14 Nov 2024 2:09 AM GMT
വിപണി വികാരം നെഗറ്റീവായി തുടരുന്നു, ഇന്ത്യൻ സൂചികകൾ ഇന്നും താഴ്ന്ന് തുറക്കാൻ സാധ്യത
James Paul
Summary
- ഗിഫ്റ്റ് നിഫ്റ്റി ഇടിവിൽ വ്യാപാരം തുടരുന്നു
- യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു.
- ഏഷ്യൻ വിപണികൾ ഏറെകുറെ പോസിറ്റീവാണ്.
ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കും യുഎസ് ഡോളർ സൂചികയിലെ കുതിച്ചുചാട്ടത്തിനും ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം ജാഗ്രതയോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റിയിൽ താഴ്ന്ന നിലയിൽ വ്യാപാരം പുരോഗമിക്കുന്നു. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകളുടെ ദുർബലമായ തുടക്കത്തെ സൂചിപ്പിക്കുന്നു.
യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു. ഏഷ്യൻ വിപണികൾ ഏറെകുറെ പോസിറ്റീവാണ്.
ഗിഫ്റ്റ് നിഫ്റ്റി 7 പോയിൻറ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 23,636.50 ൽ വ്യാപാരം നടത്തുന്നു. ഇത് ഇന്ത്യൻ വിപണിയുടെ നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ദുർബലമായ ആഗോള പ്രവണതകൾ, ഡോളർ സൂചികയിലെ ഉയർച്ച, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപകരിൽ നിന്നുള്ള വിൽപന എന്നിവ കാരണം ഇന്നലെ തുടർച്ചയായ അഞ്ചാം സെഷനിലും ഇന്ത്യൻ ഓഹരി വിപണി ഇടിഞ്ഞു. നിഫ്റ്റി 50 സൂചിക 1.36 ശതമാനം താഴ്ന്ന് 23,559.05 പോയിൻറിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 1.25 ശതമാനം ഇടിഞ്ഞ് 77,690.95 പോയിൻറിൽ ക്ലോസ് ചെയ്തു.
23,500-ന് താഴെയുള്ള നിർണായക പിന്തുണ ലംഘിച്ചാൽ, 23,300-23,200 ശ്രേണിയിലേക്ക് സൂചികയെ താഴാൻ സാധ്യതയുണ്ട്. മൊത്തത്തിലുള്ള വിപണി വികാരം നെഗറ്റീവ് ആയി തുടരുന്നുവെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഏഷ്യൻ വിപണികൾ
യുഎസ് ഒക്ടോബറിലെ പണപ്പെരുപ്പ കണക്കിന് ശേഷം വാൾസ്ട്രീറ്റിലെ സമാനമായ പ്രവണതയെ തുടർന്ന് വ്യാഴാഴ്ച ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു.
ജപ്പാൻ്റെ നിക്കി 0.74% ഉയർന്നപ്പോൾ ടോപിക്‌സ് 0.58% ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 23,630 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 28 പോയിൻ്റിൻ്റെ ഇടിവ്.
വാൾ സ്ട്രീറ്റ്
എസ്റ്റിമേറ്റുകൾക്ക് അനുസൃതമായ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് ശേഷം ബുധനാഴ്ച യുഎസ് ഓഹരി വിപണി സമ്മിശ്രമായി അവസാനിച്ചു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 47.21 പോയിൻ്റ് അഥവാ 0.11 ശതമാനം ഉയർന്ന് 43,958.19 ലും എസ് ആൻ്റ് പി 1.39 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 5,985.38 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 50.66 പോയിൻറ് അഥവാ 0.26 ശതമാനം താഴ്ന്ന് 19,230.74 ൽ അവസാനിച്ചു.
എൻവിഡിയ ഓഹരി വില 1.3 ശതമാനം ഇടിഞ്ഞപ്പോൾ ആമസോൺ ഓഹരികൾ 2.5 ശതമാനം ഉയർന്നു. സ്പിരിറ്റ് എയർലൈൻസ് ഓഹരി വില 59 ശതമാനം ഇടിഞ്ഞപ്പോൾ റിവിയൻ ഓഹരി വില 13.7 ശതമാനം ഉയർന്നു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,787, 23,872, 24,011
പിന്തുണ: 23,508, 23,422, 23,283
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,002, 51,344, 51,898
പിന്തുണ: 49,895, 49,553, 49,000
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.72 ലെവലിൽ നിന്ന് നവംബർ 13 ന് 0.70 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ചാഞ്ചാട്ട സൂചിക വീണ്ടും ഉയർന്നു. 12-13 ലെവലുകളിലേക്ക് ചാഞ്ചാട്ടം കുറയുന്നത് വരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. വിപണിയിലെ ഭയത്തിൻറെ അളവുകോലായ ഇന്ത്യ വിക്സ് 14.59 ൽ നിന്ന് 5.8 ശതമാനം ഉയർന്ന് 15.44 ആയി.
ഇന്ന് ഫലം പ്രപഖ്യാപിക്കുന്ന കമ്പനികൾ
ഹീറോ മോട്ടോ കോർപ്പ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഹൊനാസ കൺസ്യൂമർ മമെർത്ത്,ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, ഐപിസിഎ ലബോറട്ടറീസ്, ബജാജ് ഹെൽത്ത് കെയർ, ഭാരത് ഡൈനാമിക്സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഭാരത് ഫോർജ്, മുത്തൂറ്റ് ഫൈനാൻസ്, അഹ്ലുവാലിയ കോൺട്രാക്റ്റ്, ഡൽഹിവേരി, ഈസി ട്രിപ്പ് പ്ലാനേഴ്സ്, ജിവികെ പവർ ആൻറ് ഇൻഫ്രാസ്ട്രക്ചർ, ഐടിഐ, ജ്യോതി സിഎൻസി ഓട്ടോമേഷൻ, ലെമൺ ട്രീ ഹോട്ടൽസ്, മെഡി അസിസ്റ്റ് ഹെൽത്ത് കെയർ സർവീസസ്, നസറ ടെക്നോളജീസ്, ശോഭ എന്നിവ .
വിദേശ സ്ഥാപന നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ബുധനാഴ്ച അറ്റ വിൽപ്പനക്കാരായി. വിൽപ്പന 2,502 കോടി രൂപയായി. ആഭ്യന്തര നിക്ഷേപകർ 6145 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും ആഭ്യന്തര ഓഹരികളിലെ വൻതോതിലുള്ള വിൽപ്പനയും മൂലം ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.39 എന്ന നിലയിൽ എത്തി.
ബിറ്റ്കോയിൻ
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഡിജിറ്റൽ ടോക്കണുകളുടെ നിയന്ത്രണം ലഘൂകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുമ്പോൾ ബിറ്റ്കോയിൻ വില റെക്കോർഡ് ഉയരത്തിലെത്തി. ഇത് 93,൦൦൦ ഡോളർ കവിഞ്ഞു. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി മൂല്യത്തിൽ 30 ശതമാനത്തിലധികം ഉയർന്നു.
സ്വർണ്ണ വില
ശക്തമായ യുഎസ് ഡോളറിൻ്റെ സമ്മർദ്ദത്തെത്തുടർന്ന് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം സ്വർണ്ണ വില സ്ഥിരമായി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,573.73 ഡോളറായി., അതേസമയം യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് 2,578.00 ഡോളറിലെത്തി.
എണ്ണ വില
ദുർബ്ബലമായ ഡിമാൻഡ് വളർച്ചാ ആശങ്കകൾ കാരണം ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച നേരിയ തോതിൽ കുറഞ്ഞു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.08% ഇടിഞ്ഞ് 72.22 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് (WTI) ഫ്യൂച്ചറുകൾ 0.19% ഇടിഞ്ഞ് 68.30 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
വോഡഫോൺ ഐഡിയ
സെപ്തംബർ പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം 7176 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 8738 കോടി രൂപയായിരുന്നു.
വരുൺ ബിവറേജസ്
വരുൺ ബിവറേജസ് ബുധനാഴ്ച ക്യൂഐപി ആരംഭിച്ചു. ഇതിൻറെ തറവില ഒരു ഓഹരിയൊന്നിന് 594.56 രൂപയാണ്.
സിപ്ല
കമ്പനിയുടെ വിർഗോനഗർ ആസ്ഥാനമായുള്ള മാനുഫാക്‌ചറിംഗ് യൂണിറ്റിനായി യുഎസ് എഫ്ഡിഎ 8 നിരീക്ഷണങ്ങളോടുകൂടിയ ഫോം 483 പുറത്തിറക്കി. നവംബർ 7 മുതൽ 13 വരെ വിർഗോനഗറിലെ ഉൽപ്പാദന കേന്ദ്രത്തിൽ ഹെൽത്ത് റെഗുലേറ്റർ പരിശോധന നടത്തി.
അപ്പോളോ ടയോഴ്സ്
സെപ്റ്റംബർ പാദത്തിൽ അപ്പോളോ ടയേഴ്സ് 297 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6437 കോടി രൂപയാണ്.
ടാറ്റ പവർ
ടാറ്റ പവർ മധ്യപ്രദേശിലെ ഓംകാരേശ്വറിൽ 126 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി കമ്മീഷൻ ചെയ്തു.
സൺ ടി.വി
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സൺ ടിവി 409 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 934 കോടി രൂപയാണ്.