image

2 Jun 2024 6:47 AM GMT

Stock Market Updates

വിപണി ഈയാഴ്ച ( ജൂണ്‍ 3-9)

Joy Philip

indices edged back to gains after falling in early trade
X

ലോക്‌സഭ വോട്ടെടുപ്പ് കഴിഞ്ഞു. ഇനി വോട്ട് എണ്ണലിന്റെ സമയമാണ്. ജൂണ്‍ നാലിലേക്കാണ് എല്ലാ കണ്ണുകളും. ഇന്ത്യയുടെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് നിശ്ചയിക്കുന്ന നിര്‍ണായക വിധിയെഴുത്തിന്റെ ഫലം എത്തുന്ന ദിവസം.

ഫലമനുസരിച്ച് ഏതു വശത്തേയ്ക്കുവേണമെങ്കിലും വിപണിയില്‍ വിസ്‌ഫോടനം പ്രതീക്ഷിക്കാം.

ഈ വരുന്ന ആഴ്ചയില്‍ മാത്രമല്ല, മാസങ്ങളിലും വര്‍ഷങ്ങളിലും വിപണിയെ സ്വാധീനിക്കുക ഈ ഫലങ്ങളായിരിക്കും. ഈ വിധിയെഴുത്തില്‍ നേട്ടമുണ്ടാക്കുന്നവരുടെ നയങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമായിരിക്കും വിപണിക്ക് ദിശ നല്‍കുക.വരും ആഴ്ചകളില്‍ മന്ത്രിസഭാ രൂപികരണവും വകുപ്പു വിഭജനവുമൊക്കെ വിപണിയുടെ ഭാവിനീക്കത്തിനു ദിശ നല്‍കും.

എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം

ഇപ്പോള്‍ ഭരണം നടത്തുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കു 2019-ലേതുപോലെ മികച്ച ഭൂരിപക്ഷം കിട്ടിയാല്‍ വിപണി വരുംമാസങ്ങളില്‍ പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കും. കാരണം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോകുമെന്നും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും വിപണി കരുതുന്നു. മുന്നൂറ്റമ്പതിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ജൂണ്‍ ഒന്നിലെ എക്‌സിറ്റ് പോളുകള്‍ എല്ലാ തന്നെ പ്രവചിക്കുന്നത്.

വന്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍പോലും കേവലഭൂരിപക്ഷത്തോടെ എന്‍ഡിഎ തിരികെ വന്നാല്‍ ( താല്‍ക്കാലികമായി ഇടിവുണ്ടായാലും) വിപണി വരുംമാസങ്ങളില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപിക്കു മൂന്നൂറു സീറ്റെന്നത് വിപണി ഏതാണ്ട് ഡിസ്‌കൗണ്ടു ചെയ്തിരിക്കുകയാണ്. ഈ തലത്തില്‍ ബിജെപിയുടെ സീറ്റു നില ഒതുങ്ങുകയാണെങ്കില്‍ വിപണിയിലെ ആവേശത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരിക്കുകയുള്ളു.

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ തുടക്കത്തില്‍ ശക്തമായ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ നയങ്ങളും സാമ്പത്തിക വളര്‍ച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും മനസിലാക്കുന്നതുവരെ താല്‍ക്കാലികമായിവിപണി താഴേയ്ക്കു നീങ്ങുമെങ്കിലും തിരിച്ചുവരവ് ഒഴിവാക്കാനാവില്ല. കാരണം ഇന്ത്യന്‍ സമ്പദ്ഘടന ഗവണ്‍മെന്റിനെ ആശ്രയിച്ചു നില്‍ക്കുന്നതിനേക്കാള്‍, പിന്നോട്ടുപോകുവന്‍ കഴിയാത്തവിധം ശക്തമായ സാമ്പത്തിക നയങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഏത് ആശയങ്ങളുമായി വരുന്ന സര്‍ക്കാരുകള്‍ക്കും അതില്‍നിന്നു പിന്നോക്കം പോകാനാകാത്തവിധം സമ്പദ്ഘടന ശക്തമായിരിക്കുന്നു.

വരുമാന വളര്‍ച്ചയാകും ശക്തി പകരുക

പതിനഞ്ചു ശതമാനം വരുമാന വളര്‍ച്ചയോടെ നിഫ്റ്റി 2024 ഡിസംബറോടെ 24500 പോയിന്റിലെത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഇന്‍വെസ്റ്റ്‌മെന്റ് വിലയിരുത്തുന്നത്. 2025 ഡിസംബറില്‍ 26500 പോയിന്റിലും നിഫ്റ്റി എത്തുമെന്ന് അവര്‍ വിലയിരുത്തുന്നു.

2024-26 കാലയളവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് ആഗോളതലത്തില്‍ സംഭവിക്കുന്നത്. യുകെ, യുഎസ് തെരഞ്ഞെടുപ്പുകളാണ് ഇതില്‍ പ്രധാനമായിട്ടുള്ളതാണ്. ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറവിനു ഈ വര്‍ഷാവസാനത്തോടെ തുടക്കം കുറിക്കുമെന്നും കരുതുന്നു. ഇത് നവോദയവിപണിയായ ഇന്ത്യയിലേക്കു കൂടുതല്‍ വിദേശനിക്ഷേപത്തിനു വഴിതെളിക്കും.

ബിജെപിക്കു അധികാരം നഷ്ടപ്പെട്ടാല്‍ ഇന്ത്യന്‍ ഓഹരി വിപണി എന്‍ഡിഎ മുന്നണി ആദ്യമായി അധികാരത്തിലെത്തിയ 2014ലേക്ക് തിരിച്ചെത്തുമെന്ന് ആഗോള ബ്രോക്കറിംഗ് സ്ഥാപനമായ യുബിഎസ് മുന്നറിയിപ്പു നല്‍കുന്നു. അപ്രതീക്ഷിതസംഭവങ്ങള്‍ ആദ്യം എതിരാവുകയും പിന്നീട് അത് പോസീറ്റീവ് ആയി മാറുകയും ചെയ്യുമെന്നും യുബിഎസ് അഭിപ്രായപ്പെടുന്നു. വിപണിയുടെ മധ്യ, ദീര്‍ഘകാല പ്രകടനം ഗവണ്‍മെന്റിന്റെ ബിസിനസ് നയങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപിക്കു 330-350 സീറ്റു ലഭിച്ചാല്‍ ഉയര്‍ന്ന ഇരട്ടയക്ക വരുമാനം വിപണിയിലുണ്ടാകുമെന്ന് ആഗോള ബ്രോക്കറിംഗ് സ്ഥാപനമായ ബേണ്‍സ്റ്റെയിന്‍ വിലയിരുത്തുന്നത്. എന്‍ഡിഎ 290 സീറ്റുകളോടെയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ വിപണിയില്‍നിന്നുള്ള വരുമാനം കുറഞ്ഞ ഇരട്ടയക്കമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വലിയ ഭൂരിപക്ഷം ലഭിച്ചാല്‍ നിഫ്റ്റി പെട്ടെന്നുതന്നെ 23000 പോയിന്റിനു മുകളിലേക്കു പോവുകയും തുടര്‍ന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരികയും ചെയ്യുമെന്നും അവര്‍ പറയുന്നു. ഇന്‍ഫ്ര, മാനുഫാക്ചറിംഗ്, ബാങ്കിംഗ്- ഫിനാന്‍ഷ്യല്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയവ നേട്ടം നല്‍കും. ചെറുകിട, ഇടത്തരം ഓഹരികളില്‍ ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ നേട്ടം പ്രതീക്ഷിക്കാമെന്നും ബേണ്‍സ്റ്റീന്‍ വിലയിരുത്തുന്നു.

സാമ്പത്തിക വാര്‍ത്തകള്‍

പണനയം: റിസര്‍വ് ബാങ്കിന്റെ പണനയകമ്മിറ്റി മൂന്നു ( ജൂണ്‍ 5-7) ദിവസം യോഗം ചേരും. നടപ്പുവര്‍ഷത്തെ രണ്ടാമത്തെ യോഗമാണിത്. ജൂണ് ഏഴിന് പണനയം പ്രഖ്യാപിക്കും. ഇത്തവണയും റീപോ നിരക്കിന് (6.5 ശതമാനം) മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും പലിശ നിരക്ക് , പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവ സംബന്ധിച്ച ഗൈഡന്‍സ് ഈ യോഗത്തില്‍നിന്നു ലഭിക്കും.

ജിഡിപി വളര്‍ച്ച: ഇന്ത്യന്‍ സമ്പദ്ഘടന ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ വിവിധ അനലിസ്റ്റുകളുടെ അനുമാനങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്. ജിഡിപി 7.8 ശതമാനം വളര്‍ച്ച നേടിയിരിക്കുകയാണ്. ഇതോടെ 2023-24-ലെ വളര്‍ച്ച 8.2 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ 8.2 ശതമാനവും രണ്ടാം ക്വാര്‍ട്ടറില്‍ 8.1 ശതമാനവും മൂന്നാം ക്വാര്‍ട്ടറില്‍ 8.6 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്.കൃഷി, മൃഗപരിപാലനം, ഫോറസ്റ്ററി, മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക മേഖലയുടെ വളര്‍ച്ച മുന്‍വര്‍ഷത്തെ 4.7 ശതമാനത്തില്‍നിന്നു 1.4 ശതമാനമായി കുറഞ്ഞു. കൂടുതല്‍ആളുകള്‍ ആശ്രയിക്കുന്ന ഈ മേഖലയിലെ തളര്‍ച്ച ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ വലിയ വിഭാഗം ആളുകളെ ബാധിക്കും.

നടപ്പുവര്‍ഷത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. ഏഴുശതമാനം വളര്‍ച്ചയും 4.5 ശതമാനം പണപ്പെരു്പ്പവുമാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പണപ്പെരുപ്പം 5.4 ശതമാനമാണ്. ഐഎംഎഫ് നടപ്പുവര്‍ഷത്തെ വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്നു അനുമാനിക്കുന്നു. നേരത്തെ അവര്‍ 6.5 ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയിരുന്നത്. എഡിബി കുറേക്കൂടി ശുഭാപ്തി വിശ്വാസമാണ് പ്രകടനിപ്പിക്കുന്നത്. ഏഴു ശതമാനം വളര്‍ച്ചയാണ് അവന്‍ അനുമാനിക്കുന്നത്.

ധനകമ്മി: രാജ്യത്തിന്റെ ധനകമ്മി 2023-24-ല്‍ ജിഡിപിയുടെ 5.6 ശതമാനമായി. കുറഞ്ഞു. ബജറ്റിയില്‍ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 5.8 ശതമാനമായരുന്നു കണക്കാക്കിയിരുന്നത്. മറ്റു വാക്കില്‍ പറഞ്ഞാല്‍ ധധ കമ്മി കണക്കാക്കിയിരുന്ന 17.86 ലക്ഷം കോടി രൂപയില്‍നിന്ന് 16.54 ലക്ഷം കോടി രൂപയായി താഴ്ന്നു. കേന്ദ്ര സര്‍ക്കാരിന്റെ നെറ്റി നികുതി വരുമാനം 23.27 ലക്ഷം കോടി രൂപയായി. ഇത് ലക്ഷ്യമിട്ടിരുന്നതിന്റെ 100.1 ശതമാനമാണ്.

കാതല്‍ മേഖല വളര്‍ച്ച: എട്ടു വ്യവസായമേഖകളടങ്ങിയ കാതല്‍ മേഖലയുടെ ഏപ്രിലില്‍ 6.2 ശതമാനം വളര്‍ച്ച നേടി. മാര്‍ച്ചിലെ വളര്‍ച്ച ആറു ശതമാനമായിരുന്നു. മുന്‍വര്‍ഷം ഏപ്രിലിലെ വളര്‍ച്ച 4.6 ശതമാനമായിരുന്നു. വൈദ്യുതി, പ്രകൃതിവാതകം, കല്‍ക്കരി, സ്റ്റീല്‍, റിഫൈനറി പ്രോഡക്ട്‌സ്, ക്രൂഡോയില്‍, സിമന്റ്, വളം എന്നിവയാണ് കാതല്‍ വ്യവസായത്തിലുള്‍പ്പെടുന്നത്. വ്യാവസായികോത്പാദന സൂചികയില്‍ കാതല്‍ മേഖലയ്ക്ക് 40.27 ശതമാനം വെയിറ്റേജ് ഉണ്ട്.

എച്ച്എസ് ബിസി മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ ജൂണ്‍ മൂന്നിന് എത്തും. മേയിലിത് 58.4 ആയിരുന്നു. സര്‍വീസ് പിഎംഐ എത്തുന്നത് ജൂണ്‍ അഞ്ചിനാണ്.

ജിഡിപികണക്കുകള്‍, വാഹന വില്‍പ്പനക്കണക്കുകള്‍, വിദേശഫണ്ടൊഴുക്ക് തുടങ്ങിയവയെല്ലാം വിപണിക്ക് ഈ വാരം ഊര്‍ജമാകേണ്ടതായിരുന്നു. എന്നാല്‍ ഇവയെല്ലാം തെരഞ്ഞെടുപ്പു ഫലത്തിലും മന്ത്രി സഭാ രൂപീകരണത്തിലും വകുപ്പു വിഭജനത്തിലും മുങ്ങിപ്പോവുകയാണ്. പക്ഷേ, തെരഞ്ഞെടുപ്പു ഫലത്തെത്തുടര്‍ന്നുള്ള ആവേശമോ (അല്ലെങ്കില്‍ ഉത്സാഹക്കുറവോ) അവസാനിച്ചാല്‍ സാമ്പത്തിക വാര്‍ത്തകളായിരിക്കും ദീര്‍ഘകാലത്തില്‍ വിപണിക്കു ദിശ നല്‍കുക.

ആഗോള സമ്പദ്ഘടന

ചൈനയുടെ മേയിലെ മാനുഫാക്ചറിംഗ് പിഎംഐ ജൂണ്‍ മൂന്നിന് എത്തും. പിഎംഐ ഏപ്രിലില്‍ 51.4 ആയിരുന്നു. യുഎസിലെ ഐഎസ് മാനുഫാക്ചറിംഗ് പിഎംഐയും മൂന്നിനാണ് എത്തുന്നത്. ഏപ്രിലിലിത് 49.2 ആയിരുന്നു. തലേമാസമിത് 50.3 ആയിരുന്നു. യുഎസിലെ ഏപ്രിലിലെ ജോബ് ഓപ്പണിംഗ് ഡേറ്റ ജൂണ്‍ നാലിന് എത്തും.മാര്‍ച്ചില്‍ 3.25 ലക്ഷം ഓപ്പണിംഗ് കുറഞ്ഞിരുന്നു. അതേപോലെ മേയിലേക്കുള്ള യുഎസിലെ നോണ്‍ ഫാം പേറോള്‍സ് ഡേറ്റ ഏഴിന് എത്തും. ഏപ്രിലില്‍ 1.75 ലക്ഷം തൊഴില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മേയിലെ തൊഴിലില്ലയ്മ കണക്കുകളും ഏഴിനാണ് എത്തുന്നത്. തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ തലേമാസത്തെ 3.8 ശതമാനത്തില്‍നിന്ന് 3.9 ശതമാനമായി ഉയര്‍ന്നിരുന്നു.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.