image

3 Oct 2024 12:15 PM GMT

Stock Market Updates

വിപണിയിൽ യുദ്ധഭീതി; സൂചികകൾ ഇടിഞ്ഞത് 2%

MyFin Desk

വിപണിയിൽ യുദ്ധഭീതി; സൂചികകൾ ഇടിഞ്ഞത് 2%
X

Summary

  • സെൻസെക്സും നിഫ്റ്റിയും 2 ശതമാനം വീതം ഇടിഞ്ഞു
  • നിഫ്റ്റി റിയൽറ്റി 4.5 ശതമാനം ഇടിഞ്ഞു
  • മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞു


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് കുത്തനെയുള്ള ഇടിവോടെയാണ്. പശ്ചിമേഷ്യലെ യുദ്ധ ഭീതി വിപണിയെ ബാധിച്ചു. സെൻസെക്സും നിഫ്റ്റിയും 2 ശതമാനം വീതം ഇടിഞ്ഞു. ഹെവിവെയ്റ്റ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഇടിവും സൂചികകളെ നഷ്ടത്തിലേക്ക് നയിച്ചു. തുടർച്ചയായി നാലാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്.

സെൻസെക്‌സ് 1,769.19 പോയിൻ്റ് അഥവാ 2.10 ശതമാനം ഇടിഞ്ഞ് 82,497.10 ലും നിഫ്റ്റി 546.80 പോയിൻ്റ് അഥവാ 2.12 ശതമാനം ഇടിഞ്ഞ് 25,250.10 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിൻ്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, മാരുതി, ബജാജ് ഫിൻസെർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, അദാനി പോർട്ട്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ജെഎസ്ഡബ്ല്യു സ്റ്റീൽ മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി 4.5 ശതമാനവും ഓട്ടോ, ബാങ്ക്, മീഡിയ, ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ & ഗ്യാസ് സൂചിക 2-3 ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞു.

"ഇറാൻ ഇസ്രായേലിൽ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനെത്തുടർന്ന് ആഭ്യന്തര വിപണിയിൽ കുത്തനെ ഇടിവ് നേരിട്ടു, ഇത് തിരിച്ചടിക്കും യുദ്ധം വർദ്ധിക്കുമെന്ന ഭയത്തിനും കാരണമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിൻ്റെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഏഷ്യൻ വിപണികളിൽ ഹോങ്കോംഗ് താഴ്ന്നപ്പോൾ ടോക്കിയോ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ചൈനയിലെ പ്രധാന മാർക്കറ്റുകൾക്ക് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നേരിയ നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 5,579.35 കോടി രൂപയുടെ ഇഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 1.37 ശതമാനം ഉയർന്ന് ബാരലിന് 74.91 ഡോളറിലെത്തി.