image

4 Jun 2024 11:20 AM GMT

Stock Market Updates

നാല് വർഷത്തിന് ശേഷം കനത്ത ഇടിവിൽ വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 30 ലക്ഷം കോടി

MyFin Desk

നാല് വർഷത്തിന് ശേഷം കനത്ത ഇടിവിൽ വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 30 ലക്ഷം കോടി
X

Summary

  • സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ വ്യാപാരത്തിൽ 6 ശതമാനത്തോളം ഇടിഞ്ഞു
  • എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
  • ബ്രെൻ്റ് ക്രൂഡ് 1.88 ശതമാനം കുറഞ്ഞ് ബാരലിന് 76.89 ഡോളറിലെത്തി


വോട്ടെണ്ണൽ ദിനത്തിൽ കൂപ്പുകുത്തി ആഭ്യന്തര വിപണി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ വ്യാപാരത്തിൽ 6 ശതമാനത്തോളം ഇടിഞ്ഞു. നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, പവർ, യൂട്ടിലിറ്റികൾ, ഊർജം, എണ്ണ, വാതകം, കാപിറ്റൽ ഗുഡ്സ് എന്നിവയുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി.

സെൻസെക്‌സ് 4,389.73 പോയിൻ്റ് അഥവാ 5.74 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 72,079.05 ൽ ക്ലോസ് ചെയ്തു. വ്യാപാര സീഷനിൽ സൂചിക 6,234.35 പോയിൻ്റ് അഥവാ 8.15 ശതമാനം ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 70,234.43ൽ എത്തിയിരുന്നു.

നിഫ്റ്റി ഇൻട്രാഡേ വ്യപാരത്തിൽ 1,982.45 പോയിൻ്റ് അഥവാ 8.52 ശതമാനം ഇടിഞ്ഞ് 21,281.45 വരെ എത്തിയിട്ടുണ്ട്. വ്യാപാരാവസാനം സൂചിക 1,379.40 പോയിൻറ് അഥവാ 5.93 ശതമാനം താഴ്ന്ന് 21,884.50 ൽ ക്ലോസ് ചെയ്തു. മുൻപ് 2020 മാർച്ച് 23 ന് സെൻസെക്സും നിഫ്റ്റിയും 13 ശതമാനം ഇടിഞ്ഞിരുന്നു.

അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ്, ഒഎൻജിസി, എൻടിപിസി, എസ്‌ബിഐ എന്നിവ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയപ്പോൾ എച്ച്‌യുഎൽ, നെസ്‌ലെ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌സ് എന്നിവ നേട്ടമുണ്ടാക്കി.

സെക്ടറൽ സൂചികകൾ

എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റിയൽറ്റി, ടെലികോം, മെറ്റൽ,കാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, പിഎസ്‌യു ബാങ്ക് എന്നിവ 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റി ബാങ്ക് സൂചിക 46,077.85 എന്ന താഴ്ന്ന നിലയിലെത്തി. എട്ട് ശതമാനം താഴ്ന്ന സൂചിക 46,928.60 ൽ ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 8 ശതമാനവും സ്മോൾക്യാപ് സൂചിക 7 ശതമാനവും നഷ്ടം നൽകി.

ഇന്നത്തെ കുത്തനെയുള്ള വീഴ്ചയിൽ നിക്ഷേപകർക്ക് നഷ്ടമായത് 30 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 425.91 ലക്ഷം കോടിയിൽ നിന്ന് 395.99 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.

ഇൻട്രാഡേയിൽ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 50 ശതമാനം ഉയർന്ന് 31-ന് മുകളിൽ എത്തി. ഒമ്പത് വർഷത്തിനിടയിലെ സൂചികൈയുടെ ഏറ്റവും വലിയ കുതിപ്പായിരുന്നു ഇത്.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും താഴ്ന്നപ്പോൾ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെൻ്റ് ക്രൂഡ് 1.88 ശതമാനം കുറഞ്ഞ് ബാരലിന് 76.89 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 45 പൈസ ഇടിഞ്ഞ് 83.59ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് 0.70 ശതമാനം താഴ്ന്ന് 2352 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 6,850.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഭരണത്തുടർച്ച പ്രവചിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ തിങ്കളാഴ്ച വിപണികൾ കുത്തനെ കുതിച്ചിരുന്നു. സെൻസെക്സ് 2,507.47 പോയിൻ്റ് അല്ലെങ്കിൽ 3.39 ശതമാനം ഉയർന്ന് 76,468.78 ലും നിഫ്റ്റി 733.20 പോയിൻ്റ് അഥവാ 3.25 ശതമാനം ഉയർന്ന് 23,263.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.