image

6 Oct 2024 4:50 AM GMT

Stock Market Updates

വിപണി ഈയാഴ്ച (ഒക്ടോബര്‍ 06-12)

Joy Philip

market this week (october 06-12)
X

Summary

പണനയവും ക്വാര്‍ട്ടര്‍ ഫലങ്ങളും ദിശ നല്‍കും


ഇന്ത്യന്‍ ഓഹരി വിപണി തിരുത്തലിന്റെ പാതയിലാണ്. 2022 ജൂണിനുശേഷമുള്ള ഏറ്റവും മോശമായ പ്രതിവാര പ്രകടനമാണ് ഇക്കഴിഞ്ഞയാഴ്ചയില്‍ ഇന്ത്യന്‍ വിപണി കാഴ്ച വച്ചത്. തുടര്‍ച്ചയായ അഞ്ചുദിവസം ഇടിവു കാണിക്കുകയും ചെയ്ത വാരമാണിത്. പൊതു തെരഞ്ഞെടുപ്പു ഫലത്തെത്തുടര്‍ന്നു മൂന്നു മാസംകൊണ്ട് മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി മൂവായിരത്തിലധികം പോയിന്റ് നേട്ടമുണ്ടാക്കി. അതില്‍ ഇക്കഴിഞ്ഞ വാരത്തില്‍ നഷ്ടമായത് 1200- ഓളം പോയിന്റാണ്. തിരുത്തല്‍ വിപണിക്കു കൂടുതല്‍ കരുത്തു നല്‍കും.

ഇപ്പോഴത്തെ ഇടിവിനു നിരവധി കാരണങ്ങളുണ്ട്. പശ്ചിമേഷ്യയിലെ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ക്രൂഡോയില്‍ വിലയും പണപ്പെരുപ്പവും വര്‍ധിക്കുകയും അതു വഴി സാമ്പത്തിക വളര്‍ച്ച കുറയുകയും ചെയ്യുമെന്ന ഭയം ഇപ്പോള്‍ വളരെയേറെയാണ്.

മറ്റൊന്ന് ഇന്ത്യന്‍ ഓഹരികളുടെ വളരെ ഉയര്‍ന്നു നില്‍ക്കുന്ന വിപണി മൂല്യം അതിനെ വളരെ ചെലവേറിയതാക്കിയിരിക്കുന്നു. അതേസമയം പലിശ നിരക്കു കുറച്ചതുള്‍പ്പെടെയുള്ള സാമ്പത്തിക ഉത്തേജക നടപടികളിലൂടെ ചൈനീസ് ഓഹരികളുടെ മൂല്യം ഇപ്പോള്‍ വളരെ ആകര്‍ഷകമായിരിക്കുന്നവെന്ന വിലയിരുത്തല്‍ ഇന്ത്യയില്‍നിന്നു പണം പിന്‍വലിക്കുവാന്‍ വിദേശ നിക്ഷേപകരെ പ്രചോദിപ്പിക്കുകയാണ്. എഫ് ആന്‍ഡ് ഒ ഇടപാടുകളിലെ വ്യതിയാനങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഓഹരി വിപണി റെഗുലേറ്ററായ സെബി കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളും ഇടപാടിനുള്ള ചാര്‍ജ് ഒക്ടോബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ചതുമെല്ലാം വിപണി മനോഭാവത്തെ പ്രതികൂലമായി ബാധിച്ചു.

ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്ന പ്രധാന സംഭവമാണ് ഒക്ടോബര്‍ ഒമ്പതിനെത്തുന്ന റിസര്‍വ് ബാങ്കിന്റെ പണനയ തീരുമാനം. പലിശനിരക്കില്‍ ഇളവു വരുത്താനിടയില്ലെന്നു പൊതുവേ കരുതുന്നു. എന്നാല്‍ പലിശനിരക്കു കുറയ്ക്കുന്നതു സംബന്ധിച്ച സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതു വിപണിക്കു ഊര്‍ജം നല്‍കും. ഇപ്പോള്‍ പലിശ നിരക്ക് 6.5 ശതമാനമാണ്. ചില്ലറവിലക്കയറ്റത്തോത് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്ന നാലു ശതമാനത്തിനു താഴെയാണിപ്പോള്‍. യുഎസ് പലിശനിരക്ക് കുറച്ച സാഹചര്യത്തില്‍ അവരെ റിസര്‍വ് ബാങ്ക് പിന്തുടരുമോയെന്നാണ് അറിയാനുള്ളത്.

കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ് വിപണിയെ നയിക്കുന്ന രണ്ടാമത്തെ പ്രധാന സംഗതി. ഐടി മേഖലയില്‍നിന്നുള്ള ടിസിഎസിന്റെ പ്രവര്‍ത്തനഫലം പത്തിന് പുറത്തുവരും. ഈ മേഖലയിലെ ട്രെന്‍ഡ് സെറ്ററാണ് ടിസിഎസും ഇന്‍ഫോസിസും. ഇന്‍ഫോസിസ് ഫലം പതിനേഴിനാണ്. ടാറ്റ് എല്‍ക്സിയുടെ ഫലവും പത്തിന് എത്തും.

ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍

ഒക്ടോബര്‍ 7 (തിങ്കള്‍)

യൂറോ സോണ്‍ റീട്ടെയില്‍ വില്‍പ്പന: ഓഗസ്റ്റിലെ യൂറോ സോണ്‍ റീട്ടെയില്‍ വില്‍പ്പനക്കണക്കുകള്‍ പുറത്തുവിടും. ജൂലൈയിലെ വളര്‍ച്ചാത്തോത് 0.1 ശതമാനമാണ്. ജൂണില്‍ 0.4 ശതമാനം ചുരുക്കമാണ് കാണിച്ചത്.

ആര്‍ബിഐ പണനയകമ്മിറ്റി : റിസര്‍വ് ബാങ്കിന്റെ പണനയകമ്മിറ്റി യോഗത്തിനു തുടക്കം.

ഒക്ടോബര്‍ 8(ചൊവ്വ)

ആര്‍ബിഐ പണനയകമ്മിറ്റി : റിസര്‍വ് ബാങ്കിന്റെ പണനയകമ്മിറ്റി യോഗം തുടരുന്നു.

ഒക്ടോബര്‍ 9 ( ബുധന്‍)

ആര്‍ബിഐ പണനയ തീരുമാനം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയ കമ്മിറ്റിയുടെ പലിശ നിരക്കു തീരുമാനം പ്രഖ്യാപിക്കും. ഓഗസ്റ്റിലെ യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 6.5 ശതമാനമായി മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായ ഒമ്പതാമത്തെ തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ ആര്‍ബിഐ നിലനിര്‍ത്തുന്നത്. സ്റ്റാറ്റസ് കോ നിലിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഭാവി നീക്കങ്ങള്‍ സംബന്ധിച്ചു സൂചന ലഭിക്കുമോയെന്നാണ് വിപണി ഉറ്റു നോക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് മിനിറ്റ്സ്: സെപ്റ്റംബര്‍ 17-18 തീയതികളില്‍ നടന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ മിനിറ്റ്സ് ഫെഡറല്‍ റിസര്‍വ് പുറത്തുവിടും.

ഒക്ടോബര്‍ 10 (വ്യാഴം)

ഐഎംഎഫ് വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പുറത്തിറക്കും.

യുഎസ് പണപ്പെരുപ്പം: സെപ്റ്റംബറിലെ പണപ്പെരുപ്പ കണക്കുകള്‍ യുഎസ് പുറത്തുവിടും. ഓഗസ്റ്റില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും വാര്‍ഷിക പണപ്പെരുപ്പ നിരക്ക് കുറഞ്ഞ് 2.5 ശതമാനത്തിലെത്തിയിരുന്നു. ജൂലൈയിലിത് 2.9 ശതമാനമായിരുന്നു. 2021-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ്. രണ്ടു ശതമാനമാണ് യുഎസ് ലക്ഷ്യമിടുന്നത്.

യു എസ് തൊഴിലില്ലായ്മ ക്ലെയിമുകള്‍: ഒക്ടോബര്‍ അഞ്ചിന് അവസാനിക്കുന്ന കാലയളവിലെ തൊഴിലില്ലായ്മ ക്ലെയിം കണക്കുകള്‍ യുഎസ് പുറത്തുവിടും.

ഒക്ടോബര്‍ 11 (വെള്ളി)

ഇന്ത്യന്‍ വ്യാവസായിക ഉത്പാദനം: ഇന്ത്യയുടെ ഓഗസ്റ്റിലെ വ്യാവസായികോത്പാദന കണക്കുകള്‍ (ഐഐപി) പ്രസിദ്ധീകരിക്കും. ജൂലൈയില്‍ 4.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. ജൂണിലിത് 4.2 ശതമാനമായിരുന്നു.

യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഫ്ളേഷന്‍: സെപ്റ്റംബറിലെ യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഫ്ളേഷന്‍ കണക്കുകള്‍ പുറത്തുവിടും.

ദക്ഷിണ കൊറിയ പലിശ നിരക്ക് തീരുമാനം: ബാങ്ക് ഓഫ് കൊറിയ പണനയം തീരുമാനം പ്രഖ്യാപിക്കും.. ഓഗസ്റ്റിലെ യോഗം നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

ഒക്ടോബര്‍ 13 ( ഞായര്‍)

ചൈന പണപ്പെരുപ്പം, കയറ്റുമതി-ഇറക്കുമതി: സെപ്റ്റംബറിലെ പണപ്പെരുപ്പം, കയറ്റിറക്കുമതി കണക്കുകള്‍ ചൈന പുറത്തുവിടും. ഓഗസ്റ്റില്‍ 0.6 ശതമാനമായിരുന്നു പണപ്പെരുപ്പത്തോത്. സെപ്റ്റംബറില്‍ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബറിലെ കയറ്റുമതി, ഇറക്കുമതി ഡാറ്റയും രാജ്യം പുറത്തുവിടും. ഓഗസ്റ്റില്‍ കയറ്റുമതി 8.7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഇറക്കുമതി ഓഗസ്റ്റില്‍ 0.5 ശതമാനം വളര്‍ച്ചയാണ് നേടിയത്.

കമ്പനി വാര്‍ത്തകള്‍

ബോര്‍ഡ് യോഗങ്ങള്‍: ഈ വാരം മുതല്‍ നിരവധി പ്രമുഖ കമ്പനികള്‍ രണ്ടാം ക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടും. ഹിമാലയ ഫുഡ് ( ഒക്ടോബര്‍ 7), ലോട്ടസ് ചോക്കലേറ്റ് (ഒക്ടോബര്‍ 9), ടിസിഎസ്, ടാറ്റ എല്‍ക്സി, ആനന്ദ് രാഥി, ഡെന്‍ നെറ്റ് വര്‍ക്സ്, ഐആര്‍ഇഡിഎ, എന്‍ബി ഫൂട്വേര്‍ ( ഒക്ടോബര്‍ 10), ഹാത് വേ ( ഒക്ടോബര്‍ 11),ഡിമാര്‍ട്ട് ( ഒക്ടോബര്‍ 12) തുടങ്ങി 39 കമ്പനികള്‍ ഈ വാരത്തില്‍ ഫലം പുറത്തുവിടും.

ഐപിഒ: ദ്വിതീയ വിപണിയില്‍ വന്‍ വില്‍പ്പനയുണ്ടായെങ്കിലും പ്രാഥമിക വിപണിയിലേക്കുള്ള കമ്പനികളുടെ വരവിന് കുറവൊന്നുമുണ്ടായിട്ടില്ല. ഈ വാരത്തില്‍ രണ്ടു കമ്പനികളാണ് ഐപിഒയുമായി എത്തുന്നത്. ആറെണ്ണം ലിസ്റ്റ് ചെയ്യും.

ഗരുഡ് എന്‍ജിനീയറിംഗ് ( 264.1 കോടി രൂപ), ശിവ ടെക്സ്‌കെം ലിമിറ്റഡ് ( 101.35 കോടി രൂപ) എന്നീ കമ്പനികളാണ് ഇഷ്യുമായി എത്തുന്നത്. ഇഷ്യു ഒക്ടോബര്‍ എട്ടിന് ആരംഭിച്ച് 10-ന് അവസാനിക്കും.

എച്ച് വിഎ എക്സ് ടെക്നോളജീസ്, സാജ് ഹോട്ടല്‍സ്, പാരമൗണ്ട് ഡൈ ടെക്, നിയോ പോളിറ്റന്‍ പിസ, ഖയാതി ഗ്ലോബല്‍ വെഞ്ചേഴ്സ് ലിമിറ്റഡ്, ശുഭം പേപ്പേഴ്സ് എന്നീ കമ്പനികളാണ് ഈ വാരത്തില്‍ ലിസ്റ്റിംഗിന് എത്തുന്നത്.

ഈ മാസത്തില്‍ വമ്പന്‍ ഇഷ്യുകള്‍ വിപണിയിലെത്തുന്നുണ്ട്. അതിലൊന്നാണ് ഹ്യുണ്ടായ് മോട്ടറിന്റെ 25000 കോടി രൂപയുടെ പബ്ളിക് ഇഷ്യു. ഒക്ടോബര്‍ 14-ന് ഇഷ്യുമായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിപണി കാത്തിരിക്കുകയാണ്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.