25 Aug 2024 5:04 AM GMT
Summary
ആഗോള ചലനങ്ങള്‍ വിപണിക്കു ദിശയാകും
''പുതിയ ഫെഡ് പോളിസിനയത്തിന് ഇതാ സമയമായിരിക്കുന്നു.'' വ്യോമിംഗില്‍ നടന്ന വാര്‍ഷിക ജാക്സണ്‍ ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തില്‍ പ്രസംഗിച്ചുകൊണ്ടു ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. പലിശനിരക്ക് വെട്ടിക്കുറക്കുന്നതിനു തുടക്കം കുറിക്കാനുള്ള സമയമായി എന്നു സൂചനയാണ് ഇതു നല്‍കുന്നത്. എപ്പോള്‍, എത്ര തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും വിപണി സഹര്‍ഷം പവലിന്റെ പ്രസംഗത്തെ സ്വാഗതം ചെയ്തിരിക്കുയാണ്. ഇതേത്തുടര്‍ന്ന് യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 450 പോയിന്റോളമാണ് ഉയര്‍ന്നത്. ഡൗ മാത്രമല്ല, നാസ്ഡാക് കോമ്പോസിറ്റ്, എസ് ആന്‍ഡ് പി 500, യൂറോപ്യന്‍ സൂചികകള്‍ തുടങ്ങിയവയെല്ലാം വളരെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
പോകുന്ന ദിശ വളരെ വ്യക്തമാണ്. പലിശ വെട്ടിക്കുറയ്ക്കലിന്റെ സമയവും വേഗവും മറ്റും വരും ആഴ്ചകളില്‍ എത്തുന്ന സാമ്പത്തിക കണക്കുകളെ ആശ്രയിച്ചായിരിക്കുമെന്നും പവല്‍ വ്യക്തമാക്കി. പണപ്പെരുപ്പ റിസ്‌കില്‍നിന്ന് തൊഴില്‍ വിപണി റിസ്‌കിലേക്ക് മാറുകയാണ്. അതൊഴിവാക്കാന്‍ ശക്തമായ പിന്തുണ നല്‍കേണ്ടിയിരിക്കുന്നു പവല്‍ വ്യക്തമാക്കി.
അടുത്ത മാസം സെപ്റ്റംബര്‍ 18-ലെ പണനയത്തില്‍ ഫെഡറല്‍ റിസര്‍വ് കുറഞ്ഞത് കാല്‍ ശതമാനമെങ്കിലും പലിശ വെട്ടിക്കുറയ്ക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അര ശതമാനമാണെങ്കില്‍ വിപണിക്ക് സന്തോഷം.
തിങ്കളാഴ്ച വിപണിക്കു ഊര്‍ജം പകരുക പവലിന്റെ പ്രസംഗത്തിലെ സൂചനകള്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.
ജൂലൈയില്‍ ഇന്ത്യയിലെ ചില്ലറവിലക്കയറ്റത്തോത് 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഭക്ഷ്യവില്ലക്കയറ്റ ഭീഷണി നിലനില്‍ക്കുകയാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. അതിനാല്‍ രാജ്യത്തെ പലിശനിരക്ക് കുറയ്ക്കല്‍ നാലാം ക്വാര്‍ട്ടറിലേക്കു നീളുമോയെന്നു വിപണി കാത്തിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മാസം 30-ന് എത്തുന്ന ആദ്യക്വാര്‍ട്ടര്‍ ജിഡിപിക്കണക്കുകള്‍ അടുത്ത ക്വാര്‍ട്ടറുകളിലെ സമ്പദ്ഘടനയുടെ പ്രവര്‍ത്തനെത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും. അതു വിപണിക്കു ദീര്‍ഘകാലത്തില്‍ ദിശ നല്‍കും. ആദ്യക്വാര്‍ട്ടറില്‍ ജിഡിപി വളര്‍ച്ച ആറു ശതമാനമായിരിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ നാലാം ക്വാര്‍ട്ടറില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ച.
ഇന്ത്യയിലെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ശക്തവും സജീവുമാണെന്നും നടപ്പുവര്‍ഷം 6.5-7 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ അനുമാനം.
ഓഗസറ്റില്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരാണെങ്കിലും ഏറ്റവും അവസാനത്തെ രണ്ടു വ്യാപാരദിനങ്ങളില്‍ അവര്‍ നെറ്റ് വാങ്ങലുകാരാണ്. എഫ്എഫ്ഐ തിരിച്ചുവരവ് ഉറപ്പാക്കിയിട്ടില്ലെങ്കിലും വൈകാതെ അവര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിവിനു വിപരീതമായി ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും നെറ്റ് വാങ്ങലുകാരാണ്. അവര്‍ ഓഗസ്റ്റിലെ എല്ലാ ദിവസവും നെറ്റ് വാങ്ങലുകാരായിരുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 സൂചിക ഇക്കഴിഞ്ഞ വാരത്തില്‍ 282 പോയിന്റ് നേട്ടത്തോടെ 24823.15 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇക്കഴിഞ്ഞ വാരത്തില്‍ നേരിയ റേഞ്ചിലായിരുന്നു നിഫ്റ്റിയുടെ നീക്കം. ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് 639.37 പോയിന്റ് നേട്ടമുണ്ടാക്കി ഇക്കഴിഞ്ഞ വാരത്തില്‍. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് 81086.21 പോയിന്റാണ്.
ഓഗസ്റ്റ് 29-ന് ഈ മാസത്തെ എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ദിനമാണ്. അതുകൊണ്ടുതന്നെ വലിയ ഉയര്‍ച്ചയോ താഴ്ചയോ പ്രതീക്ഷിക്കേണ്ടതില്ല. നിഫ്റ്റി 25000 പോയിന്റിനു ചുറ്റളവില്‍ ഈവാരത്തില്‍ ക്ലോസ് ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
ഓഗസ്റ്റ് 26
യുഎസ് ഡ്യൂറബിള്‍ ഗുഡ്സ് ഓര്‍ഡര്‍: ജൂലൈയിലെ യുഎസ് മാനുഫാക്ചറിംഗ് ഡ്യൂറബിള്‍ ഗുഡ്സ് ഓര്‍ഡര്‍ കണക്കുകള്‍ പുറത്തുവിടും. ജൂണില്‍ 6.6 ശതമാനം ഇടിവു കാണിച്ചിരുന്നു. ജൂലൈയില്‍ 0.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 27
യുഎസ് ഭവനവില സൂചിക: ജൂണിലെ യുഎസ് ഭവന സൂചിക ഇന്നു പുറത്തുവിടും.
ഓഗസ്റ്റ് 28
യുഎസ് ക്രൂഡ് ഓയില്‍ സ്റ്റോക്ക്: ഓഗസ്റ്റ് 23 ന് അവസാനിച്ച ആഴ്ചയിലെ യുഎസിലെ ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ കണക്കെത്തും. ഓഗസ്റ്റ് 16-ന് 4.65 ദശലക്ഷം ബാരല്‍ കുറഞ്ഞിരുന്നു. ആഗോള ക്രൂഡ് വിലയെ സ്വാധീനിക്കുന്നതാണ് കരുതല്‍ ശേഖര കണക്കുകള്‍.
ഓഗസ്റ്റ് 29:
യുഎസ് ജിഡിപി വളര്‍ച്ച: യുഎസ് സമ്പദ്ഘടനയുടെ രണ്ടാം ക്വാര്‍ട്ടര്‍ വളര്‍ച്ചയുടെ രണ്ടാം അനുമാനം പുറത്തുവിടും. ആദ്യവിലയിരുത്തലില്‍ 2.8 ശതമാനം വളര്‍ച്ചയെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യക്വാര്‍ട്ടറിലെ വളര്‍ച്ച 1.4 ശതമാനമായിരുന്നു.
യുഎസ് ജോബ്ലെസ് ക്ലെയിം: ഓഗസ്റ്റ് 17-ന് അവസാനിച്ച കാലയളവിലെ ജോബ്ലെസ് ക്ലെയിം കണക്കുകള്‍ പ്രസിദ്ധീകരിക്കും.
യൂറോ ഏരിയ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ്: ഓഗസ്റ്റിലെ ഫൈനല്‍ യൂറോ സോണിലെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സൂചിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 30
ആദ്യക്വാര്‍ട്ടര്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ച: നടപ്പുവര്‍ഷം ആദ്യക്വാര്‍ട്ടറിലെ ജിഡിപി വളര്‍ച്ചാക്കണക്കുകള്‍ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിടും. ആറു ശതമാനം വളര്‍ച്ചയാണ് പല ഏജന്‍സികളും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ 7.8 ശതമാനം വളര്‍ച്ച നേടിയിരുന്നു.
ഇന്ത്യന്‍ വിദേശനാണ്യശേഖരം: ഓഗസ്റ്റ് 16-ന് അവസാനിച്ച വാരത്തിലെ വിദേശനാണ്യ ശേഖരകണക്കുകള്‍ പുറത്തുവിടും. ഓഗസ്റ്റ് 9-ന് 67012 കോടി ഡോളറായിരുന്നു.
യുറോസോണ്‍ പണപ്പെരുപ്പത്തോത്: ഓഗസ്റ്റിലെ പണപ്പെരുപ്പത്തോതിന്റെ ആദ്യവിലയിരുത്തല്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കും.ജൂലൈയില്‍ ചില്ലറവിലക്കയറ്റത്തോത് 2.6 ശതമാനമായിരുന്നു. ജൂണിലിത് 2.5 ശതമാനവും.ജൂലൈയിലെ യൂറോസോണിലെ തൊഴിലില്ലായ്മ നിരക്കും പ്രസിദ്ധീകരിക്കും. ജൂണില്‍ നിരക്ക് 6.5 ശതമാനമായിരുന്നു.
കമ്പനി വാര്‍ത്തകള്‍
ഐപിഒ: പ്രീമിയര്‍ എനര്‍ജീസിന്റെ പബ്ളിക് ഇഷ്യു ഓഗസ്റ്റ് 27-ന് ആരംഭിച്ച് 29-ന് അവസാനിക്കും. ഓഹരികളുടെ പ്രൈസ് റേഞ്ച് 427-450 രൂപ. കമ്പനി 1,291.4 കോടി രൂപ സ്വരൂപിക്കുവാന്‍ ഉദ്ദേശിക്കുന്നു. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ( ഓഒഫ് എസ് ) ഉള്‍പ്പെടുന്നതാണ് ഇഷ്യു.
ഇകോസ് ഇന്ത്യ മൊബിലിറ്റി ആന്‍ഡ് ഹോസ്പിറ്റാലിറ്റി: കാര്‍ യാത്ര സൗകര്യമൊരുക്കുന്ന ഇകോസ് ഇന്ത്യ മൊബിലിറ്റി ആന്‍ഡ് ഹോസ്പിറ്റാലിറ്റി കന്നി പബ്ളിക് ഇഷ്യു ഓഗസ്റ്റ് 28-ന് തുടങ്ങി 30-ന് അവസാനിക്കും. ഇഷ്യു വഴി 601 കോടി രൂപയാണ് സ്വരൂപിക്കുക. പ്രൈസ് ബാന്‍ഡ് 318-334 രൂപ. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഇഷ്യു. കാര്‍ റെന്റല്‍ സര്‍വീസസില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിക്ക് 9000 വാഹനങ്ങള്‍ സ്വന്തമായുണ്ട്.
ഒറിയന്റ് ടെക്നോളജീസ്: ഐടി സേവനദാതാവായ ഒറിയന്റ് ടെക്നോളജീസിന്റെ കന്നി ഇഷ്യുവിന് 151.71 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 195-206 രൂപ. ഓഹരികള്‍ ഓഗസ്റ്റ് 28-ന് ലിസ്റ്റ് ചെയ്യും.
എന്‍എഫ്ഒ: മ്യൂച്വല്‍ ഫണ്ട് മേഖലയില്‍നിന്നു നിരവധി ന്യൂഫണ്ടുകളാണ് വിപണിയില്‍ പണം സ്വരൂപിക്കുവാന്‍ എത്തുന്നത്. ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 19-28), ടാറ്റ നിഫ്റ്റി 200 ആള്‍ഫ 30 ഇന്‍ഡെക്സ് ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 19- സെപ്റ്റംബര്‍ 2), ഐടിഐ ലാര്‍ജ് ആന്‍ഡ് മിഡ്കാപ് ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 21- സെപ്റ്റംബര്‍ 4), നിപ്പണ്‍ ഇന്തയ് നിഫ്റ്റി 500 ഈക്വല്‍ വെയിറ്റ് ഇന്‍ഡെക്സ് ഫണ്ട് ഡയറക്ടര്‍ ഗ്രോത്ത് ( ഓഗസ്റ്റ് 21- സെപ്റ്റംബര്‍ 4), ബന്ധന്‍ ബിഎസ്ഇ ഹെല്‍ത്ത്കെയര്‍ ഇന്‍ഡെക്സ് ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 21-സെപ്റ്റംബര്‍ 3), പിജിഐഎം ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 22- സെപ്റ്റംബര്‍ 5), യൂണിയന്‍ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 20- സെപ്റ്റംബര്‍ 3), ആക്സിസ് കണ്‍സംപ്ഷന്‍ ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 23- സെപ്റ്റംബര്‍ 6), ബറോഡ ബിഎന്‍പി പാരിബാസ് ഡിവിഡന്‍ഡ് യീല്‍ഡ് ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 22- സെപ്റ്റംബര്‍ 5), ഡിഎസ്പി നിഫ്റ്റി ടോപ് 10 ഈക്വില്‍ വെയിറ്റ് ഇന്‍ഡെക്സ് ഫണ്ട് ഡയറക്ട് ഗ്രോത്ത് ( ഓഗസ്റ്റ് 16-30).
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.