന്ധിച്ച കണക്കുകള്‍ ഇന്നു പുറത്തുവിടും. ജൂലൈയിലിത് മൂന്നു ശതമാനമായിരുന്നു. ജൂണിലും ഇതേ നിരക്കു തന്നെയായിരുന്നു.
ചൈനീസ് പണപ്പെരുപ്പക്കണക്കുകള്‍: ഓഗസ്റ്റിലെ ചൈനീസ് പണപ്പെരുപ്പക്കണക്കുകള്‍ ഇന്നു പ്രസിദ്ധീകരിക്കും. ജൂലൈയിലിത് 0.5 ശതമാനമായിരുന്നു. ജൂണില്‍ 0.2 ശതമാനവും.
സെപ്റ്റംബര്‍ 10
യുകെ തൊഴിലില്ലായ്മ കണക്കുകള്‍: യുകെയിലെ ജൂലൈ തൊഴിലിലല്ലായ്മക്കണക്ക് പുറത്തുവിടും. ജൂണിലിത് 4.2 ശതമാനമായിരുന്നു. നിരക്ക് 4.5 ശതമാനത്തിനു താഴെയായിരിക്കുമെന്നാണ് വിപണി അനുമാനിക്കുന്നത്.
സെപ്റ്റംബര്‍ 11
യുഎസ് ഇന്‍ഫ്ളേഷന്‍ നിരക്ക്: ഓഗസ്റ്റിലെ പ്രതിമാസ ചില്ലറവിലക്കയറ്റത്തോത് കണക്കുകള്‍ പുറത്തുവിടും. ജൂലൈയിലെ വാര്‍ഷിക ചില്ലറവിലക്കയറ്റത്തോത് 2.9 ശതമാനമായിരുന്നു. ജൂണിലിത് മൂന്നു ശതമാനവും.
യുകെ പ്രതിമാസ ജിഡിപി: ജൂലൈയിലെ പ്രതിമാസ ജിഡിപി വളര്‍ച്ചാക്കണക്ക് ഇന്നു പ്രസിദ്ധീകരിക്കും. മേയില്‍ 0.4 ശതമാനം വളര്‍ച്ച നേടിയിരുന്നു. ജൂണിലെ വളര്‍ച്ച മാറ്റമില്ലാതെ 0.4 ശതമാനത്തില്‍ തുടര്‍ന്നു.
യുകെ വ്യാവസായികോത്പാദനം: ജൂലൈയിലെ യുകെ വ്യാവസായികോത്പാദനക്കണക്കുകള്‍ പുറത്തുവിടും. ജൂണില്‍ തലേ മാസത്തേക്കാള്‍ 0.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. മേയിലെ വളര്‍ച്ച 0.3 ശതമാനമായിരുന്നു.
സെപ്റ്റംബര്‍ 12
ഇന്ത്യന്‍ ചില്ലറവിലക്കറ്റത്തോത്: രാജ്യത്തെ ചില്ലറവിലക്കയറ്റത്തോത് ( സിപിഐ) കണക്കുകള്‍ പ്രസിദ്ധീകരിക്കും. ജൂലൈയില്‍ വാര്‍ഷികത്തോത് 3.4 ശതമാനമായി ഇടിഞ്ഞിരുന്നു. ജൂണിലിത് 5.08 തമാനമായിരുന്നു. റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം വാര്‍ഷിക പണപ്പെരുപ്പനിരക്ക് 4 ശതമാനത്തിനു താഴെ നിര്‍ത്തുകയെന്നതാണ്. പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുകയാണെങ്കില്‍ യുഎസിനു പിന്നാലെ റിസര്‍വ് ബാങ്ക് നയ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കും.
ഇന്ത്യന്‍ വ്യാവസായികോത്പാദനവളര്‍ച്ച: ജൂലൈയിലെ വ്യാവസായികോത്പാദനക്കണക്കുകള്‍ ഇന്നെത്തും. ജൂണില്‍ 4.2 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഇതാവട്ടെ അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ്. മേയിലെ വളര്‍ച്ച 5.9 ശതമാനമായിരുന്നു.
ഇന്ത്യ മാനുഫാക്ചറിംഗ് ഉത്പാദനം: ജൂലൈയിലെ മാനുഫാക്ചറിംഗ് ഉത്പാദനക്കണക്കുകള്‍ പുറത്തുവിടും. ജൂണിലെ വളര്‍ച്ച 2.6 ശതമാനമായിരുന്നു. ഏഴുമാസത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരുന്നു.
ഇസിബി പലിശ നിരക്ക് : ബാങ്ക് റേറ്റ് സംബന്ധിച്ച തീരുമാനം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ( ഇസിബി) തീരുമാനമെടുക്കും. ജൂലൈയില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. യുഎസ് ഇനീഷ്യല്‍ ജോബ്ലെസ് ക്ലെയിം: ഓഗസ്റ്റ് 31-ന് അവസാനിച്ച വാരത്തിലെ ജോബ്ലെസ് ക്ലെയിം കണക്കുകള്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 24-ന് അവസാനിച്ച വാരത്തില്‍ തൊഴിലില്ലായ്മ ആനൂകൂല്യങ്ങള്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 2000 കുറവു വന്നിരുന്നു.
സെപ്റ്റംബര്‍ 13
ഇന്ത്യന്‍ വിദേശനാണ്യശേഖരം: രാജ്യത്തിന്റെ ഓഗസ്റ്റ് 30-ന് അവസാനിച്ച വാരത്തിലെ വിദേശനാണ്യ കരുതല്‍ ശേഖര കണക്കുകള്‍ പുറത്തുവിടും. ഓഗസ്റ്റ് 23-ന് കരുതല്‍ ശേഖരം റിക്കാര്‍ഡ് ഉയരത്തില്‍ ( 68170 കോടി ഡോളര്‍) എത്തിയിരുന്നു.
കമ്പനി വാര്‍ത്തകള്‍
ഐപിഒ: ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ടോളിന്‍സ് ടയേഴ്സ്, ക്രോസ്, ഗജാനന്ദ് ഇന്റര്‍നാഷണല്‍, ആദിത്യ അള്‍ട്ര സ്റ്റീല്‍,ഷെയര്‍ സമാധാന്‍, ശുഭശ്രീ ബയോഫ്യൂവല്‍ എനര്‍ജി, എസ്പിപി പോളിമേഴ്സ്, ട്രാഫിക്സോള്‍ ഐടിഎസ് ടെക്നോളജീസ്, പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ്, എക്സലെന്റ് വയേഴ്സ് ആന്‍ഡ് പാക്കേജിംഗ്, ഇന്നോമേറ്റ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്നീ കമ്പനികള്‍ ഈ വാരത്തില്‍ കന്നി പബ്ളിക് ഇഷ്യുമായി പ്രാഥമിക വിപണിയിലെത്തും. ഇഷ്യു വഴി 8600 കോടി രൂപ സ്വരൂപിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍: വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇനിയും ഇന്ത്യന്‍ വിപണിയില്‍ സജീവമായിട്ടില്ല. മറ്റ് നവോദയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഓഹരികളുടെ ഉയര്‍ന്ന മൂല്യമാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്. യുഎസ് പലിശ നിരക്ക് കുറയുന്നതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്കും വര്‍ധിക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ ആറുവരെ വിദേശനി ക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 2230.52 കോടി രൂപയാണ്. ഓഗസ്റ്റില്‍ അവര്‍ 20339.26 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്.
അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ സെപ്റ്റംബറില്‍ 7362.2 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ 50174.86 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി.
2024-ല്‍ ഇതുവരെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 1.38 ലക്ഷം കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 3.16 ലക്ഷം കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.