11 Aug 2024 7:36 AM GMT
Summary
ദിശാരഹിത വാരത്തിലേക്ക് വിപണി
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഗസ്റ്റ് 15-ന് ദേശീയ അവധിയായതിനാല്‍ നാലു ദിവസം മാത്രം വ്യാപാരമുള്ള വാരത്തിലേക്കാണ് വിപണി കടക്കുന്നത്. രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളും ആഗോള വിപണികളിലെ നീക്കങ്ങളുമാണ് വിപണിയെ നയിക്കുക. അടുത്തയിടെ ആഗോള വിപണികളിലെ, പ്രത്യേകിച്ചും യുഎസ് വിപണികളുടെ, നീക്കങ്ങളനുസരിച്ചാ ഇന്ത്യന്‍ വിപണിയും നീങ്ങുന്നത്. വിപണിക്ക് ഇനി നിര്‍ണായകമാകുന്നത് യുഎസ്, ഇന്ത്യന്‍ നയ പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിന് എന്നു തുടക്കം കുറിക്കുമെന്ന സംഭവമാണ്.
പണപ്പെരുപ്പത്തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിലും ആഗോള സമ്പദ്ഘടനയിലെ വളര്‍ച്ചാ മാന്ദ്യവും എത്രയും വേഗം പലിശയില്‍ വെട്ടിക്കുറവുണ്ടാകുമെന്ന പ്രതീക്ഷ ഇടയ്ക്കിടെ വിപണിയില്‍ പ്രതിഫലിക്കുകയും മുന്നേറ്റത്തിനു വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. ഈ ആഴ്ച വരുന്ന പണപ്പെരുപ്പക്കണക്കുകള്‍ ഈ പ്രതീക്ഷയുടെ സാക്ഷാത്കാരത്തിനു എന്നു തുടക്കം കുറിക്കുമെന്ന സൂചനകള്‍ ലഭിച്ചേക്കാം. അനുകൂലമാണെങ്കില്‍ നല്ലൊരു മുന്നേറ്റം പ്രതീക്ഷിക്കാം. മറിച്ചാണെങ്കില്‍ കഴിഞ്ഞവാരാദ്യത്തിലെപോലെ ശക്തമായ ഇടിവും.
ഇന്ത്യന്‍ വിപണി നാലു ദിവസമേ പ്രവര്‍ത്തിക്കൂ എന്നുള്ളതും മനോഭാവത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
വിപണി ഇക്കഴിഞ്ഞ വാരത്തില്‍
വളരെ പ്രക്ഷുബ്ധമായ വാരത്തിലൂടെ കടന്നുപോയ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എങ്കിലും ബഞ്ചുമാര്‍ക്ക് സൂചികകള്‍ തലേവാരത്തേക്കാള്‍ കുറഞ്ഞാണ് ക്ലോസ് ചെയ്തത്.
ഇന്ത്യന്‍ ഓഹരിവിപണിയുടെ മുഖ്യ സൂചികയായി കണക്കാക്കുന്ന നിഫ്റ്റി 50 ഈ വാരത്തില്‍ 350.20 പോയിന്റിന്റെ താഴ്ചയിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച്ച നിഫ്റ്റി 250.5 പോയിന്റെ മെച്ചത്തോടെ 24367.5 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തലേവാരത്തിലെ ക്ലോസിംഗ് 24717.7പോയിന്റിലായിരുന്നു.
24400-24450 തലത്തിലുള്ള റെസിസ്റ്റന്‍സ് നല്ല തോതില്‍ മറികടന്നാലേ നിഫ്റ്റിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാനാകൂ. എങ്കില്‍പോലും നേരത്തെ സൃഷ്ടിച്ച 24687 എന്ന ഗ്യാപ് നികത്തി മുന്നോട്ടു പോകുക പ്രയാസമാണ്. താഴേയ്ക്കു നീങ്ങിയാല്‍ 23950-24100 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം.
ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഈ വാരത്തില്‍ 1276.04 പോയിന്റ് കുറവോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് 79705.91 പോയിന്റാണ്.സെന്‍സെക്സിന്റെ റിക്കാര്‍ഡ് ക്ലോസിംഗ് ഓഗസ്റ്റ് ഒന്നിലെ 81867.55 പോയിന്റാണ്. അന്നുതന്നെ സൃഷ്ടിച്ച 82129.49 പോയിന്റാണ് സെന്‍സെക്സിന്റെ റിക്കാര്‍ഡ് ഉയര്‍ച്ച. ആദ്യമായാണ് സെന്‍സെക്സ് 82000 പോയിന്റിനു മുകളിലെത്തുന്നത്.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
ഓഗസ്റ്റ് 12
ചില്ലറവില്ലക്കയറ്റം: ജൂലൈയിലെ ചില്ലറവിലക്കയറ്റത്തോത് സംബന്ധിച്ച കണക്കുകള്‍ ഇന്നു പുറത്തുവിടും. ജൂണിലിത് 5.08 ശതമാനമായിരുന്നു. മേയിലെ 4.75 ശതമാനത്തേക്കാള്‍ കൂടുതല്‍.പണപ്പെരുപ്പം റസിര്‍വ് ബാങ്കിന്റെ സഹനീയശ്രേണിക്കുള്ളിലാണ് (46 ശതമാനം) എങ്കിലും നയപലിശ നിരക്കില്‍ മാറ്റം വരുത്തുവാന്‍ അവര്‍ തയാറായിട്ടില്ല. ആര്‍ബി ൈലക്ഷ്യം 4 ശതമാനത്തിനു താഴെ പണപ്പെരുപ്പത്തോത് എത്തിക്കുകയെന്നതാണ്.
വ്യാവസായികോത്പാദനം: ജൂണിലെ വ്യാവസായികോത്പാദന സൂചിക ഇന്നു പ്രസിദ്ധീകരിക്കും. മേയില്‍ 5.9 ശതമാനം വളര്‍ച്ച നേടിയിരുന്നു. പൊതുവേ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതായിരുന്നു ഇത്.
ഓഗസ്റ്റ് 13
ബോസ്റ്റിക് സ്പീച്ച്: ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് അംഗമായ റാഫേല്‍ ബോസ്റ്റികിന്റെ പ്രസംഗം വിപണി ശ്രദ്ധയോടെയാണ് കാത്തിരിക്കുന്നത്. യുഎസിലെ പണപ്പെരുപ്പ നീക്കത്തെക്കുറിച്ചു വ്യക്തമായ ചിത്രം ബോസ്റ്റിക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസറ്റ് ഒന്നിലെ പണനയത്തിലും പലിശ നിരക്ക് കുറയ്ക്കുവാന്‍ ഫെഡറല്‍ റിസര്‍വ് തയാറായിട്ടില്ല. തുടര്‍ച്ചയായ ഒമ്പതാമത്തെ തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ ( 5.255.5 ശതമാനം) ഇതേപോലെ ഉയര്‍ത്തി നിര്‍ത്തുന്നത്. അതേസമയം പണപ്പെരുപ്പ നിരക്ക് ഫെഡറല്‍ റിസര്‍വ് ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഫ്ളേഷന്‍: യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഫ്ളേഷന്‍ കണക്കുകള്‍ പുറത്തുവിടും. ജൂണില്‍ തലേമാസത്തേക്കാള്‍ 0.2 ശതമാനം ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് 14
മൊത്തവിലക്കയറ്റത്തോത്: ജൂലൈയിലെ മൊത്തവിലക്കയറ്റത്തോത് കണക്കുകള്‍ ഇന്നു പുറത്തുവിടും. ജൂണിലിത് 3.36 ശതമാനവും മേയില്‍ 2.61 ശതമാനവുമായിരുന്നു.
യുഎസ് ചില്ലറവിലക്കയറ്റത്തോത്: ജൂലൈയിലെ യുഎസ് ചില്ലറവിലക്കയറ്റത്തോത് കണക്കുകള്‍ പുറത്തുവിടും. ജൂണില്‍ അപ്രതീക്ഷിതമായി പണപ്പെരുപ്പം തലേമാസത്തേക്കാള്‍ 0.1 ശതമാനം കുറഞ്ഞിരുന്നു.
ഓഗസ്റ്റ് 15
വിപണിക്ക് അവധി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് എല്ലാ വിപണികള്‍ക്കും അവധിയാണ്. ദേശീയ അവധി ദിനമാണ് അന്ന്.
വ്യാപാര കമ്മി: ജൂലൈയിലെ കയറ്റിറക്കുമതി കണക്കുകള്‍ ഓഗസ്റ്റ് 15-ന് പ്രസിദ്ധീകരിക്കാനാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യയുടെ വ്യാപാര കമ്മി ജൂണില്‍2100 കോടി ഡോളറാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 2010 കോടി ഡോളറായിരുന്നു. ഇറക്കുമതി അഞ്ചു ശതമാനം വര്‍ധനയോടെ ജൂണില്‍ 5618 കോടി ഡോളറിലെത്തിയിട്ടുണ്ട്.
യുഎസ് പ്രാഥമിക ജോബ് ലെസ് ക്ലെയിം: ഓഗസ്റ്റ് 10-ന് അവസാനിച്ച ദ്വൈവാരത്തിലെ പ്രാഥമിക ജോബ്ലെസ് ക്ലെയിം കണക്കുകള്‍ പുറത്തുവരും. ലേബര്‍ വിപണിയുടെ സ്ഥിരതയെക്കുറിച്ചുള്ള കണക്കുകളാണിത്.സമ്പദ്ഘടനയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന കണക്കുകള്‍ കൂടിയാണിത്.
ജാപ്പനീസ് ജിഡിപി: ആദ്യക്വാര്‍ട്ടറിലെ ജാപ്പനീസ് ജിഡിപി കണക്കുകള്‍ ഇന്നു പറത്തുവിടും.
ചൈനീസ് വ്യാവസായികോത്പാദനം: ചൈനയുടെ ജൂലൈയിലെ വ്യാവസായികോത്പാദന കണക്കുകള്‍ പ്രസിദ്ധീകരിക്കും. ജൂണില്‍ 5.3 ശതമാനവും മേയില്‍ 5.6 ശതമാനവുമായിരുന്നു വളര്‍ച്ച.
ഓഗസ്റ്റ് 16
വിദേശനാണ്യശേഖരം: ഓഗസ്റ്റ് രണ്ടിന് അവസാനിച്ച വാരത്തിലെ
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരത്തിന്റെ കണക്കുകള്‍ പുറത്തുവിടും. ജൂലൈ 26-ന് അവസാനിച്ച വാരത്തില്‍ വിദേശനാണ്യശേഖരം 66739 കോടി ഡോളറായിരുന്നു. തലേവാരത്തിലിത് 67086 കോടി ഡോളറായിരുന്നു.
ആദ്യക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങള്‍
ഹിന്ദുസ്ഥാന്‍ കോപ്പര്‍, വോഡഫോണ്‍, നാറ്റ്കോ ഫാര്‍മ, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, എന്‍എംഡിസി, എസ്ജെവിഎന്‍, ഹിന്ദുസ്ഥാന്‍ കോര്‍പറേഷന്‍, എന്‍ആര്‍ബി ബെയറിംഗ്, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ഹിന്‍ഡാല്‍കോ, മണപ്പുറം ഫിനാന്‍സ്, എച്ച്എഎല്‍, കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ്, ഐആര്‍സിടിസി, മാക്സ് ഫിനാന്‍ഷ്യല്‍സ്, ഇപ്കാ ലാബ്, പിരമള്‍ എ്ന്റര്‍പ്രൈസസ്, ഗോദ്്റെജ് ഇ്ന്‍ഡസ്ട്രീസ് ,സേറ സാനിറ്ററീസ്, ഒലക്ട്ര ഗ്രീന്‍ടെക്, ടൈം ടെക്നോ പ്ലാസറ്റ്, ഗ്ളെന്‍മാര്‍ക്ക്, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് പവര്‍, രാജേഷ് എക്സ്പോര്‍ട്സ്, ഗബ്രിയേല്‍ ഇന്ത്യ തുടങ്ങി ഒട്ടേറെ കമ്പനികള്‍ ആദ്യക്വാര്‍ട്ടര്‍ ഫലവുമായി ഈ വാരത്തിലെത്തും.
ഐപിഒ: സ്ത്രീകള്‍ക്ക് ആവശ്യമുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന സരസ്വതി സാരി ഡിപ്പോയുടെ പബ്ലിക് ഇഷ്യൂ ഓഗസ്റ്റ് 12-ന് വിപണിയിലെത്തും. ഓഗസ്റ്റ് 14-ന് ഇഷ്യു ക്ലോസ് ചെയ്യും. പ്രൈസ് ബാന്‍ഡ് 152-160 രൂപ. ലിസ്റ്റിംഗ് ഓഗസ്റ്റ് 20-ന്. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടെ 10.01 ദശലക്ഷം ഓഹരികളാണ് ഇഷ്യു ചെയ്യുക. ഇഷ്യു വഴി 160.01 കോടി രൂപ സ്വരൂപിക്കും.
എസ്എം ഇ വിഭാഗത്തില്‍ ബ്രേസ് പോര്‍ട്ട് ലോജിസ്റ്റിക്സ്, സോള്‍വ് പ്ലാസ്റ്റിക് പ്രോഡക്ട്സ്, ബ്രോച്ച് ലൈഫ്കെയര്‍ ഹോസ്പിറ്റല്‍, സണ്‍ലൈറ്റ് റീസൈക്കിളിംഗ് ഇന്‍ഡ്, പോസിട്രോണ്‍ എനര്‍ജി, എയ്സ്തെറ്റിക് എന്‍ജിനീയേഴ്സ് എന്നീവയാണ് ഈ വാരത്തില്‍ ഇഷ്യുവുമായി എത്തുന്നത്.
ലിസ്റ്റിംഗ്: പന്ത്രണ്ടര ഇരട്ടിയോളം അപേക്ഷകള്‍ ലഭിച്ച ബ്രെയിന്‍ബീസ് സൊലൂഷന്‍സ് ( ഫസ്റ്റ് ക്രൈ) ഓഹരികള്‍ ഓഗസ്റ്റ് 13-ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
യുണികൊമേഴ്സ് ഇ- സൊലൂഷന്‍സ് ഓഗസ്റ്റ് 13-നും എയ്സ്തെറ്റിക് എന്‍ജിനീയേഴ്സ് ഓഗസ്റ്റ് 16-നും ലിസ്റ്റ് ചെയ്യും.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.