28 July 2024 4:33 AM GMT
Summary
ബജറ്റില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫലങ്ങളിലേക്ക് വിപണി
മൂന്നാം മോദി സര്‍ക്കാരിന്റെ ജൂലൈ 23-ലെ ആദ്യ ബജറ്റ് നല്‍കിയ ആഘാതത്തില്‍നിന്ന് പതിയെയാണെങ്കിലും മൂലധനവിപണി തിരിച്ചുവരികയാണ്. ബജറ്റിലെ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് കമ്പനികളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങളിലേക്ക് തിരികെ വരികയാണ്. ഈ വാരത്തില്‍ നിരവധി വന്‍ കമ്പനികള്‍ പ്രവര്‍ത്തനഫലം പുറത്തുവിടുന്നുണ്ട്. താരതമ്യേന മെച്ചപ്പെട്ട പ്രവര്‍ത്തനഫലമാണ് കമ്പനികള്‍ പുറത്തുവിടുന്നത്.
ഏറ്റവും പ്രധാനപ്പെട്ട സംഭവം ഓഗസ്റ്റ് 1-ന് പുറത്തുവിടുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗിന്റെ തീരുമാനങ്ങളാണ്. യുഎസ് സാമ്പത്തിക വളര്‍ച്ച ആദ്യക്വാര്‍ട്ടറിനെ അപേക്ഷിച്ച് ഇരട്ടിയായതിന്റേയും പണപ്പെരുപ്പം കുറഞ്ഞതിന്റേയും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവരുടെഎണ്ണം കുറയുന്നതിന്റേയും പിന്‍ബലത്തിലാണ് ഫെഡറല്‍ റിസര്‍വ് യോഗം ചേരുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ പണനയ തീരുമാനവും ഓഗസ്റ്റ് ഒന്നിന് എത്തും.
ആഗോള വിപണിയെ മുന്നോട്ടു നയിക്കുക യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമായിരിക്കും. യുഎസ് ക്വാര്‍ട്ടര്‍ ഫലങ്ങളും ആഗോള വിപണികളുടെ ദിശയെ സ്വാധീനിക്കുന്നതാണ്. ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം യുഎസ് ആണെന്നതുന്നെയാണ് അതിനു കാരണം.
വിപണി ഇക്കഴിഞ്ഞ വാരത്തില്‍
രണ്ടു പതിറ്റാണ്ടിലാദ്യമായി ഓഹരി വിപണിക്ക് ഏറ്റവും പ്രതിലോമപരമായ ബജറ്റാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്്. ദീര്‍ഘ, ഹ്രസ്വകാല മൂലധന വളര്‍ച്ചയുടെ നികുതി യഥാക്രമം 2.5 ശതമാനവും അഞ്ചു ശതമാനവും വീതമുയര്‍ത്തിയിരിക്കുകയാണ്. അവ യഥാക്രമം 12.5 ശതമാനവും 20 ശതമാനവുമാണ്.
അതേപോലെ ഓപ്ഷനിലെ ഓഹരിയിടപാടു നികുതി 0.062 ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായും ഫ്യൂച്ചേഴ്സിലെ ഇടപാടു നികുതി 0.0125 ശതമാനത്തില്‍നിന്ന് 0.02 ശതമാനമായും ഉയര്‍ത്തി. എഫ് ആന്‍ഡ് ഒ ആക്ടിവിറ്റി കുറയ്ക്കുകയെതാണ് നികുതി ഉയര്‍ത്തിയതിന്റെ ലക്ഷ്യം. ചുരുക്കത്തില്‍ ഓഹരി നിക്ഷേപം കൂടുതല്‍ ചെലവുള്ളതാക്കി മാറ്റിയിരിക്കുകയാണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ഈ വാരത്തില്‍ 303.95 പോയിന്റ് നേട്ടത്തില്‍ 24834.85 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. നിഫ്റ്റിയുടെ ഏറ്റവും ഉയര്‍ന്ന പോയിന്റ് വെള്ളിയാഴ്ച നേടിയ24861.15 പോയിന്റാണ്.
പ്രതീക്ഷ കെടുത്തിയ ബജറ്റിനു പകരം ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളും യുഎസ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വിപണിക്കു തുണയായിരിക്കുന്നത്. യുഎസ് ഉള്‍പ്പെടെയുള്ള ആഗോള വിപണികള്‍ മികച്ച മുന്നേറ്റം ഇന്ത്യന്‍ വിപണിക്കും തുണയായി.
ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഈ വാരത്തില്‍ 81332.72 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇതു രണ്ടാം തവണയാണ് 81000 പോയിന്റിനു മുകളില്‍ സെന്‍സെക്സ് ക്ലോസ് ചെയ്യുന്നത്. സെന്‍സെക്സിന്റെ റിക്കാര്‍ഡ് ക്ലോസിംഗ് ജൂലൈ 18-ലെ 81343.46 പോയിന്റാണ്. ഏറ്റവും ഉയര്‍ന്ന പോയിന്റ് ജൂലൈ 19-ലെ 81587.76 പോയിന്റും.
ഈ വാരത്തില്‍ നിക്ഷേപകര്‍ എന്തു ചെയ്യണം?
ഇന്ത്യന്‍ വിപണിയുടെ വാല്വേഷന്‍ അങ്ങേയറ്റം വലിഞ്ഞുമുറുകി നില്‍ക്കുകയാണ്. അതായത് പല ഓഹരികളും അധിക മൂല്യത്തില്‍ നില്‍ക്കുകയാണ്. നിഫ്റ്റി സൂചികകളുടെ പിഇ 23.6 ആണ്. അത്ര എക്സ്ട്രീം അവസ്ഥയിലല്ലെങ്കിലും അല്‍പ്പം ഉയര്‍ന്ന തലത്തില്‍ തന്നെയാണിത്. ഇതൊഴിച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ നിലയിലാണ്. സാമ്പത്തിക വളര്‍ച്ചാമൊമന്റവും ശക്തമായ നിലയില്‍ നീങ്ങുകയാണ്. ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയെന്ന പദവിക്ക് ഇനിയും മാറ്റം വന്നിട്ടില്ല. മധ്യ, ദീര്‍ഘകാലത്തില്‍ഇന്ത്യന്‍ വിപണിയെക്കുറിച്ച് ഒട്ടുംതന്നെ ആശങ്കപ്പെടേണ്ടതില്ല.
ഹ്രസ്വകാല മൂലധന വളര്‍ച്ചാനികുതി കൂട്ടിയ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപമെന്ന സമീപനത്തിലേക്ക് ഓഹരി നിക്ഷേപത്തെ മാറ്റുകയെന്നതാണ്.
മറ്റൊന്ന് തിരുത്തലിനെ നിക്ഷേപത്തിനുള്ള അവസരമായും ഉയര്‍ച്ചയെ വില്‍ക്കാനുള്ള അവസരമായും ഉപയോഗിക്കുക. ഒരു ഭാഗം കാഷ് ആയി അവസരത്തിനായി കാത്തുവയ്ക്കേണ്ട സമയമാണ്. വിപണിയുടെ പൊതുവായ മുന്നേറ്റത്തേക്കാള്‍ ഓഹരിയധിഷ്ഠിത സമീപനം സ്വീകരിക്കുയെന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കരണീയമായിട്ടുള്ളത്. ഇപ്പോഴത്തെ മുന്നേറ്റം മേഖല തിരിച്ചാണെന്നതും ശ്രദ്ധിക്കുക.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
കമ്പനികളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങളുടെ വരവ് തുടരുകയാണ്. ഈ ആഴ്ചയിലും നിരവധി വന്‍ കമ്പനികള്‍ പ്രവര്‍ത്തനഫലങ്ങളുമായി എത്തുന്നുണ്ട്.
എസിസി, എച്ച്പിസിഎള്‍, അദാനി വില്‍മര്‍, ഇന്ത്യന്‍ ബാങ്ക്, ഐഡിയ ഫോര്‍ജ്, കോള്‍ഗേറ്റ്, ഫൈസര്‍, ഗെയില്‍ഇന്ത്യ, ഐഓസി, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, എക്സൈഡ്, അംബുജ സിമന്റ്, ബാങ്ക് ഓഫ് ബറോഡ, ഭെല്‍, ക്രോംപ്ടണ്‍ ഗ്രീവ്സ ് കണ്‍സ്യൂമര്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ടാറ്റ സ്റ്റീല്‍, ഐടിസി, ടാറ്റ മോട്ടോഴ്സ്, ഗ്ലോക്സോ, ടെ്റ്റന്‍, എല്‍ഐസി ഹൗസിംഗ്, സൈഡസ് വെല്‍നെസ്, ഡിവീസ് ലാബ്, ജെകെ ടയര്‍, ന്യൂക്ലിയസ്, എസ്ബിഐ, സുവാരി അഗ്രോ, ബാങ്ക് ഓഫ് ഇന്ത്യ, തുടങ്ങിയ പ്രധാനകമ്പനികള്‍ ഈ വാരത്തില്‍ ആദ്യക്വാര്‍ട്ടര്‍ ഫലവുമായി എത്തന്നവയാണ്.
ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, ഡോ. റെഡ്ഡീസ്, എംസിഎക്സ്, ഫിനോളക്സ്, പിഎന്‍ബി തുടങ്ങിയവ 27-ന് ഫലം പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ ഫലം തിങ്കളാഴ്ചത്തെ ഇതിന്റെ ഓഹരികളില്‍ പ്രതിഫലിക്കും.
ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 15 ശതമാനം വളര്‍ച്ചയോടെ 11059 കോടി രൂപയിലെത്തി. അറ്റ പിലശ വരുമാനം 7.3 ശതമാനം വര്‍ധിച്ച് 19553 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷമിതേ കാലയളവിലെ 4.78 ശതമാനത്തില്‍നിന്ന് 4.36 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാലാം ക്വാര്‍ട്ടറിലിത് 4.4 ശതമാനമായിരുന്നു.
ജൂലൈ 30
യൂറോസോണ്‍ ജിഡിപി: യുറോസോണില്‍ രണ്ടാം ക്വാര്‍ട്ടര്‍ സാമ്പത്തിക വളര്‍ച്ചാക്കണക്കുകള്‍ പുറത്തുവിടും. ആദ്യ ക്വാര്‍ട്ടറിലെ വളര്‍ച്ച 0.3 ശതമാനമായിരുന്നു.
ജൂലൈ 31
യൂറോ സോണ്‍ കണ്‍സ്യൂമര്‍ ഇന്‍ഡെക്സ്: ജൂലൈയിലെ കണ്‍സ്യൂമര്‍ പ്രൈസ് സൂചികയുടെ പ്രാഥമിക കണക്കുകള്‍ പുറത്തുവിടും. ഈ മേഖലയിലെ പണപ്പെരുപ്പക്കണക്കുകളും ഇന്നു തന്നെ പുറത്തുവിടും. ജൂണില്‍ 2.9 ശതമാനമായിരുന്നു ഇത്.
ജാപ്പനീസ് പലിശ നിരക്ക്: ബാങ്ക് ഓഫ് ജപ്പാന്‍ പലിശനിരക്കു സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും.
ചൈനീസ് മാനുഫാക്ചറിംഗ് പിഎംഐ: ചൈനയുടെ ജൂലൈയിലെ എന്‍ബിഎസ് മാനുഫാക്ചറിംഗ് പിഎംഐ
ഓഗസ്റ്റ് 1
എച്ച്എസ് ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ: ജൂലൈയിലെ എച്ച്എസ്ബിസി മാനുഫാക്ചറിംഗ് പിഎംഐ അന്തിമ കണക്കുകള്‍ പുറത്തെത്തും. പ്രാഥമിക കണക്കനുസരിച്ച് ജൂലൈയിലെ പിഎംഐ 58.5 ആണ്. തലേ മാസത്തിലിത് 58.3 ആയിരുന്നു.
യുഎസ് എഫ്ഒഎംസി മീറ്റിംഗ്: യുഎസ് എഫ്ഒഎംസി ദ്വിദിന മീറ്റിംഗിന്റെ ഫലം ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കും. പലിശനിര്ക്കു വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം യോഗം ചര്‍ച്ച ചെയ്യും. പലിശ നിരക്കില്‍ മാറ്റം വരുത്തുകയില്ലെന്നാണ് ബ്ലൂംബര്‍ഗ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം ഇക്കണോമിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
യുകെ മാനുഫാക്ചറിംഗ് പിഎംഐ: എസ് ആന്‍ഡ് പി ഗ്ലോബല്‍ ജൂലൈയിലെ യുകെ മാനുഫാക്ചറിംഗ് പിഎംഐ അന്തിമ കണക്കുകള്‍ ഇന്നു പ്രസിദ്ധീകരിക്കും. പ്രാഥമിക കണക്കുകളനുസരിച്ച് ജൂലൈയില്‍ 51.8 ആയിരുന്നു. ജൂണില്‍ 50.9 ആയിരുന്നു പിഎംഐ.
ജൂണിലിത് 58.3-ഉം മേയില്‍ 57.5-ഉംആയിരുന്നു. പിഎംഐ 50 പോയിന്റിനു മുകളിലല്‍ ഉത്പാദന വളര്‍ച്ചയും ചുരുക്കവുമായിട്ടാണ് കണക്കാക്കുന്നത്.
യുകെ പലിശ നിരക്ക്: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പണനയ യോഗത്തിന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ജൂണിലെ യോഗത്തില്‍ പലിശ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തുകയായിരുന്നു.
യുഎസ് ജോബ് ലെസ് ക്ലെയിം : ജൂലൈ 20-ന് അവസാനിച്ച വാരത്തില്‍ യുഎസിലെ ജോബ് ലെസ്ക്ലെ യിം സംബന്ധിച്ച കണക്കുകള്‍ പുറത്തുവരും. ജൂലൈ 13-ന് അവസാനിച്ച വാരത്തില്‍ തൊഴിലില്ലായ്മ വേതനം നേടിയവരുടെ എണ്ണത്തില്‍ പതിനായിരത്തിന്റെ വര്‍ധനയുണ്ടായിരുന്നു.
ഓഗസ്റ്റ് 2
ബാങ്ക് വായ്പ വളര്‍ച്ച: ജൂലൈ 26-ന് അവസാനിക്കുന്ന വാരത്തിലെ വിദേശനാണ്യശേഖരം സംബന്ധിച്ച കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിടും. ജൂലൈ 19-ന് അവസാനിച്ച വാരത്തില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം67086 കോടി ഡോളറിലെത്തി. മുന്‍വാരത്തേക്കാള്‍ 400 കോടി ഡോളര്‍ കൂടുതലാണിത്. തുടര്‍ച്ചായ മൂന്നാമത്തെ വാരമാണ് വിദേശനാണ്യ ശേഖരത്തില്‍ വര്‍ധനയുണ്ടാകുന്നത്. അതേസമയം രൂപ ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയിലാണ്. വെള്ളിയാഴ്ച ഡോളറിന് 83.74 രൂപയാണ്.
യുഎസ് തൊഴിലില്ലായ്മ നിരക്ക്: ജൂലൈയിലെ തൊഴിലില്ലായ്മ നിരക്ക് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിടും. ജൂണിലിത് 4.1 ശതമാനമായിരുന്നു. തലേ മാസത്തിലിത് 4 ശതമാനമായിരുന്നു.
ഐപിഒ
മെയിന്‍ വിഭാഗത്തിലെ മൂന്ന് ഉള്‍പ്പെടെ ഒമ്പത് ഐപിഒകളാണ് ഈ വാരത്തില്‍ വിപണിയില്‍ എത്തുന്നത്. പതിനൊന്നു കമ്പനികളുടെ ലിസ്റ്റിംഗും ഈ വാരത്തിലാണ്.
ഒല ഇലക്ട്രിക് മൊബിലിറ്റി: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതക്കളായ ഒലഇലക്ട്രിക് മൊബിലിറ്റി 5500 കോടി രൂപയുടെ ഇഷ്യുമായി ഓഗസ്റ്റ് രണ്ടിന് മൂലധന വിപണിയിലെത്തും. ഇഷ്യു ഓഗസ്റ്റ് ആറിന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് ജൂലൈ 29-ന് പ്രഖ്യാപിക്കും. ഭവിഷ് അഗര്‍വാളാണ് കമ്പനിയുടെ പ്രമോട്ടര്‍.
അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മ: ഡല്‍ഹി കേന്ദ്രമായുള്ള കമ്പനി 1857 കോടി രൂപയുടെ ഇഷ്യുമായാണ് വിപണിയിലെത്തുന്നത്. ഇഷ്യു ജൂലൈ 30-ന് ആരംഭിച്ച് ഓഗസ്റ്റ് 1-ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 646-679 രൂപ. രാജ്യത്തെ ഏറ്റവും വലിയ കോണ്‍ട്രാക്ട് മാനുഫാക്ചറിംഗ് ആന്‍ഡ് ഡെവല്പമെന്റ് കമ്പനിയാണ്. കമ്പനിക്ക് 9.3 ശതമാനം വിപണി വിഹിതമുണ്ട്.
സെയ്ഗാല്‍ ഇന്ത്യ: ലുധിയാന കേന്ദ്രമാക്കിയുള്ള സെയ്ഗാള്‍ ഇന്ത്യ 684.25 കോടി രൂപയുടെ ഇഷ്യുമായി ഓഗസ്റ്റ് ഒന്നിന് വിപണിയിലെത്തും.രാജ്യത്തെ വളരെ വേഗം വളരുന്ന ഇപിസി കമ്പനികളിലൊന്നായാണ് ഇതിനെ കരുതുന്നത്. പ്രൈസ് ബാന്‍ഡ് ജൂലൈ 29-ന് പ്രഖ്യാപിക്കും.
എസ് എംഇ ഇഷ്യ: എസ് എ ടെക് സോഫ്റ്റ് വേര്‍ ഇന്ത്യ ( ജൂലൈ 26-30) 13.45 കോടി രൂപയും ഇസ്പിരിറ്റ് സ്റ്റോണ്‍സ് ( ജൂലൈ 26-30) 1.87 കോടി രൂപയും അപ്രമേയ എന്‍ജിനീയറിംഗ് ( ജൂലൈ 25-29) 5.50 കോടി രൂപയും ട്രോം ഇന്‍ഡസ്ട്രീസ് ( ജൂലൈ 25-29 ) 32.4 കോടി രൂപയുമാണ് ഇഷ്യുവഴി സ്വരൂപിക്കുന്നത്.സാത്ലോകാര്‍ സിനര്‍ജിസ് ( ജൂലൈ-30 ഓഗസ്റ്റ് 1, ആഷാപുര ലോജിസ്റ്റിക്സ് ( ജൂലൈ 30- ഓഗസ്റ്റ് 1), ബള്‍ക്ക് ക്രോപ് ഇന്റര്‍നാഷണല്‍ ( ജൂലൈ 30- ഓഗസ്റ്റ് 1), രാജ്പുഠാണ ഇന്‍ഡസ്ട്രീസ് ( ജൂലൈ 30- ഓഗസ്റ്റ് 1), കിസി അപ്പാരല്‍സ് ( ജൂലൈ 30- ഓഗസ്റ്റ് 1), ഉത്സവ ഗോള്‍ഡ് ( ജൂലൈ 31- ഓഗസ്റ്റ് 1) എന്നി എസ്എംഇ ഇഷ്യുകളും ഈ വാരത്തില്‍ വിപണിയിലെത്തും.
വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍
ബജറ്റ് വന്നതു മുതല്‍ നെറ്റ് വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച 2546.38 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ബജറ്റ് ദിനത്തില്‍ അവര്‍ 2975 കോടിയുടേയും അടുത്ത രണ്ടു ദിനങ്ങളില്‍ 5130.9 കോടിയുടേയും 2605.49 കോടിയുടേയും നെറ്റ് വില്‍പ്പന നടത്തിയിരുന്നു. ജൂലൈയില്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 16943.37 കോടി രൂപയാണ്.
അതേസമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ എഫ്ഐഐയ്‌ക്കെതിരായ സമീപനമാണ് വിപണിയില്‍ മിക്ക ദിവസങ്ങളിലും സ്വീകരിച്ചിട്ടുള്ളത്. ബജറ്റ് ദിനം മുതല്‍ അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു. ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 8888.87 കോടി രൂപയുടേതാണ്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.