image

13 Oct 2024 4:41 AM GMT

Stock Market Updates

വിപണി ഈയാഴ്ച (ഒക്ടോബര്‍ 13-20)

Joy Philip

market this week (october 13-20)
X

Summary

ക്വാര്‍ട്ടര്‍ ഫലങ്ങളും പണപ്പെരുപ്പക്കണക്കുകളും ദിശയാകും


സംഭവ ബഹുലമായ ഒരു വാരമാണ് കടന്നുപോയത്. ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തെ അതികായകനും ടാറ്റ ഗ്രൂപ്പ് നായകനുമായ രത്തന്‍ നവല്‍ ടാറ്റായെ നഷ്ടമായ വാരമാണിത്. രത്തന്‍ ടാറ്റായോടുള്ള ആദരവുകൊണ്ടായിരിക്കാം, ടാറ്റ ഓഹരികള്‍ എല്ലാം തന്നെ ഇക്കഴിഞ്ഞ വാത്തില്‍ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയുടെ കണ്ടെത്താനും സാധിച്ചിരിക്കുകയാണ്. രത്തന്‍ ടാറ്റയുടെ ഷൂവിലേക്ക് അര്‍ധ സഹോദരനായ നോയല്‍ ടാറ്റ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ കരമായ ടാറ്റ ട്രസ്റ്റിനെ ഇനി നോയല്‍ ടാറ്റയാണ് നയിക്കുക. ഒരു അസ്വാരസ്യവുമില്ലാതെ ഒരുമയോടെ ടാറ്റ ഗ്രൂപ്പ് വ്യവസായ സാമ്രാജ്യം മുന്നോട്ടു ഒഴുകുമെന്ന സൂചനയാണ് നോയല്‍ ടാറ്റയുടെ തെരഞ്ഞെടുപ്പു വ്യക്തമാക്കുന്നത്. നോയല്‍ ടാറ്റ ചെയര്‍മാനായിട്ടുള്ള ടാറ്റ കെമിക്കല്‍സ്, ട്രെന്റ് തുടങ്ങിയ ഓഹരികളുടെ വില വെള്ളിയാഴ്ച മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ടാറ്റ ഗ്രൂപ്പിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ പണനയമായിരുന്നു ഈ വാരത്തിലെ മറ്റൊരു പ്രധാനസംഭവം. പലിശ നിരക്ക് മാറ്റിയില്ലെങ്കിലും ന്യൂട്രല്‍ തലത്തിലേക്ക് റിസര്‍വ് ബാങ്കിന്റെ മനോഭാവം മാറിയിരിക്കുന്നു. അതായത് ആവശ്യമെങ്കില്‍ ഏതു സമയവും പലിശ വെട്ടിക്കുറയ്ക്കാന്‍ മടിയില്ലെന്ന സൂചനയാണ് ആര്‍ബിഐ നല്‍കുന്നത്. ഒക്ടോബര്‍ 14-ന് എത്തുന്ന പണപ്പെരുപ്പക്കണക്കുകള്‍ ആര്‍ബിഐ നയത്തെ സ്വാധീനിക്കും.

ഈ വാരത്തില്‍ പ്രധാനമായും വിപണി മനോഭാവത്തെ സ്വാധീനിക്കുക ആഭ്യന്തര, ആഗോള സാമ്പത്തികക്കണക്കുകളാണ്. അതില്‍ പ്രധാനപ്പെട്ടതാണ് കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങള്‍. മുഖ്യ കമ്പനികളില്‍ ടിസിഎസ് രണ്ടാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ടിട്ടുണ്ട്. പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും പ്രതീക്ഷയുടെ സൂചനകളാണ് കമ്പനി നല്‍കുന്നത്. യുഎസില്‍ നിന്നുള്ള പ്രധാന കമ്പനികളുടെ മൂന്നാം ക്വാര്‍ട്ടര്‍ ഫലങ്ങളും പുറത്തുവരികയാണ്.

രൂപയുടെ റിക്കാര്‍ഡ് ഇടിവാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. ഡോളറിന് 84.11 രൂപയായി. വെള്ളിയാഴ്ച 12 പൈസയാണ് ഇടിഞ്ഞത്. ആദ്യമായാണ് ഡോളര്‍ വില 84 രൂപയക്കു താഴേയ്ക്കു നീങ്ങുന്നത്. ഇതോടൊപ്പം ക്രൂഡോയില്‍ വില ഉയര്‍ന്നതും തലവേദന ഉളവാക്കുന്ന കാര്യമാണ്. വിദേശ, സ്വദേശനിക്ഷേപകസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ചൈന ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പല വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യയെ ഉപേക്ഷിച്ച് ചൈനീസ് വിപണിയിലേക്ക് നീങ്ങുകയാണ്. ഒക്ടോബറിലെ എല്ലാ ദിവസവും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പനക്കാരായിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. സംഘര്‍ഷം മൂര്‍ച്ഛിക്കുകയോ അല്ലെങ്കില്‍ കുറയുകയോ ചെയ്യുന്നത് ആഗോള വിപണിയില്‍ മാത്രമല്ല ഇന്ത്യന്‍ വിപണിയിലും വന്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കും.

രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ കന്നി പബ്ളിക് ഇഷ്യുമായി വിപണിയിലെത്തുകയാണ്. ഇഷ്യുവഴി 27870 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ 15-ന് ഇഷ്യു ആരംഭിക്കും.

ഇന്ത്യന്‍ ബഞ്ച്മാര്‍ക്ക് സൂചികയാ നിഫ്റ്റി കഴിഞ്ഞ വാരത്തേക്കാള്‍ 50 പോയിന്റ് താഴ്ന്നാണ് ഈ വാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. മാത്രവുമല്ല, നിഫ്റ്റി 25000 പോയിന്റിനു താഴെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ക്ലോസ് ചെയ്യുന്നത്. അതായത് വിപണിയുടെ നീക്കം റേഞ്ച് ബൗണ്ടാണ്. ഈ വാരത്തിലും സ്ഥിതി വ്യത്യസ്തമാകാന്‍ സാധ്യതയില്ല.

ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍

ഒക്ടോബര്‍ 14 (തിങ്കള്‍)

ചില്ലറവിലക്കയറ്റത്തോത്: സെപ്റ്റംബറിലെ ചില്ലറവിലക്കയറ്റത്തോത് കണക്കുകള്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റിലിത് 3.65 ശതമാനമായിരുന്നു. ജൂലൈയില്‍ 3.6 ശതമാനമായിരുന്നു പണപ്പെരുപ്പം. ഓഗസ്റ്റില്‍ അല്്പം ഉയര്‍ന്നെങ്കിലും ആര്‍ബിഐയുടെ ലലക്ഷ്യമായിരുന്ന നാലു ശതമാനത്തേക്കാള്‍ താഴെയാണ്.

മൊത്തവിലക്കയറ്റത്തോത്: സെപ്റ്റംബറിലെ മൊത്തവിലക്കയറ്റത്തോതും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഓഗസ്റ്റിലിത് 1.31 ശതമാനമായിരുന്നു. ജൂലൈയിലെ 2.04 ശതമാനത്തേക്കാള്‍ ഗണ്യമായ കുറവ്. ഏപ്രിലിനുശേഷമുള്ള ഏറ്റവും കുറഞ്ഞ മൊത്തവിലക്കയറ്റത്തോതാണിത്.അഞ്ചുമസാത്തില്‍ ആദ്യമായി ഇന്ധനവില കുറഞ്ഞിരിക്കുകയാണ്.

ഒക്ടോബര്‍ 15 (ചൊവ്വ): സെപ്റ്റംബറിലെ ഇന്ത്യന്‍ കയറ്റിറക്കുമതി കണക്കുകള്‍ പുറത്തുവിടും. വ്യാപാരക്കമ്മി വര്‍ധിക്കുകയാണ്. ഓഗസ്റ്റില്‍ വ്യാപാരകമ്മി പത്തു മാസത്തെ ഏറ്റവും ഉയര്‍ന്ന് 29700 കോടി ഡോളറിലെത്തി. കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 9.3 ശതമാനം കുറഞ്ഞ് 3471 കോടി ഡോളറിലെത്തി.

ഒക്ടോബര്‍ 17 (വ്യാഴം)

യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ( ഇസിബി) പലിശ നിരക്ക് തീരുമാനം: പലിശനിരക്ക് സംബന്ധിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ( ഇസിബി) പുറത്തുവിടും. ഇതോടൊപ്പം ഇസിബി പ്രസിഡന്റ് ലഗ്രാഡേ പ്രത്യേക പ്രസംഗവും നടത്തും. സെപ്റ്റംബറില്‍ ഡിപ്പോസിറ്റ് നിരക്ക് 3.5 ശതമാനത്തിലേക്കു താഴ്ന്നിരുന്നു. 2025-ഓടെ പണപ്പെരുപ്പനിരക്ക് ലക്ഷ്യമിട്ടതിലേക്ക് എത്തുമെന്നാണ് ഇസിബിയുടെ വിലയിരുത്തല്‍. ഇതിനനുസരിച്ചുള്ള സാമ്പത്തിക കണക്കുകളാണ് പുറത്തുവരുന്നതെങ്കില്‍ ഇസിബി പലിശ വെട്ടിക്കുറയ്ക്കല്‍ തുടരുമെന്നാണ് കരുതുന്നത്.

ജാപ്പനീസ് കയറ്റിറക്കുമതി കണക്കുകള്‍: സെപ്റ്റംബറിലെ ജപ്പാന്റെ വ്യാപാരക്കണക്കുകള്‍ വ്യാഴാഴ്ച പുറത്തുവിടും. ഓഗസ്റ്റില്‍ ജപ്പാന്റെ വ്യാപാരക്കമ്മി മുന്‍വര്‍ഷത്തേ അപേക്ഷിച്ചു കുറയുകയാണു ചെയ്തത്. യുഎസ് ഇനീഷ്യല്‍ ജോബ്്ലെസ് ക്ലെയിംസ്: ഒക്ടോബര്‍ 12-ന് അവസാനിക്കുന്ന വാരത്തിലെ യുഎസ് ജോബ്്ലെസ് ക്ലെയിം കണക്കുകള്‍ പുറത്തുവിടും. ഒക്ടോബര്‍ അഞ്ചിന് അവസാനിച്ച വാരത്തില്‍ 33000 കണ്ട് ഉയര്‍ന്ന് 258000-ലേക്ക് എത്തി. വിപണി പ്രതീക്ഷ 230000 ആയിരുന്നു. ഇതു 14 മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്.

യുഎസ് റീട്ടെയില്‍ സെയില്‍സ് ഡേറ്റ: സെപ്റ്റംബറിലെ റീട്ടെയില്‍ സെയില്‍സ് കണക്കുകള്‍ പുറത്തുവിടും. ജൂലൈയിലേതിനേക്കാള്‍ ഓഗസ്റ്റിലിത് 0.1 ശതമാനം വര്‍ധിച്ചു.

ഒക്ടോബര്‍ 18 (വെള്ളി)

ചൈനീസ് ജിഡിപി വളര്‍ച്ച: ചൈനീസ് സമ്പദ്ഘടനയുടെ മൂന്നാം ക്വാര്‍ട്ടര്‍ വളര്‍ച്ചാക്കണക്കു പുറത്തുവിടും. രണ്ടാം ക്വാര്‍ട്ടറില്‍ വളര്‍ച്ച 4.7 ശതമാനവും ആദ്യക്വാര്‍ട്ടറില്‍ 5.3 ശതമാനവുമായിരുന്നു വളര്‍ച്ച. 2023 മുതല്‍ ഓരോ ക്വാര്‍ട്ടറിലും കുറഞ്ഞുവരികയായിരുന്നു.

ജപ്പാന്‍ പണപ്പെരുപ്പം: സെപ്റ്റംബറിലെ പണപ്പെരുപ്പക്കണക്കുകള്‍ പുറത്തുവിടും. ഓഗസ്റ്റില്‍ മൂന്നു ശതമാനമായിരുന്നു പണപ്പെരുപ്പം. 2023 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ചൈനീസ് വ്യാവസായികോത്പാദനം: സെപ്റ്റംബറിലെ ചൈനീസ് വ്യാവസായികോത്പദന വളര്‍ച്ചാക്കണക്കുകള്‍ പുറത്തുവിടും. ഓഗസ്റ്റില്‍ 4.5 ശതമാനവും ജൂലൈയില്‍ 5.1 ശതമാനവുമായിരുന്നു ഐഐപി വളര്‍ച്ച.

ബാങ്ക് ലോണ്‍ വളര്‍ച്ച: സെപ്റ്റംബര്‍ 27-ന് അവസാനിച്ച വാരത്തിലെ ബാങ്ക് വായ്പ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ റിസര്‍വ് ബാങ്ക് ഇന്നു പുറത്തുവിടും. സെപ്റ്റംബര്‍ 20-ന് അവസാനിച്ച വാരത്തില്‍ വായ്പാ വളര്‍ച്ച 13.1 ശതമാനവും ഡിപ്പോസിറ്റ് വളര്‍ച്ച 11.34 ശതമാനവുമായിരുന്നു.

കമ്പനി വാര്‍ത്തകള്‍

ഈ വാരത്തിലെ പ്രധാന ബോര്‍ഡ് യോഗങ്ങള്‍:

ഒക്ടോബര്‍ 14: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഞ്ചല്‍ വണ്‍. ഒറിയന്റ് ഹോട്ടല്‍സ്,ഇന്റര്‍ നാഷണല്‍ ട്രാവല്‍ ഹൗസ് അലോക് ഇന്‍ഡസ്ട്രീസ്.

ഒക്ടോബര്‍ 15: എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്് ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, ബാങ്ക് ഓഫ് മഹാരാഷ്്ട്ര, കെയ് ഇന്‍ഡസ്ട്രീസ്, ന്യൂജെന്‍ സോഫ്റ്റ്, പിവിആര്‍ഇനോക്സ് ഡിബി കോര്‍പ് റാലീസ് ഇന്ത്യ.

ഒക്ടോബര്‍ 16: ബജാജ് ഓട്ടോ, എല്‍ ആന്‍ഡ് ടെക്നോളജി, എംഫസിസ്, ക്രിസില്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആദിത്യ ബിര്‍ള മണി, ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കല്‍സ്.

ഒക്്ടോബര്‍ 17: ഇന്‍ഫോസിസ്, ആക്സിസ്ബാങ്ക്, വിപ്രോ, നെസ്ലെ ഇന്ത്യ, എല്‍ ടി മൈന്‍ഡ് ട്രീ, ഹാവല്‍സ് ഇന്ത്യ, പോളികാബ്, ടാറ്റ കമ്യൂണിക്കേഷന്‍, ഐഒബി, ജിയോജിത്, സെന്‍ട്രല്‍ ബാങ്ക്, സീയറ്റ്, ടാറ്റ കെമിക്കല്‍സ്, ധനലക്ഷ്മി ബാങ്ക്.

ഒക്ടോബര്‍ 18: ജിയോ ഫിനാന്‍ഷ്യല്‍സ്, ടാറ്റ കണ്‍സ്യൂമര്‍, ഐസിഐസിഐ ലൊബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, ഒബറോയ് റിയല്‍റ്റി, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, ജിന്‍ഡാല്‍ സോ, തേജല് നെറ്റ് വര്‍ക്സ്, ഏഥര്‍ ഇന്‍ഡസ്ട്രീസ്, സീ എന്റര്‍ടെയിന്‍മെന്റ്, മാസ്ടെക്, കേശോറാം ഇന്‍ഡ്, ബനാറസ് ഹോട്ടല്‍സ്, ഓണ്‍വാഡ് ടെക്, പൊന്നി ഷുഗേഴ്സ്.

ഒക്ടോബര്‍19: എച്ച് ഡിഎഫ്സി ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, എംസിഎസ്, ന്യൂവെബ് ടെക്നോളജീസ്, ആര്‍ബിഎല്‍ ബാങ്ക്, പിസി ജ്വല്ലര്‍, റൊസാറി ബായോടെക്.

ഐപിഒ: രാജ്യത്തെ ഏറ്റവും വലിയ പബ്ളിക് ഇഷ്യുമായികൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ സബ്സിഡിയറിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഒക്്ടോബര്‍ 15-ന് വിപണിയിലെത്തും. ഇഷ്യു 17-ന് അവസാനിക്കും. ഒക്ടോബര്‍ 22-ന് ഓഹരി എന്‍എസ്് ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്യും. ലിസ്റ്റിംഗ് ലക്ഷ്യമാക്കിയാണ് ഇഷ്യു. കമ്പനി ഇഷ്യു വഴി 27870 കോടി രൂപ സ്വരൂപിക്കും. എല്‍ഐസി ( 21008 കോടി രൂപ), വണ്‍ 97 കമ്യൂണിക്കേഷന്‍ (18300 കോടി രൂപ), കോള്‍ ഇന്ത്യ ( 15199 കോടി രൂപ ) എ്ന്നിവയാണ് ഇതിനു മുമ്പ് വിപണിയിലെത്തിയ വമ്പന്‍ ഇഷ്യുകള്‍. ഹ്യൂണ്ടായ് ഓഹരി പ്രൈസ് ബാന്‍ഡ് 1865-1960 രൂപ.

ലക്ഷ്യ പവര്‍ടെക്: അഹമ്മദാബാദ് കേന്ദ്രമായുള്ള എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടിംഗ് സൊലൂഷന്‍ പ്രൊവൈഡറായ ലക്ഷ്യ പവര്‍ടെക് ഇഷ്യു ഒക്്ടോബര്‍ 16-ന് ആരംഭിക്കും. പതിനെട്ടിന് അവസാനിക്കും. ഇഷ്യുവഴി 50 കോടി സ്വരൂപിക്കും. പ്രൈസ് ബാന്‍ഡ് 171-180 രൂപ. ഓഹരി എന്‍എസ്ഇ എമര്‍ജില്‍ ഒക്ടോബര്‍ 23-ന് ലിസ്റ്റ് ചെയ്യും.

ഫ്രെഷാരാ അഗ്രോ എക്സ്പോര്‍ട്സ്: തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രെഷാരോ അഗ്രോ എക്സ്പോര്‍ട്സ് ഇഷ്യു ഒക്ടോബര്‍ 17-ന് ആരംഭിച്ച് 21-ന് അവസാനിക്കും. അച്ചാറുകള്‍, പച്ചക്കറികള്‍ തുടങ്ങിയവ കയറ്റി അയ്ക്കുന്ന കമ്പനി ഇഷ്യു വഴി 75.4 കോടി രൂപ സമാഹരിക്കും. പ്രൈസ് ബാന്‍ഡ്110-116 രൂപ.ഒക്ടോബര്‍1 23-ന് എന്‍എസ്ഇ എമര്‍ജില്‍ ഓഹരി ലിസ്റ്റ് ചെയ്യും.

ബാാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.